കര്‍ണ്ണാടകയില്‍ ഓപ്പറേഷൻ താമര വിജയത്തിലേയ്ക്ക്..!! 11 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവച്ചു

ബെംഗളൂരു: കര്‍ണ്ണാടക പിടിക്കാനുള്ള ഓപ്പറേഷന്‍ താമര അന്തിമഘട്ടത്തിലേക്ക്. ഭരണകക്ഷിയിലെ 11 എം.എല്‍.എമാര്‍ രാജിസമര്‍പ്പിച്ചു. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്. എം.എല്‍.എമാരുമാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജിസമര്‍പ്പിച്ചത്. എം.എല്‍.എമാരുടെ രാജി ഓഫീസില്‍ ലഭിച്ചതായി സ്പീക്കര്‍ രമേശ് കുമാറും സ്ഥിരീകരിച്ചു. എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ നിയമസഭയില്‍ സഖ്യ സര്‍ക്കാരിന്റെ അംഗബലം 116ല്‍ നിന്നും 105ലേക്ക് താഴും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി, ജെഡിഎസ് മുന്‍ അധ്യക്ഷന്‍ എച്ച് വിശ്വനാഥ് എന്നിവര്‍ അടക്കമുള്ള സംഘമാണ് സ്പീക്കറെ കാണാന്‍ എത്തിയത്. കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ച വിമത എംഎല്‍എ രമേശ് ജാര്‍ക്കിഹോളിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാല്‍ രാജിവെയ്ക്കുകയാണെന്നും രാമലിംഗ റെഡ്ഡി അറിയിച്ചു. മകളും കോണ്‍ഗ്രസ് എംഎല്‍എയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു. മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡി സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുകയും ഒരാഴ്ച മുമ്പ് കോണ്‍ഗ്രസില്‍ നിന്ന രാജിവയ്ക്കുകയും ചെയ്ത രമേശ് ജാര്‍ക്കിഹോളിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആനന്ദ് സിങ് എന്ന എംഎല്‍എയും നേരത്തെ രാജിവച്ചിരുന്നു. എട്ട് എംഎല്‍എമാര്‍ സ്പീക്കറെ കാണാനെത്തിയത് രാജിനീക്കത്തിന്റെ ഭാഗമാണെന്ന സൂചന വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു.

സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. 15 എംഎല്‍എമാര്‍ രാജിവച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.

കോണ്‍ഗ്രസിലെ സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരാണ് ഇപ്പോള്‍ രാജിസമര്‍പ്പിച്ചിരിക്കുന്നത്. രാജിവച്ച് സര്‍ക്കാരിനെ വീഴ്ത്തുന്നതിന് പകരം മന്ത്രിസ്ഥാനം നേടിയെടുക്കാനുള്ള സമ്മര്‍ദതന്ത്രമാണെന്നും സൂചനകളുണ്ട്.

Top