തരൂരിനൊപ്പം പുരുഷാരമുണ്ട് !കെ സുധാകരൻ യുവാക്കളുടെ കൂടെ നിൽക്കണം.അഭ്യർഥനയുമായി കഥാകൃത്ത് ടി.പത്മനാഭൻ

കണ്ണൂർ : കേരളത്തിലെ കോൺഗ്രസിനുള്ളിൽ തരൂർ വിഷയം കത്തി പടരുകയാണ് .ശശി തരൂരിന്റെ പരിപാടികളുടെ പേരില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പരസ്യ വിമര്‍ശനങ്ങള്‍ വിഭാഗീയത ഉണ്ടാക്കുന്നതെന്ന് താക്കീതുമായി മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. വിഷയം അടങ്ങി എന്ന് കരുതിയപ്പോഴാണ് കോട്ടയത്ത് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. കാഴ്ചക്കാരായി ഇരിക്കുന്നതില്‍ വിഷമം ഉണ്ടെന്നും ലീഗ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ചെറുപ്പക്കാരുടെ കൂടെ നിൽക്കണമെന്ന അഭ്യർഥനയുമായി കഥാകൃത്ത് ടി.പത്മനാഭൻ. കെപിസിസി ഗാന്ധിദർശൻ സമിതിയുടെ പുരസ്കാരം സ്വീകരിച്ച ശേഷം, സുധാകരനെ വേദിയിലിരുത്തിയായിരുന്നു പത്മനാഭന്റെ അഭ്യർഥന. വലിയ മനുഷ്യനാണു ശശി തരൂർ. ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളത് പുരുഷാരമാണ്, വ്യാമോഹമുള്ളവരല്ലെന്നും പത്മനാഭൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തരൂർ പങ്കെടുക്കുന്ന പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പലരും വിട്ടുനിൽക്കുന്ന സാഹചര്യമാണ്. തന്റെ പരിപാടികളിൽനിന്നു നേതാക്കൾ വിട്ടുനിൽക്കുന്നതു ഗൗരവത്തിൽ എടുക്കുന്നില്ലെന്ന നിലപാടാണ് തരൂർ എടുത്തത്. ഒരു പരിപാടിക്ക് വരാൻ കഴിയാത്തവർ അടുത്തതിനു വരുമായിരിക്കും. അല്ലെങ്കിൽ യുട്യൂബിൽ പ്രസംഗം കാണാൻ അവസരം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

തരൂരിന്റെ തെക്കൻ പര്യടനത്തിലെ ഏക പാർട്ടി പരിപാടിയുടെ കാര്യത്തിലാണ് കോട്ടയത്തെ പാർട്ടി ഇടഞ്ഞത്. ഡിസിസിയെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നു കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആവർത്തിക്കുമ്പോൾ തരൂർ അത് നിഷേധിക്കുകയാണ്. ഉന്നത നേതാക്കൾ വിവാദങ്ങളിൽ പ്രതികരിക്കാതെ ജാഗ്രത പാലിക്കുകയാണ്.

തരൂരുമായി ബന്ധപ്പെട്ടു കേരളത്തിൽ‌ ഉയർന്ന വിവാദത്തിൽ എഐസിസി നിലവിൽ ഇടപെടേണ്ടതില്ലെന്നും അഭിപ്രായഭിന്നത ഉണ്ടെങ്കിൽ കെപിസിസി നേതൃത്വം അതു പരിഹരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

ശശി തരൂരുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസിനുള്ളിലുള്ള വിഭാഗീയത യുഡിഎഫിനെ ആകെ ക്ഷീണിപ്പിക്കുമെന്നാണ് ലീഗ് വിലയിരുത്തുന്നത്. യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്കുള്ള പൊതുവികാരം ഒന്നും മാനിക്കാതെ നേതാക്കള്‍ രണ്ട് തട്ടില്‍ നിന്ന് തമ്മിലടിക്കുന്നത് യുഡിഎഫിന് ഗുണപരമല്ലെന്നും ലീഗ് കരുതുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന സന്ദേശം നല്‍കാനെന്നവണ്ണം തരൂര്‍ മലബാര്‍ പര്യടനം നടത്തിയിരുന്നു. ഇത് കോണ്‍ഗ്രസില്‍ തര്‍ക്കം സൃഷ്ടിച്ചിരുന്നു. ഇക്കാര്യത്തില്‍ തരൂരിനോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് ലീഗ് കൈകൊണ്ടത്. ഇതിന് ശേഷം കോണ്‍ഗ്രസിനുള്ളിലൊരു വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടന്നിരുന്നു. തെക്കന്‍ ജില്ലകളില്‍ ശശി തരൂരിന്റെ പര്യടനം ആരംഭിച്ചതോടെ വീണ്ടും കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂപംകൊണ്ടിരിക്കുകയാണ്. കോട്ടയത്ത് തരൂര്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് ഡിസിസി പ്രസിഡന്റ് വിട്ടുനിന്നിരുന്നു. പത്തനംതിട്ടയില്‍ നടന്ന പരിപാടിയിലും ഡിസിസി പ്രസിഡന്റ് പങ്കെടുത്തില്ല.

Top