ടിപി വധക്കേസിൽ പ്രതികളെ രക്ഷിച്ച അതെ ‘അലിബി’, ദിലീപിനെയും രക്ഷിക്കും ..

കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇറക്കാന്‍ അലിബി’ വാദം ഫലിക്കുമോ ?  നേരത്തെ ദിലീപിന് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന്‍ രാംകുമാറിനെ മാറ്റി ബി.രാമന്‍പിള്ളയെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിലാണ് ദിലീപിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.ടി.പി വധക്കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് ബി.രാമന്‍പിള്ള.

ദിലീപിന്റെ അഭിഭാഷകനായി ബി രാമൻ പിള്ള വന്നതോടെ കളി മാറിയെന്നാണ് ദിലീപ് ഫാൻസ് ചിന്തിക്കുന്നത്. അതുവരെ ജാമ്യം എന്നത്‌ ദിലീപിനു പോലും ഉറപ്പില്ലാത്ത കാര്യം പോലെ ആയിരുന്നു അവസ്ഥ. എന്നാൽ അഡ്വ. ബി രാമൻ പിള്ള ഹൈക്കോടതിയിൽ ദിലീപിനായുള്ള ജാമ്യാപേക്ഷയിൽ സമർപ്പിച്ച കാര്യങ്ങൾ പോലും കേരളത്തിൽ ചർച്ചയായിരുന്നു. അതിനിടയിൽ ടി പി ചന്ദ്രശേഖരൻ എന്ന രാഷ്ട്രീയ നേതാവിന്റെ വധവുമായി ബന്ധപ്പെട്ട്‌ അഡ്വ. ബി രാമൻപിള്ള തന്നെ കോടതിയിൽ പൊളിച്ച ഒരു തെളിവായിരുന്നു ഓർക്കാട്ടേരി പൂക്കടയിലെ ഗൂഢാലോചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടിപി ചന്ദ്രശേഖരനെ വധിക്കാൻ കേസിലെ അഞ്ച്‌ പ്രതികൾ 30–ാ‍ം പ്രതി പടയങ്കണ്ടി രവീന്ദ്രന്റെ ഓർക്കാട്ടേരിയിലെ പൂക്കടയിൽ 2012 ഏപ്രിൽ രണ്ടിനു ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോ‍സിക്യൂഷൻ കേസ്‌. ആ ടവർ ലൊക്കേഷൻ പരിധിയിൽ പ്രതികളുണ്ടായിരുന്നെന്നു സ്ഥാപിക്കാൻ മൊബെയിൽ രേഖകളും ഗൂഢാലോചന നടക്കുന്നതു കണ്ടെന്ന പേരിൽ ഒരു സാക്ഷിയേയും പ്രോ‍സിക്യൂഷൻ ഹാജരാക്കി. പ്ലാന്റ്‌ ഓപ്പറേറ്ററായ 126–ാ‍ം സാക്ഷി സുരേഷ്‌ ബാബു കോടതിയിൽ ഇവർക്കെതിരായി മൊഴി നൽകുകയും ചെയ്തു.

കുറ്റകൃത്യം നടന്ന സ്ഥലത്തെ ടവർ ലൊക്കേഷനു കീഴിൽ എന്റെ കക്ഷികൾ വന്നാൽ അവർ എങ്ങനെ ഗൂഢാലോചനയിൽ പങ്കാളിയാകും എന്നായിരുന്നു ഇതിന്‌ അനുബന്ധമായി ചില കാര്യങ്ങൾ വിവരിച്ചുകൊണ്ട്‌ അഡ്വ. രാമൻ പിള്ള ചോദിച്ചത്‌. തന്റെ കക്ഷികൾ പൂക്കടയിൽനിന്ന്‌ അൽപം അകലെയുള്ള ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിൽ ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കാനെത്തിയതാണ്‌. അതിനാൽ ആ ടവർ ലൊക്കേഷനു കീഴിലെത്തി. ഇതിലെന്താണു പ്രശ്‌നം എന്ന വാദവും അദ്ദേഹം ഉന്നയിച്ചു. ചടങ്ങിൽ പി. മോഹനൻ അടക്കമുള്ളവർ പങ്കെടുക്കുന്ന ഫോട്ടോയും ഹാജരാക്കി.

പാർട്ടി പരിപാടിയിൽ പങ്കെടുത്ത്‌ പി.മോഹനനു ദീപശിഖ കൈമാറുന്ന സിപിഎം നേതാവ്‌ വി.വി. ദക്ഷിണാമൂർത്തിയുടെ വാച്ചിലെ സമയം. വാച്ചിലെ സമയം 3.35. പൂക്കടയിൽ ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന സമയത്തോട്‌ അടുത്ത സമയത്താണു ചിത്രം എടുത്തിരിക്കുന്നത്‌. ആ സമയത്ത്‌ പാർട്ടി പരിപാടിയിൽ പങ്കെടുത്ത നേതാക്കൾ എങ്ങനെ ഗൂഢാലോചനയിൽ പങ്കെടുക്കും എന്ന ചോദ്യത്തിനു മുന്നിൽ പ്രോസിക്യൂഷന്റെ എല്ലാ തെളിവുകളും ഒറ്റയടിക്ക് തകര്‍ന്നുവീണു.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ ജയിലിലായ ദിലീപ്‌ കേസിലും സമാനമായി ചില വസ്തുതകളുണ്ട്‌. തെളിവുകൾ ഉണ്ടാകാറില്ലെന്ന കാരണത്താൽ ക്രിമിനൽ കേസുകളിൽ ഗൂഢാലോചന തെളിയിക്കാൻ പ്രയാസമാണ്‌. ടവർ ലൊക്കേഷൻ അടക്കമുള്ള ആധുനികമാർഗങ്ങളാകും പൊലീസും പ്രോ‍സിക്യൂഷനും ആ അവസരത്തിൽ സ്വീകരിക്കുക. പ്രതി ആ ടവര്‍ ലൊക്കേഷനു കീഴില്‍ ഉണ്ടായിരുന്നെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുമ്പോള്‍, തന്റെ കക്ഷി ആ സമയം മറ്റൊരിടത്തായിരുന്നു എന്നു തെളിയിക്കാനാകും പ്രതിഭാഗം ശ്രമിക്കുക. നിയമരംഗത്ത് ‘അലിബി’ എന്നാണ് ഈ രക്ഷാമാര്‍ഗം അറിയപ്പെടുന്നത്.

ദിലീപിനായുള്ള ജാമ്യ ഹർജിയിൽ മൂന്നു കാര്യങ്ങളാണു രാമൻപിള്ള പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്‌. ദിലീപ്‌ ഒരു തവണപോലും ഒന്നാംപ്രതി സുനിയെ കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. തിരിച്ചും വിളിച്ചിട്ടില്ല. ഒരു ടവർ ലൊക്കേഷനു കീഴിൽവന്നതുകൊണ്ട്‌ ദിലീപ്‌ എങ്ങനെ ഗൂഢാലോചനയിൽ പങ്കാളിയാകും. നടൻ ദിലീപിന്റെ നമ്പർ തേടിയാണ്‌ സുനി വിഷ്ണുവെന്ന പ്രതിയെ സംവിധായകൻ നാദിർഷായുടേയും ദിലീപിന്റ ഡ്രൈവർ അപ്പുണ്ണിയുടേയും അടുത്തേക്ക്‌ അയയ്ക്കുന്നത്‌. ക്വട്ടേഷൻ കൊടുക്കുന്ന ആളിന്റെ ഫോൺ നമ്പർപോലും അറിയാതെയാണോ ഒരാൾ ക്വട്ടേഷൻ ഏറ്റെടുക്കുന്നത്‌. ഗൂഢാലോചന നടന്നതായി പറയുന്ന സമയത്ത്‌ നടൻ ദിലീപ്‌ ആ ടവർ ലൊക്കേനു കീഴിലുള്ള മറ്റെവിടെയെങ്കിലും ആയിരുന്നുവെന്നു തെളിവുകളുടെ അടിസ്ഥാനത്തിൽ പറയാൻ കഴിഞ്ഞാലും സാക്ഷികൾ കൂറുമാറാനുള്ള സാധ്യതയുണ്ടായാലും കേസ്‌ മറ്റൊരു വഴിത്തിരിവിലെത്തുകയും ചെയ്യും.

അതു തന്നെയാണ് ദിലീപിനുള്ള ഏറ്റവും വലിയ പ്രതീക്ഷയും. അഭിഭാഷകന്റെ ഉറപ്പിന്മേൽ ദിലീപ്‌ വ്രതത്തിലാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ജയിൽ മോചിതനാകാൻ കഴിയുമെന്നും പ്രതീക്ഷയുള്ളതായി വാർത്തകൾ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ ഉടൻ ശബരിമലയ്ക്ക്‌ പോകാനാണ് താരത്തിന്റെ തീരുമാനം. രാമലീല എന്ന സിനിമയും അതിനുശേഷം റിലീസ്‌ ചെയ്താൽ മതിയെന്ന് താരം ആവശ്യപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്‌. 40 ദിവസത്തിനു മുകളിലായിരിക്കുന്നു ദിലീപ്‌ ജയിലിലായിട്ട്‌. ഇതിനോടകം രണ്ട്‌ തവണ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ്‌ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അതോടെ അഭിഭാഷകനെ മാറ്റാൻ ദിലീപ്‌ നിർബന്ധിതനാവുകയായിരുന്നു. കോടതിയിൽ തന്റെ കക്ഷിക്ക്‌ വേണ്ടി ഏതറ്റം വരെ പോകാനും തയാറുള്ള വക്കീലാണ് രാമൻപിള്ള.

Top