ബെംഗളൂരു:കർണാടകയിൽ പുതിയ പിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങൾ അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡികെ ശിവകുമാറും എംബി പാട്ടീലും തമ്മിലാകും അധ്യക്ഷ പദത്തിനായി മുഖ്യ പോരാട്ടം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ എന്നാണ് ഡികെ ശിവകുമാറിനെ വിശേഷിപ്പിക്കുന്നത്. ഡികെയെ പിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമാണ്. ഡികെ ശിവകുമാറിനെ അധ്യക്ഷനാക്കാൻ ധാരണയായെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മുതിർന്ന ചില നേതാക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് അന്തിമ തീരുമാനം നീണ്ടത്.പാർട്ടിയുടെ ഈ വിലയിരുത്തലാണ് ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട കെബി പാട്ടീലിന്റെ സാധ്യത വർദ്ധിപ്പിക്കുന്നത്. അതേ സമയം പാർട്ടിയിലെ രണ്ട് ചേരികളേയും ഒരുമിച്ച് നിർത്താൻ കഴിവുള്ള നേതാവ് വേണം അധ്യക്ഷ പദവിയിൽ എത്തേണ്ടതെന്ന ആവശ്യവും ശക്തമാണ്.
കർണാടകയിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പ്രഹരമാണ് നേരിടേണ്ടി വന്നത്. സംസ്ഥാന ഭരണം നഷ്ടമായതും ജെഡിഎസുമായുള്ള സഖ്യം വഴിപിരിഞ്ഞതും കോൺഗ്രസിന് തിരിച്ചടിയായി. തുടർച്ചയായ തിരിച്ചടികൾക്ക് പിന്നാലെ സംസ്ഥാനത്ത് നേതൃ മാറ്റം വേണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതും തുടർന്നുണ്ടായ പ്രതിസന്ധികളും കർണാടക പിസിസിയിലെ പുന: സംഘടന നീട്ടിക്കൊണ്ടുപോയി.
ഉപതിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ടതോടെ കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു രാജിവെച്ചിരുന്നു. ഇതോടെ എത്രയും വേഗം കർണാടക കോൺഗ്രസിന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഡികെ ശിവകുമാറിനാണ് സാധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ ശിവകുമാറിന് വെല്ലുവിളി ഉയർത്തി മറ്റൊരു നേതാവ് കൂടി രംഗത്ത് എത്തിയിരിക്കുകയാണ്.
ഡികെ ശിവകുമാറിനോട് ആർക്കും എതിർപ്പില്ല, എന്നാൽ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള ഒരാൾ നേതൃനിരയിൽ എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ലിംഗായത്ത് വിഭാഗത്തിലെ പ്രബല നേതാവും മുഖ്യമന്ത്രിയുമായ യെഡിയൂരപ്പ അദ്ദേഹത്തിന്റെ ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിൽ ശക്തനായ ഒരു ലിംഗായത്ത് നേതാവ് കോൺഗ്രസ് തലപ്പത്ത് എത്താനായാൽ ഈ സ്ഥാനം പിടിക്കാൻ കോൺഗ്രസിനാകും. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു മുതിർന്ന നേതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 16ന് ശേഷം പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെയും പുതിയ നിയമസഭാ കക്ഷി നേതാവിനെയും പ്രഖ്യാപിച്ചേക്കും. ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിദ്ധരാമയ്യ നിയമസഭാ കക്ഷി നേതൃസ്ഥാനം രാജിവെച്ചിരുന്നു. മുൻ ഉപമുഖ്യമന്ത്രിയും ദളിത് നേതാവുമായി ജി പരമേശ്വരയെ നിയമസഭാ കക്ഷി നേതാവാക്കിയേക്കുമെന്നാണ് സൂചന. അതേ സമയം ഡികെ ശിവകുമാർ അധ്യക്ഷനായാൽ നിരവധി ജെഡിഎസ് നേതാക്കളും പ്രവർത്തകരും കോൺഗ്രസിലേക്കെത്താൻ തയ്യാറെടുക്കുന്നതായി സൂചനകളുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജി പരമേശ്വരയുമായി ഇവർ ചർച്ച നടത്തിയതായും സൂചനകളുണ്ട്. കുമാരസ്വാമിയോട് അതൃപ്തിയുള്ള ഓൾഡാ മൈസൂർ മേഖലയിൽ നിന്നുള്ളവരാണ് കൂറുമാറ്റത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.