ജാമ്യാപേക്ഷ കോടതി തള്ളി ! ദിലീപിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മജിസ്ട്രേറ്റിന്റെ ചേമ്ബറില്‍ ആണ് കസ്റ്റഡി പരിഗണിച്ചത്. കോടതിയില്‍ നിന്നും നേരെ ആലുവ പൊലീസ് ക്ലബിലേക്കാണ് ദിലീപിനെ കൊണ്ടുപോവുക. മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടത്. എന്നാൽ രണ്ടു ദിവസത്തിനു ശേഷം കോടതിയിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സാധാരണ പൊലീസ് അഞ്ച് ദിവസത്തിൽ അധികം കസ്റ്റഡി ആവശ്യപ്പെടാറുണ്ട്. എന്നാൽ ദിലീപിന്റെ കേസിൽ അതുണ്ടായില്ല. മൂന്ന് ദിവസം മാത്രമാണ് ചോദിച്ചത്. ഇതോടെ ദിലീപിനെതിരെ തെളിവ് ശേഖരണം പൂർത്തിയായെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയുമാണ് ഇന്ന് കോടതി പരിഗണിച്ചത്. അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്. ആലുവ സബ്ജയിലിൽനിന്ന് രാവിലെ 10.25ഓടെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. അഞ്ച് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദിലീപിനെ സബ്ജയിലിൽനിന്ന് കോടതിയിലെത്തിച്ചത്. ദിലീപിനെ ഹാജരാക്കാൻ കൊണ്ടുവരുന്നതറിഞ്ഞ് അങ്കമാലി കോടതി പരിസരത്ത് വൻ ജനാവലിയാണ് തടിച്ചുകൂടിയത്. കൂകിവിളിച്ചാണ് ജനങ്ങൾ ദിലീപിനെ വരവേറ്റത്. കോടതിക്കു മുന്നിൽ റോഡിന്റെ ഇരുവശവും ബാരിക്കേഡ് തീർത്താണ് പൊലീസ് സുരക്ഷ ഒരുക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
അതിനിടെ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുമെന്നാണ് സൂചന. ദിലീപ് നിർമ്മിച്ച സിനിമകൾ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, തിയേറ്ററുകൾ, മറ്റ് ബിസിനസ് ബന്ധങ്ങൾ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തിയേക്കും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് ചോദ്യം ചെയ്യുന്ന വേളയിൽ ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. കേസിൽ കാവ്യാ മാധവന്റെ പങ്കും പരിശോധിക്കും.എന്നാൽ ഗൂഢാലോചന കേസിൽ അന്വേഷണം പൂർത്തിയാക്കിയശേഷമായിരിക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യുക. ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ദനടിയുമായി ദിലീപിന് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഉണ്ടെന്നും ഇതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. വ്യക്തിവിരോധം തീർക്കാനാണ് ക്വട്ടേഷൻ നൽകിയതെന്ന ദിലീപിന്റെ മൊഴിയും പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല.രണ്ടുവർഷം മുമ്പ് ആദായ നികുതി ഇന്റലിജൻസ് വിഭാഗം മലയാള സിനിമ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള നടന്മാരുടെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച് അന്വേഷണം നടന്നികുന്നു. എന്നാൽ ഉന്നത സ്വാധീനം മൂലം ഇത് എങ്ങുമെത്തിയില്ല. ഈ അന്വേഷണമാണ് പുതിയ തലത്തിലേക്ക് ഇപ്പോൾ എത്തിയത്.

Top