ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ക്രമക്കേടെന്ന് ശശി തരൂര്‍ ക്യാമ്പ്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെലങ്കാനയിലും കേരളത്തിലും ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് തരൂര്‍ വിഭാഗം നേതാക്കള്‍ എഐസിസി തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി.
പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകി എന്നും പരാതിയുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെടുപ്പിലും ക്രമക്കേട് നടന്നെന്ന ആരോപണവുമായി തരൂര്‍ പക്ഷം. കേരളത്തില്‍ നിന്ന് ബാലറ്റ് പെട്ടികള്‍ കൊണ്ട് പോയതില്‍ കൃത്യമായ വിവരം നല്‍കിയില്ലെന്നാണ് ആരോപണം. തിങ്കളാഴ്ച്ച വരണാധികാരി പരമേശ്വര പെട്ടികള്‍ കൊണ്ടു പോകും എന്നാണ് നേതൃത്വം അറിയിച്ചതെങ്കിലും ഉപ വരണാധികാരി വി കെ അറിവഴകന്‍ ഇന്നലെയാണ് പെട്ടി കൊണ്ടു പോയതെന്ന് തരൂര്‍ വിഭാഗം പറയുന്നു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തും എന്ന കാര്യം ഇന്ന് ഉച്ചയോടെ ഉറപ്പിക്കാനാകും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് വിജയ സാധ്യതയെങ്കിലും തരൂരിന് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം അറിയാനാണ് പാര്‍ട്ടി നേതൃത്വമുള്‍പ്പടെ കാത്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ 68 ബാലറ്റ് പെട്ടികളും എഐസിസി ആസ്ഥാനത്ത് എത്തിച്ചിരുന്നു.
പെട്ടികളില്‍ നിന്ന് ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലർത്തിയ ശേഷമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെ 9,497 വോട്ടുകളാണ് പോള്‍ ചെയ്തത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധികുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അദ്ധ്യക്ഷ പദവിയിലെത്താന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാം തവണയാണ് അദ്ധ്യക്ഷ പദത്തിലേക്ക് മത്സരം നടക്കുന്നത്.