അമൃത്‌സര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസ് പഞ്ചാബില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തൂത്തുവാരി. എതിരാളികളെ ഏറെ പിന്നിലാക്കിയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ വിജയം കൈവരിച്ചത്. എന്നാല്‍ വ്യാപക അട്ടിമറി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ ആരോപിച്ചു.
പഞ്ചാബിലെ 1300ലധികം പഞ്ചായത്ത് സമിതികളിലേക്ക് ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. 80 ശതമാനമായിരുന്നു രേഖപ്പെടുത്തിയ പോളിങ്. ബത്തിന്ത, ഫസില്‍ക്ക എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. മൊഹാലിയില്‍ 84 ശതമാനവും പത്താന്‍കോട്ടില്‍ 82 ശതമാനവും മുക്സ്താറില്‍ 77 ശതമാനവും രേഖപ്പെടുത്തി.
വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടനെ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യഫലം വരികയും ചെയ്തു. കോണ്‍ഗ്രസിന് അനുകൂലമായിരുന്നു പുറത്തുവന്നിരുന്ന ഫലങ്ങള്‍. ഒട്ടേറെ സ്ഥലങ്ങളില്‍ ബൂത്ത് പിടിത്തവും സംഘര്‍ഷവും വെടിവയ്പ്പുമെല്ലാം നടന്നിരുന്നു. ഇതാണ് വോട്ടെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് പ്രതിപക്ഷം ആരോപിക്കാന്‍ കാരണം. ഗുര്‍ദാസ്പൂര്‍, അമൃതസര്‍, ഫിറോസ്പൂര്‍ തുടങ്ങിയ ജില്ലകളില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ വെടിവയ്പ്പും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ എല്ലാം കോണ്‍ഗ്രസ് റാഞ്ചിയെടുക്കുകയായിരുന്നുവെന്ന് അകാലിദള്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. സംസ്ഥാനത്തിന്റെ യഥാര്‍ഥ വികാരമാണ് പ്രകടമായിരിക്കുന്നത്. ജനം കോണ്‍ഗ്രസിന് ഒപ്പമാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിജയിച്ച അംഗങ്ങളും എപ്പോഴും ശ്രദ്ധിക്കണം. ഗ്രാമങ്ങളുടെ മുഖഛായ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.