ശശി തരൂർ തോൽക്കും ,മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി.ചരടുവലികളുമായി ആർഎസ്എസ്

തിരുവനന്തപുരം:കേസുകളും ആരോപണങ്ങളിലും ജനകീയത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശശി തരൂരിനെ തറപറ്റിക്കാൻ ജനകീയ മുഖത്തോടെ ബിജെപിയുടെ സ്ഥാനാർത്ഥി വരുന്നു .തിരുവനന്തപുരം പിടിക്കാൻ മോഹൻലാലിനെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ആർഎസ്എസ് ഒരുങ്ങുന്നതായി സൂചന . അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നാവും മോഹൻലാൽ മത്സരിക്കുക. ശശി തരൂരിനെതിരെയാവും മോഹൻലാലിൻ്റെ മത്സരം. ഡെക്കാൺ ഹെറാൾഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നടന്‍ മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം കേരളം ഏറെ നാളുകളായി ചര്‍ച്ച ചെയ്യുന്നതാണ്. സംഘപരിവാര്‍ അനുകൂലിയായി വിലയിരുത്തപ്പെടുന്ന മോഹന്‍ലാല്‍ ആര്‍ക്കൊപ്പമായിരിക്കും രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെയ്ക്കുക എന്ന കാര്യത്തിലും ചര്‍ച്ചകളുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ രംഗത്ത് ഇറക്കാനുള്ള പദ്ധതി ബിജെപിക്കുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അവിടെയും കേരളത്തില്‍ മോഹന്‍ലാലിന്റെ പേര് ഉയര്‍ന്ന് കേട്ടു. ഊഹാപോഹങ്ങള്‍ സത്യമാകുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് ഹെറാൾഡ് പുറത്ത് വിട്ട വാർത്തയുടെ വിശദാംശങ്ങളും ഇതുതന്നെയാണ് .mohanlala

മോഹൻലാലിന് സാമൂഹ്യപ്രവർത്തകൻ എന്ന പ്രൊഫൈൽ പതിച്ചു നൽകാനുള്ള ശ്രമങ്ങൾ ആർഎസ്എസ് തുടങ്ങിക്കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു.മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ളവരിൽ ഒരാളായ മോഹൻലാൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൻ്റെ എൻജിഓ ആയ വിശ്വശാന്തി ഫൗണ്ടേഷൻ്റെ പ്രവർത്തന രീതികൾ വിശദീകരിക്കാനായിരുന്നു 58കാരനായ മോഹൻലാലിൻ്റെ കൂടിക്കാഴ്ച. ആർഎസ്എസുമായി ചേർന്നാണ് വിശ്വശാന്തി ഫൗണ്ടേഷൻ്റെ പ്രവർത്തനം.ഈ കൂടിക്കാഴ്ച മോഹൻലാലിൻ്റെ രാഷ്ട്രീയ, സാമൂഹ്യ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി നടത്തിയതാണെന്നാണ് ഡെക്കാൺ ഹെറാൾഡിൻ്റെ കണ്ടെത്തൽ. കേരളത്തിലെ ബിജെപി നേതാക്കൾക്ക് ആർഎസ്എസിൻ്റെ ഈ നീക്കത്തിൽ പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസും ചെറു പ്രതിപക്ഷ കക്ഷികളും ബിജെപിക്ക് വന്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനകീയ മുഖങ്ങളെ ഗോദയിലേക്ക് ഇറക്കിയുള്ള പരീക്ഷണത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. വെല്ലുവിളിയുള്ള സീറ്റുകളില്‍ സെലിബ്രിറ്റികളെ അടക്കമിറക്കിയുള്ള ഒരു ഭാഗ്യപരീക്ഷണം. കേരളത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയനായ മോഹന്‍ലാലിനെ അതുകൊണ്ട് തന്നെയാണ് ബിജെപി ഉന്നമിടുന്നതും. പല വിഷയങ്ങളിലും സംഘപരിവാര്‍ ചായ്വ് പ്രകടിപ്പിച്ചിട്ടുള്ള മോഹന്‍ലാല്‍ നേരത്തെ തന്നെ ബിജെപി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാലത് സംഭവിച്ചില്ല. എന്നാല്‍ ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍എസ്എസ് മോഹന്‍ലാലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് ദേശീയ മാധ്യമമായ ഡെക്കാണ്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.mohanlal1

തിരുവനന്തപുരം മണ്ഡലത്തിലേക്ക് ഒരു കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ ആര്‍എസ്എസ് താല്‍പര്യപ്പെടുന്നില്ല. മറിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ എന്നൊരു ഇമേജ് മോഹന്‍ലാലിന് സൃഷ്ടിച്ച ശേഷം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാനാണ് ആര്‍എസ്എസ് നേതൃത്വം താല്‍പര്യപ്പെടുന്നത് എന്നും ഡെക്കാണ്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഹന്‍ലാലിനെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതൃത്വം യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയതായും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ബിജെപി കേരളഘടകത്തെ നേതൃത്വം പൂര്‍ണമായും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ വിഷയത്തിലെ യോഗത്തെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിവില്ലെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.tharoor2

മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെ ഉദ്ധരിച്ച് കൊണ്ടാണ് ഡെക്കാണ്‍ ഹെരാള്‍ഡിന്റെ വാര്‍ത്ത. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്. പതിനഞ്ച് മിനുറ്റാണ് ലാല്‍ മോദിയുമായി സംസാരിച്ചത്. വിശ്വശാന്തി ഫൌണ്ടേഷൻ മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശാന്തകുമാരി എന്നിവരുടെ പേരില്‍ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിക്ക് ക്ഷണിക്കുന്നതിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. വിശ്വശാന്തി ഫൗണ്ടേഷന്‍ തുടങ്ങാനിരിക്കുന്ന കാന്‍സര്‍ സെന്ററിനെ കുറിച്ചും സംഘടന നടത്തുന്ന മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചും ലാല്‍ മോദിക്ക് വിശദീകരിച്ച് നല്‍കിയെന്ന് അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്‌ററില്‍ പറയുന്നു.

പ്രൊഫൈൽ മെച്ചപ്പെടുത്താൻ വയനാട്ടില്‍ തുടങ്ങാനിരിക്കുന്ന കാന്‍സര്‍ സെന്റര്‍ മോദി ഉദ്ഘാടനം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. വിശ്വശാന്തി ഫൗണ്ടേഷനെ ഉയര്‍ത്തിക്കാട്ടിയുള്ള കൂടിക്കാഴ്ചയും പ്രവര്‍ത്തനങ്ങളും മോഹന്‍ലാലിന്റെ സോഷ്യോ-പോളിറ്റിക്കല്‍ പ്രൊഫൈല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കാന്‍സര്‍ സെന്റര്‍ കൂടാതെ മറ്റ് ചില പദ്ധതികള്‍ കൂടി വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചേക്കും.

നടനെന്ന നിലയില്‍ മോഹന്‍ലാലിന് കേരളത്തില്‍ പകരക്കാരനില്ലെന്ന് സംഘപരിവാറിന് ബോധ്യമുണ്ട്. എന്നാല്‍ ആ താരപദവി കൊണ്ട് മാത്രം കേരളത്തില്‍ രാഷ്ട്രീയ വിജയം നേടാന്‍ മോഹന്‍ലാലിന് സാധിക്കില്ലെന്ന് സംഘപരിവാറിന് ബോധ്യമുണ്ട്. സിനിമാക്കാരെ കണ്ടാല്‍ വോട്ട് ചെയ്യുന്ന ഉത്തരേന്ത്യയുടെ മനസ്സല്ല കേരളത്തിനെന്നും സംഘപരിവാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിക്ക് സംഭവിച്ചത് അതുകൊണ്ട് കൂടിയാണ് മോഹന്‍ലാലിന് ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ കൂടി മുഖം നല്‍കാനുള്ള ശ്രമം എന്നും ഡെക്കാണ്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.mohanlal2

സിനിമാ താരമെന്ന നിലയ്ക്ക് എംപിയാക്കപ്പെട്ട നടന്‍ സുരേഷ് ഗോപിക്ക് അതിന് ശേഷം കേരളത്തില്‍ വലിയ ഇമേജ് നഷ്ടം സംഭവിക്കുകയാണ് ചെയ്തത്. അത് മോഹന്‍ലാലിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് സംഘപരിവാര്‍ കരുതുന്നു. പുതിയ പ്രവർത്തനങ്ങൾ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ തലപ്പത്തുള്ളത് സംഘപരിവാര്‍ മുതിര്‍ന്ന നേതാവാണ്. മോദിയേയും മറ്റ് മുതിര്‍ന്ന നേതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് ദില്ലിയില്‍ സംഘടനയുടെ നേതൃത്വത്തില്‍ മലയാളി റൗണ്ട് ടേബിള്‍ സംഘടിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ സേവാഭാരതിക്ക് ഒപ്പമാണ് വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങളെന്നതും ശ്രദ്ധേയമാണ്.

വരുന്ന നാളുകളില്‍ സംഘപരിവാര്‍ പരിപാടികളില്‍ അടക്കം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടായേക്കും. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായിരുന്നു ആര്‍എസ്എസിന്റെ ആദ്യത്തെ ആലോചന. എന്നാല്‍ കുമ്മനം മിസോറാം ഗവര്‍ണറായി ചുമതലയേറ്റതൊടെയാണ് മറ്റൊരു സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചിക്കേണ്ടതായി വന്നത്.

കുമ്മനം രാജശേഖരന്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരവ് ഉണ്ടാകില്ലെന്ന് ആര്‍എസ്എസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെരാള്‍ഡ് പറയുന്നു. ഇനി തിരുവനന്തപുരത്തേക്ക് കുമ്മനത്തെ തന്നെ തെരഞ്ഞെടുക്കാമെന്ന് വെച്ചാലും ആവശ്യത്തിന് സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് കൂടിയാണ് സംഘപരിവാര്‍ മോഹന്‍ലാലിനെ കളത്തിലിറക്കാന്‍ ആലോചിക്കുന്നതെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.തിരുവനന്തപുരത്ത് സിറ്റിംഗ് എംപിയായ ശശി തരൂര്‍ തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ശശി തരൂര്‍ -മോഹന്‍ലാല്‍ ഏറ്റുമുട്ടലിനാവും 2019ല്‍ തിരുവനന്തപുരം വേദിയാവുക. ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയ രംഗത്ത് നിന്ന് പിന്‍മാറി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കുമെന്നും സൂചനകളുണ്ട്.ശക്തമായ പോരാട്ടം നടത്തിയാൽ ഇപ്പോഴത്തെ അവസ്ഥയിൽ തിരുവനന്തപുരത്ത് ശശി തരൂറിനെ തോൽപ്പിക്കാനാവും .കോൺഗ്രസിന്റെ അടിത്തറ തന്നെ നഷ്ടപ്പെട്ടിരിയ്ക്കുന്നു എന്നും തരൂർ വരെ തോൽക്കും എന്നും കോൺഗ്രസ് വിലയിരുത്തൽ അടുത്തയിടെ പുറത്ത് വന്നിരുന്നു .

Top