
ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാമാതൃക രാജ്യമെങ്ങും പിന്തുടരാവുന്നതാണെന്നു പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ എഐസിസിയുടെ ‘യുദ്ധമുറി’യില്‍ ചേര്‍ന്ന യോഗത്തിലാണു രാഹുല്‍ തന്റെ കേരളപക്ഷം വെളിപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അന്‍പതോളം ക്ഷണിതാക്കള്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നു കെ. മുരളീധരന്‍ എംഎല്‍എ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരും. രാഹുല്‍ ഗാന്ധിക്കൊപ്പം മുതിര്‍ന്ന നേതാവ് പി. ചിദംബരവും ആശയവിനിമയത്തിനു നേതൃത്വം നല്‍കി.
‘ജയിച്ചാലും തോറ്റാലും കേരളത്തില്‍ സംഘടന നിലനില്‍ക്കും. കാരണം, അവിടെ നേതാക്കളും പ്രവര്‍ത്തകരും ആശയപരമായി പാര്‍ട്ടിയോടു ചേര്‍ന്നു നില്‍ക്കുന്നവരാണ്. സീറ്റു കിട്ടാന്‍ വരികയും പിന്നീടു പാര്‍ട്ടി വിടുകയും ചെയ്യുന്ന പതിവ് അവിടെയില്ല.’– രാഹുല്‍ പറഞ്ഞു. ബൂത്ത്, ബ്ലോക്ക്, മണ്ഡലം തലങ്ങളിലും കേരളത്തില്‍ പാര്‍ട്ടിക്കു ശക്തമായ സംഘടനാരൂപമുണ്ട്. ബിജെപിയെ രാഷ്ട്രീയമായി ചെറുക്കാന്‍ കോണ്‍ഗ്രസിനു വേണ്ടതും അതാണ്. അധികാരത്തിന്റെ തണലില്‍ മാത്രമല്ലാതെ നിലനില്‍ക്കാന്‍ കെല്‍പുള്ള സംഘടനാശക്തി വളര്‍ത്തണമെന്ന പൊതു വിലയിരുത്തലോടെയാണു യോഗം അവസാനിച്ചത്. സമാന ആശയവിനിമയ യോഗങ്ങള്‍ തുടരുമെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.