കര്‍ണാടക: ത്രിവര്‍ണ പതാകയ്ക്ക് പകരം ഭാവിയില്‍ കാവിക്കൊടി ദേശീയ പതാകയാവുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളേജില്‍ ത്രിവര്‍ണ പതാക മാറ്റി വിദ്യാര്‍ത്ഥികള്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിരുന്നു ഈ വിവാദ പ്രസ്താവന.
ശിവകുമാറിന്റെ ആരോപണം കള്ളമാണെന്നും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നും ഈശ്വരപ്പ ആരോപിച്ചു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് മുന്‍പ് പറഞ്ഞപ്പോള്‍ ആളുകള്‍ നമ്മളെ നോക്കി ചിരിച്ചില്ലേ എന്ന് അദ്ദേഹം ചോദിച്ചു. എന്നാലതിപ്പോള്‍ സാധ്യമായില്ലേ എന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ നൂറോ ഇരുന്നൂറോ അഞ്ഞൂറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കാവിക്കൊടി ദേശീയ പതാകയാകും.
ഹിന്ദു ധര്‍മ്മം നടപ്പാവുന്ന സമയത്ത് ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരും. നൂറ്റാണ്ടുകള്‍ക്കുമുമ്പ് രാമന്റെയും ഹനുമാന്റെയും രഥങ്ങളില്‍ കാവിക്കൊടി ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ത്രിവര്‍ണ്ണ പതാക നമ്മുടെ ദേശീയ പതാകയാണ്. അതിനെ ബഹുമാനിക്കണം. ദേശീയ പതാകയെ ബഹുമാനിക്കാത്തവര്‍ രാജ്യദ്രോഹികളാണെന്നും കെ എസ് ഈശ്വരപ്പ പറഞ്ഞു.