വിവാദ നോവല്‍ മീശ നാളെ പുറത്തിറങ്ങുന്നു; തെറിവിളികളെ പ്രതിരോധിക്കുന്ന പുറംചട്ടയോടെ

കൊച്ചി: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് പിന്‍വലിച്ച് വിവാദ നോവല്‍ മീശ നാളെ പുസ്തകമായി പുറത്തിറങ്ങുന്നു. മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു വരികയായിരുന്ന എസ് ഹരീഷ് എഴുതിയ നോവലാണ് മീശ. നോവലിലെ ഒരു കഥാപാത്ത്രതിന്റെ സംഭാഷണ ശകലങ്ങളാണ് പ്രകോപനത്തിന് കാരണം. നോവല്‍ ഡിസി ബുക്‌സാണ് പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത്.

നേരത്തെ മീശ പുസ്തകമാക്കി പുറത്തിറക്കുമെന്ന് എസ്. ഹരീഷ് വ്യക്തമാക്കിയിരുന്നു. കോട്ടയത്ത് വെച്ച് നടന്ന പുരോഗമന കലാസാഹിത്യ സംഘം സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയിലാണ് തീരുമാനം ഹരീഷ് അറിയിച്ചത്.

തുടര്‍ന്ന് മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നുവെന്ന് ഡി.സി ബുക്സ് അറിയിച്ചിരുന്നു. മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്.

നടന്ന വിവാദങ്ങളെയും പ്രതിഷേധങ്ങളെയും എതിര്‍ക്കുന്ന നിലയിലാണ് നോവലിന്റെ പുറംചട്ട തയ്യാറാക്കിയിരിക്കുന്നത്. തങ്ങള്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനം കവറിലെ സൂചനയിലൂടെ പ്രസിദ്ധീകരണ സ്ഥാപനം നല്‍കുകയാണ്.

meesa2

‘മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് ഡി.സി ബുക്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ‘. ബഷീന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു’-വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

‘മീശ’ പുസ്തകമാക്കുമെന്ന വിവരം പുറത്തുവന്നതോടെ പ്രസാധകര്‍ക്കുനേരെയും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണിയെത്തുടര്‍ന്ന് പ്രസാധകന്‍ രവി ഡി.സി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നല്‍കിയിരുന്നു. നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന ഒരു സംഭാഷണത്തിലെ പരാമര്‍ശത്തിനെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്.

ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

Top