തിരുവനന്തപുരം :ഉമ്മന്‍ ചാണ്ടി കെപിസിസി ആധ്യക്ഷനാകണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഗ്രഹമെന്ന് കെ.മുരളീധരന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഉമ്മന്‍ ചാണ്ടിയാണെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് തിരുവനന്തപൂരത്ത് നടക്കും .സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു ചേരുന്ന കോണ്‍ഗ്രസ് നേതൃയോഗം കേരളത്തിലെ ഇതിന്റെ നടത്തിപ്പിനെക്കുറിച്ചു പ്രാരംഭ ചര്‍ച്ചകള്‍ നടത്തും. എം.എം.ഹസനെ ഇടക്കാല അധ്യക്ഷനായി നിയോഗിച്ചശേഷമുള്ള ആദ്യ കെപിസിസി നേതൃയോഗമാണ് ഇന്നത്തേത്. ഭാരവാഹികളെയും പോഷകസംഘടനാ നേതാക്കളെയും കൂടാതെ രാഷ്ട്രീയകാര്യസമിതി അംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരുടെ യോഗവും നടക്കും.
കടുത്ത മത്സരം ഒഴിവാക്കി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തിരഞ്ഞെടുപ്പ് എന്ന സമീപനമാണു ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. പോരിന്റെ ആഘാതം താങ്ങാനുള്ള സംഘടനാബലം രാജ്യത്തൊരിടത്തും കോണ്‍ഗ്രസിന് ഇപ്പോഴില്ല. കേരളത്തില്‍ എ–ഐ വിഭാഗങ്ങള്‍ പൊതുവെ ഐക്യത്തോടെയാണു മുന്നോട്ടു പോയിരുന്നതെങ്കിലും കെഎസ്‍യു തിരഞ്ഞെടുപ്പ് അതില്‍ വിടവുണ്ടാക്കിയിട്ടുണ്ട്. ഹസന്‍ തുടരണമോ എന്നതു സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നു. ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും ഇതിനായി ഡല്‍ഹിക്കു തിരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചര്‍ച്ച പൂര്‍ത്തിയാക്കി മടങ്ങി. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് ഇക്കാര്യം വിടുകയായിരുന്നു ചെന്നിത്തല. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷന്‍ വൈകാതെ ഉണ്ടാകുമെന്നിരിക്കെ ഹസന് അതുവരെ കാലാവധി നീട്ടിക്കൊടുക്കണം എന്ന നിര്‍ദേശം സജീവമാണ്.
അതേസമയം പുതിയ അധ്യക്ഷന്റെ നേതൃത്വത്തില്‍തന്നെ തിരഞ്ഞെടുപ്പു നടത്തണമെന്നു വാദിക്കുന്നവരുമുണ്ട്. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. യുഡിഎഫ് നേതൃയോഗം 21നു വിളിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ കൂടിയാണിത്.