കോണ്‍ഗ്രസ് പിളര്‍പ്പിന് വഴിയൊരുക്കി എ’ഗ്രൂപ്പ് , ജനകീയ വിഷയങ്ങളില്‍ എ ഗ്രൂപ്പിന് സ്വന്തം വഴി.സുധീരനെ ഒരു തരത്തിലും അംഗീകരിക്കില്ല

തിരുവനന്തുപുരം: ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ എ ഗ്രൂപ്പ് നിലപാട് കടുപ്പിക്കുന്നു. സുധീരന്റെ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അവര്‍ നിലപാടെടുത്തുവെന്നാണ് വിവരം. എന്നാല്‍ പ്രതിഷേധം പരസ്യപ്പെടുത്തില്ല. സംഘടനാ തിരഞ്ഞെടുപ്പെന്ന വാദവുമായി ശക്തമായ ചെറുത്ത് നില്‍പ്പിന് തുടക്കമിടുകയാണ് എ ഗ്രൂപ്പ്. സുധീരന്റെതല്ലാത്ത മറ്റു പരിപാടികളില്‍ സജീവമാവും. ചര്‍ച്ചാ വിഷയങ്ങളില്‍ സ്വന്തമായ നിലപാടായിരിക്കും സ്വീകരിക്കുക.
ഭിന്നിപ്പ് ഒഴിവാക്കുന്നതിന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിട്ടില്ല. സഹകരണം കുറയും സംഘടനാ തിരഞ്ഞെടുപ്പെന്ന തങ്ങളുടെ ആവശ്യത്തോട് നേതൃത്വം മുഖം തിരിക്കുകയാണെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കേണ്ടെന്ന കടുത്ത തീരുമാനവും എ ഗ്രൂപ്പ് എടുത്തേക്കുമെന്നറിയുന്നു. എന്നാല്‍ വിഭാഗീയത ശക്തിപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ആന്റണി ഉമ്മന്‍ ചാണ്ടിയുമായും സുധീരനുമായും ചര്‍ച്ച നടത്തി സമവായമുണ്ടാക്കാന്‍ ശ്രമിച്ചത്.
ആന്റണിയുടെ താക്കീത് വിഭാഗീയതയുണ്ടാക്കിയാല്‍ കേന്ദ്രം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപിസം അനുവദിക്കില്ലെന്നും ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും കൂട്ടരും ഡിസിസി നിയമന വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുമ്പോഴാണ് ആന്റണി നിലപാട് അറിയിച്ചത്. കോണ്‍ഗ്രസില്‍ ഇനി ആര്‍ക്കും അപ്രമാദിത്വം നല്‍കേണ്ടെന്ന തീരുമാനമാണ് കേന്ദ്രനേതാക്കള്‍ക്കുള്ളത്. ഇതിന്റെ ഭാഗമായാണ് ഗ്രൂപ്പുകള്‍ക്ക് അതീതമായി തീരുമാനമെടുക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചത്. ഡിസിസി നിയമനം പൊല്ലാപ്പായി മുഴുവന്‍ നിയന്ത്രണവും ഹൈക്കമാന്‍ഡിന് കീഴിലാക്കുകയായിരുന്നു രാഷ്ട്രീയകാര്യ സമിതി രൂപീകരണം കൊണ്ട് പാര്‍ട്ടി ഉദ്ദേശിച്ചത്. ഗ്രൂപ്പ് കളി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ ഈ തീരുമാനം.

അതിനിടെയാണ് ഡിസിസി നിയമനം പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി ഇടഞ്ഞുനില്‍ക്കുന്നത് സംസ്ഥാന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. എല്ലാവരും ഹൈക്കമാന്റിന്റെ ആളുകള്‍ പുതിയ ഡിസിസി പ്രസിഡന്റുമാരെ ആരുടേയും അക്കൗണ്ടില്‍പെടുത്തേണ്ടെന്നാണ് ആന്റണിയുടെ നിലപാട്.
എല്ലാവരും ഹൈക്കമാന്‍ഡിന്റെ ആളുകളാണെന്ന് ആന്റണി കഴിഞ്ഞദിവസം കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തില്‍ വേണം വായിക്കാന്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റിന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളം. ഇവിടെയുണ്ടാവുന്ന ചെറിയ ഭിന്നിപ്പ് പോലും ഇല്ലാതാക്കാന്‍ കേന്ദ്രം വേഗത്തില്‍ ഇടപെടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top