ഉമ്മാക്കി കാട്ടി വിരട്ടുരുത്: കനൽ വഴികൾ താണ്ടിയ മുല്ലപ്പള്ളി,തീയിൽ കുരുത്തതാണ്

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാൻ പിണറായി സർക്കാർ അനുമതി നൽകിയത് ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ. പെരുമാറുന്നു എന്ന ആക്ഷേപത്തിന്റെ പേരിലാണ്.

നമ്മുടെ നാട്ടിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണകക്ഷി നേതാക്കൾക്കും മന്ത്രിമാർക്കും മാത്രമായി സംവരണം ചെയ്യപ്പെട്ടിട്ടില്ല.
സ്വതന്ത്രമായി അഭിപ്രായം പറയുന്നവർക്കും,എതിർക്കുന്നവർക്കുമെതിരെ ക്രിമിനൽ കേസ് ചമക്കുന്നത് അസഹിഷ്ണുതമൂലമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമൂഹമോ, വ്യക്തിയോ അഭിമുഖീകരിക്കുന്ന പൊതു പ്രശ്നങ്ങളിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം പൊതുപ്രവർത്തകർക്കുണ്ട്.അത് നിഷേധിക്കുന്നത് ധിക്കാരം നിറഞ്ഞതും,സ്വേച്ഛാധിപത്യപരവും പൗരാവകാശങ്ങളോടുള്ള കടുത്ത വെല്ലുവിളിയുമാണ്.ജനാധിപത്യ,സാംസ്കാരിക കേരളത്തിന്റെയും പരിഷ്കൃത സിവിൽ സമൂഹത്തിന്റെയും നീതി ബോധത്തെ ചോദ്യംചെയ്യുന്ന പ്രാകൃത നടപടിയാണ് പിണറായി സർക്കാർ സ്വീകരിച്ചത്‌.

ഡിജിപിയുടെ നിയമനം തന്നെ സംശയത്തിന്റെ നിഴലിലാണ്. മോഡിയും പിണറായിയും തമ്മിലുള്ള പാലമായിട്ടാണ് ഡിജിപി പ്രവർത്തിക്കുന്നത് .
ഗുജറാത്തിൽ കേശുഭായി പട്ടേൽ മുഖ്യമന്ത്രിയായി പ്രവർത്തിക്കുമ്പോൾ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൺ പാണ്ഡ്യെ പ്രഭാത സവാരിക്ക് പോയപ്പോൾ കൊല്ലപ്പെട്ട കേസിലും ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിലും മോഡി,അമിത്ഷാമാരെ സംരക്ഷിക്കുന്ന തരത്തിൽ മുൻ എൻ ഐ എ ഉദ്യോഗസ്ഥനായ ,ഡിജിപി റിപ്പോർട്ട് നൽകിയതായി ആക്ഷപം നിലവിലുണ്ട്. ഇതിന് പ്രത്യുപകാരമായി മോഡിയുടെ ശുപാർശയിൽ പിണറായി നൽകിയ സമ്മാനമത്രെ ഡിജിപി സ്ഥാനം.

പിണറായി സർക്കാരിന്റെ കീഴിൽ പോലീസിനെ പൂർണമായി രാഷ്ട്രീയവൽക്കരിക്കുകയും സിപിഎമ്മിന്റെ താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നു.കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുകയും ജനകീയസമരങ്ങളെ ചോരയിൽ മുക്കി കൊല്ലുകയും ചെയ്യുന്നു.

നിയമവാഴ്ച പൂർണമായും തകർന്നിരിക്കുന്നു. പോലീസ്, സിപിഎം ഗുണ്ടാ മാഫിയ,കൂട്ട്കെട്ട് സമാന്തര ഭരണം നടത്തുകയും ചെയ്യുന്നു.
ഗുണ്ടാ മാഫിയ സംഘത്തിന്റെ സാമ്പത്തിക വളർച്ചയും,മാനസികോല്ലാസവും,അക്രമ പ്രവർത്തനങ്ങളും മാത്രമാണ് സിപിഎം ഭരണത്തിൽ നടക്കുന്നത്. പരാജയപ്പെട്ട മുഖ്യമന്ത്രിയായി പിണറായിയെ ചരിത്രം രേഖപെടുത്തുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു.

ശബരിമയിൽ സംഘപരിവാറിന് അഴിഞ്ഞാടാൻ അവസരം ഉണ്ടാക്കിയതും വരാപ്പുഴയിലും,നെടുങ്കണ്ടത്തും കസ്റ്റഡി മരണങ്ങൾക്കും അനധികൃത കസ്റ്റഡിയിലെ ഉരുട്ടലിനും മൂന്നാംമുറ പ്രയോഗത്തിനും കെവിന്റെ ദുരഭിമാന കൊലയ്ക്കും ഉത്തരവാദി ഡിജിപിയാണ്‌.

അട്ടപ്പാടിയിൽ മധു എന്ന ആദിവാസിയുവാവിന്റെ ആൾക്കൂട്ടകൊലപാതകത്തിൽ പോലീസിന് സംഭവിച്ച വീഴ്ചയെ ഹൈക്കോടതി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മ്യൂസിയം പോലീസിന്റെ മൂക്കിന് താഴെ മാധ്യമ പ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പട്ടകേസിൽ പ്രതിയുടെ രക്ത പരിശോധനയ്ക്കും,എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലും കാലതാമസം വരുത്തി, കുറ്റവാളിയെ സഹായിച്ചത് ഡിജിപിയുടെ കാക്കി യൂണിഫോമിന് ഭൂഷണമാണോ? ഇവിടെയും ഹൈക്കോടതി പോലീസിനെ വിമർശിച്ചു.

കോൺഗ്രസ് പ്രവർത്തകരായ ഷുഹൈബിനേയും , പെരിയയിൽ ശരത് ലാലിനേയും കൃപേഷിനേയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികളായ സിപിഎം ഗുണ്ടകൾക്ക് വി ഐ പി പരിഗണന നൽകി തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു.
തൃശ്ശൂർ നൗഷാദിന്റെയും മഹാരാജാസിലെ അഭിമന്യുവിന്റെ കേസുകളിൽ പ്രതികളെ പിടിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തി.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് ആസ്ഥാനത്ത് നടുറോഡിൽ വലിച്ചിഴച്ചു.പ്രതിഷേധിച്ച പൊതുപ്രവർത്തകരെ കള്ളക്കേസിൽ പ്രതികളാക്കി.വയനാട് വൈത്തിരിയിൽ സി പി റഷീദിനേയും നിലമ്പൂരിൽ കുപ്പു ദേവരാജിനേയും അജിതയേയും വ്യാജ ഏറ്റുമുട്ടലുകളിൽ വെടിവെച്ച് കൊന്നു. തൃശൂർ ഏങ്ങണ്ടിയൂർ വിനായകൻ മുടി വളർത്തിയതിന് പാവറട്ടി പൊലീസ് ക്രൂരമായി മർദ്ദിച്ചു. ദളിതനായ വിനായകൻ ആത്മഹത്യ ചെയ്തു. നാദാപുരം ഡിവൈഎസ്പി ദളിത് യുവതിയെ 6 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തു. മനംനൊന്ത് ആ പെൺകുട്ടിയും ആത്മഹത്യ ചെയ്തു.
ലാത്വിയൻ സ്വദേശിനിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് പരാതി നൽകിയപ്പോൾ മാനസിക രോഗിയായി ചിത്രീകരിച്ച് അയാളെ ജയിലിലടച്ചു.
ഒരുമാസം കഴിഞ്ഞ് കോവളത്ത് ലാത്വിയൻ സ്വദേശിനിയുടെ മൃതശരീരമാണ് കണ്ടത്. അന്വേഷണത്തിൽ പിഴവുവരുത്തിയതിന് ഡിജിപിയാണ് ഉത്തരവാദി.
കീഴാറ്റൂരിലെ ദേശീയപാത സമരത്തിലും, ഗെയിൽ പൈപ്പ് ലൈൻ സമരത്തിലും പങ്കെടുത്ത ജനങ്ങളെ ക്രൂരമായി തല്ലിച്ചതച്ചു.

കെ എസ് യു,യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരങ്ങൾക്ക് നേരെ ലാത്തിച്ചാർജ് നടത്തി,പ്രവർത്തകരുടെ തലതല്ലി തകർത്തു .
പട്ടയം ആവശ്യപ്പെട്ട് തൃശൂർ കലക്ടറുടെ ചേമ്പർ ഉപരോധിച്ചവരെ അർധരാത്രിയിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനിടയിൽ യുവതിയുടെ അടിവയറ്റിൽ ബൂട്ടുകൊണ്ട് തൊഴിച്ചു.വനിതാ പൊലീസിനെമാറ്റി, പുരുഷ പോലീസുകാരാണ് മർദ്ദനത്തിനു നേതൃത്വം നൽകിയത്.

അനധികൃതമായി മേലുകാവ് പോലീസ്‌ കസ്റ്റഡിയിൽ എടുത്ത് ക്രൂരമായ മർദ്ദനത്തിനിരയായ രാജേഷ് മനംനൊന്ത് ആത്മഹത്യചെയ്തു.
കേരളസർവ്വകലാശാല സ്റ്റുഡൻസ് സർവീസസ് ഡയറക്ടറും കാര്യവട്ടം കാമ്പസ് തമിഴ് ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായ ഡോ. ടി വിജയലക്ഷ്മി ടീച്ചറെ ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ മൂന്നുമണിക്കൂറിലേറെ തലമുടിനാരിഴ പിടിച്ചു വലിച്ച് പൊട്ടിച്ച്, പേനകൊണ്ട് മുതുകിൽകുത്തി വേദനിപ്പിച്ച്, അശ്ലീല വാക്കുകൾ പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തിട്ട് ഡിജിപി എന്തു നടപടി സ്വീകരിച്ചു? സ്ത്രീ സുരക്ഷ കാറ്റിൽ പറത്തി.
എം എം കൽബുർഗി,ഗൗരി ലങ്കേഷ് തുടങ്ങിയവരെ പോലെ കാലപുരിക്കയക്കുമെന്ന് പറഞ്ഞും സാംസ്കാരിക കേരളത്തിന്റെ അഭിമാനം ഫാൽക്കെ അവാർഡ് ജേതാവ് അടൂർ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്കയക്കുമെന്ന് ഭീഷണിപ്പെടുത്തിയവർക്കെതിരെ എന്തു നടപടി സ്വീകരിച്ചു.

പിണറായി ഭരണത്തിന്റയും , സിപിഎമ്മിന്റെയും സംരക്ഷനായി ഡിജിപി നടത്തുന്ന ഫാസിസ്റ്റ് നടപടികളിൽ ചിലതുമാത്രമാണ് ചൂണ്ടിക്കാട്ടിയത് .
പൊലീസ് സേനയിൽ നിശ്ചിത ശതമാനം പേർ ക്രിമിനലുകളാണെന്ന് പറഞ്ഞത് മുൻ ഡിജിപിയാണ്‌ . എന്തുകൊണ്ട് നിഷേധിക്കുകയോ കേസ് എടുക്കുകയൊ ചെയ്തില്ല.
വള്ളികുന്നത്ത് വനിതാ സിവിൽ പൊലീസ് ഓഫീസറെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത് പുരുഷ പോലീസുകാരനാണ്.
‘രാജാവേ നിങ്ങൾ നഗ്നനാണ് ‘എന്ന് വിളിച്ചു പറയുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തത്.

ഡിജിപി, നിങ്ങളെ കോടതിയിൽ നേരിടാൻ കാത്തിരിക്കുകയാണ് .
കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനു പോകുന്നതിന് മുന്പ് മോഡേണൈസേഷന്റെ പേരിൽ കംപ്യൂട്ടറും വയർലെസ് സെറ്റ് ഉൾപ്പെടെ വാങ്ങിക്കൂട്ടിയതിന്റെ അഴിമതിയുടെ ഫയൽ ഇവിടെത്തന്നെയുണ്ട്.
സാമൂഹികമായും സാമ്പത്തികമായും, പിന്നോക്കം നിൽക്കുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ദളിതരെയും വിദ്യാർത്ഥികളെയും യുവാക്കളെയും, എഴുത്തുകാരെയും അഭിപ്രായം പറയുന്നവരെയും അഭിഭാഷകരെയും, അധ്യാപകരെയും സർക്കാർ ജീവനക്കാരെയും ചിന്തകരെയും ഉൾപ്പെടെയുള്ള പൊതുസമൂഹത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ ചെറുക്കാൻ കോൺഗ്രസിൽ ആളുണ്ട്.

വിമർശിക്കാൻ, പ്രസംഗത്തിൽ ഉപമയും ഉൽപ്രേക്ഷയും രൂപകം തുടങ്ങിയവ സാധാരണ പ്രയോഗിക്കുന്നവയാണ്.വിരലുകൾ ചന്ദ്രനെ ചൂണ്ടിക്കാണിക്കുമ്പോൾ വിഡ്ഢി കാണുന്നത് വിരലുകൾ മാത്രമാണെന്ന് ചൈനീസ് പഴമൊഴി പറയുന്നു.

ഇഴഞ്ഞുകൊണ്ടിരിക്കുന്ന നട്ടെല്ലില്ലാത്ത ഉദ്യോഗസ്ഥ വൃന്ദത്തെ സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത് . ഡിജിപി ഊതിക്കെടുത്തുവാൻ ശ്രമിക്കുന്നത് നിയമ വാഴ്ചയുടെയും പ്രതികരണ ശേഷിയുടേയും വെളിച്ചത്തെയാണ്.

തിരുവിതാംകുറിലെ മർദ്ദക ഭരണണത്തിനു നേതൃത്വം നൽകിയ സർ.സിപിയാകാൻ പരിശീലനം നടത്തുന്ന മുഖ്യമന്ത്രി പിണറായി, നിങ്ങൾ ഉമ്മാക്കി കാട്ടി വിരട്ടുരുത്.
കനൽവഴികൾ താണ്ടിയ മുല്ലപ്പള്ളി, തീയിൽ കുരുത്തതാണ്.

അഡ്വ. ജോൺസൺ എബ്രഹാം
കെപിസിസി ട്രഷറർ

Top