കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത; പോലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം

കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കൊലപാതകത്തിന്റെയോ ആത്മഹത്യയുടെയോ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് അന്തിമ തീരുമാനമെടുക്കാനുള്ള പൊലീസിന്റെ ഒരുക്കം. സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനയില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. അതേസമയം അന്വേഷണം സിബിഐക്ക് വിട്ടെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

കലാഭവന്‍ മണി മരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവാറാവുകയാണ്. ഇത്രകാലത്തെ അന്വേഷണത്തിലും ആദ്യകാലത്തെ തെളിവുകള്‍ക്ക് അപ്പുറം ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. മണിയുടെ ശരീരത്തില്‍ വ്യാജ മദ്യത്തില്‍ കാണാറുള്ള മീഥേല്‍ ആല്‍ക്കഹോള്‍ കണ്ടതോടെയാണ് ദുരൂഹത വര്‍ദ്ധിച്ചത്. കൊലപാതകമാണെന്ന് കുടുംബവും പരാതിപ്പെട്ടതൊടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആത്മഹത്യയുടെയും കൊലപാതകത്തിന്റെയും സാധ്യതകളാണ് പ്രധാനമായും അന്വേഷിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഈ രണ്ടിലേക്കും വഴി നയിക്കുന്ന യാതൊരു തെളിവും ഇതുവരെ ലഭിച്ചില്ല. കലാഭവന്‍ മണി അബോധാവസ്ഥയിലാകുമ്പോള്‍ കൂടെയുണ്ടായിരുന്നവരെ നുണ പരിശോധനക്ക് വിധേയമാക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. ഇതോടെ രോഗം മൂലമുളള മരണം എന്ന നിഗമനത്തിനാണ് ബലം വര്‍ധിച്ചത്.

എന്നാല്‍ അത്തരമൊരു അന്തിമ നിഗമനത്തിലെത്തുമുന്‍പ് ഇതുവരെയുളള കേസ് ഫയലുകള്‍ വീണ്ടും പരിശോധിക്കാനാണ് പൊലീസ് തീരുമാനം. അതിനുശേഷം കേസ് അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കും. അതേസമയം മറ്റേതെങ്കിലും ഏജന്‍സി തുടര്‍ന്ന് അന്വേഷിക്കട്ടെയെന്നും പൊലീസ് ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി മാസങ്ങളായെങ്കിലും ഏറ്റെടുത്തിട്ടില്ല. എറ്റെടുക്കാനുള്ള സാധ്യത കുറവാണെന്നും കരുതുന്നു. എന്നാല്‍ കൊലപാതകമാണെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് മണിയുടെ കുടുംബം.

Top