ദില്ലി: ഞങ്ങൾക്ക് മുന്നിൽ ഒരു മുഖം, മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം.കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ച തരൂരിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദനൻ മിസ്ത്രി. തരൂരിന് ഇരട്ട മുഖമാണെന്ന് മിസ്ത്രി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് നടപടികളിൽ സമിതിക്ക് മുന്നിൽ തൃപ്തി പ്രകടിപ്പിച്ചതിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ നേതൃത്വത്തിനെതിരെ ചെളിവാരിയെറിയുകയാണ് തരൂർ ചെയ്തതെന്ന് മിസ്ത്രി കുറ്റപ്പെടുത്തി.
പറയുന്നതിൽ ക്ഷമിക്കണം. നിങ്ങൾക്ക് ഇരട്ട മുഖമാണ്. എന്റെ മുന്നിൽ എല്ലാ കാര്യങ്ങളിലും നിങ്ങൾ സംതൃപ്തി പ്രകടിപ്പിക്കും. പക്ഷേ മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം പ്രകടിപ്പിക്കും.മാധ്യമങ്ങൾക്ക് മുന്നിലാണ് നിങ്ങൾ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്’, മിസ്ത്രി പറഞ്ഞു. നിങ്ങളുടെ പരാതികൾ ഞങ്ങൾ പരിഗണിച്ചിട്ടും അക്കാര്യം വകവെക്കാതെ തിരഞ്ഞെടുപ്പ് സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നിങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ രംഗത്തെത്തി’, മിസ്ത്രി കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പിസിസികള്‍ പോളിംഗ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് തരൂർ പരാതി ഉന്നയിച്ചിരുന്നു. പരാതികള്‍ സംബന്ധിച്ച് തരൂരിന്റെ തെരഞ്ഞെടുപ്പ് ഏജന്റായ സല്‍മാന്‍ അനീസ് മധുസൂദനന്‍ മിസ്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിലാണ് മിസ്ത്രിയുടെ പ്രതികരണം. പരാതി ഉന്നയിച്ച് കൊണ്ടുള്ള കത്ത് പരസ്യപ്പെടുത്തിയ നടപടി തെറ്റാണെന്നും മിസ്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 7897 വോട്ടുകള്‍ നേടി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ശശി തരൂരിന് ലഭിച്ചത് 1072 വോട്ടുകളായിരുന്നു. കോൺഗ്രസ് ഔദ്യോഗിക നേതൃത്വം ഒന്നടങ്കം ഖാർഗെയ്ക്ക് പിന്നിൽ അണി നിരന്നപ്പോൾ നേതൃത്വത്തോട് പടവെട്ടിയായിരുന്നു തരൂർ പോരാടിയത്. അതുകൊണ്ട് തന്നെ 1072 വോട്ട് എന്നത് തരൂരിനെ സംബന്ധിച്ച് വലിയ വിജയമാണെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പക്ഷത്തുള്ള നേതാക്കളുടെ പ്രതികരണം.