ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് സര്‍വ്വ നാശമാണെന്ന് സ്വരാജ് ഇന്ത്യാ തലവന്‍ യോഗേന്ദ്ര യാദവ്. മുന്‍ ആം ആദ്മി നേതാവും രാഷ്ട്രീയ നിരീക്ഷകനുമാണ് യോഗേന്ദ്ര യാദവ്. കോണ്‍ഗ്രസ് ഇല്ലാതാകേണ്ടത് അത്യാവശ്യമാണ്. ഇന്ത്യ എന്ന ആശയത്തെ നിലനിറുത്താനായി ബി.ജെ.പിയെ തോല്‍പ്പിച്ച് അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനവുമുണ്ടാകില്ല. ബി.ജെ.പിക്കെതിരെ ഒരു ബദല്‍ കൊണ്ടുവരുന്നതിനുള്ള നീക്കത്തില്‍ ഏറ്റവും വലിയ തടസം കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം എക്‌സിറ്റ് പോളുകള്‍ക്ക് മുമ്പ് തന്നെ ബി.ജെ.പിയുടെ വിജയം പ്രവചിച്ചയാളാണ് യേഗേന്ദ്ര യാദവ്.
ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ ചേര്‍ത്ത് കൊണ്ടുള്ള പ്രതിപക്ഷ സഖ്യത്തിനെ ആദ്യം മുതല്‍ തന്നെ എതിര്‍ത്തയാളാണ് യോഗേന്ദ്ര. രാജ്യത്ത് കോണ്‍ഗ്രസ് അല്ലാത്ത ശക്തമായ പ്രതിപക്ഷ പാര്‍ട്ടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതിന് തടസം നില്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, എക്സിറ്റ് പോളുകളില്‍ വിശ്വസിക്കുന്നില്ലെന്നും യേഗേന്ദ്ര യാദവിനെപ്പോലുള്ളവരുടെ വാദങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുന്നതായും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
അതിനിടെ ബി.ജെ.പിക്ക് മതിയായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യങ്ങള്‍ പരിശോധിക്കാനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എന്നാല്‍ എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിന്റെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായി നടത്താനിരുന്ന കൂടിക്കാഴ്ച ബി.എസ്.പി നേതാവ് മായാവതി റദ്ദാക്കി. ഇനി ഫലം വന്നതിന് ശേഷം ചര്‍ച്ചകള്‍ മതിയെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോളുകളോട് പ്രതികരിക്കാന്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളാരും തന്നെ ഔദ്യോഗികമായി തയ്യാറായിട്ടില്ല.