സാന്റിയാഗോ: ആതിഥേയരായ ചിലി കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിലി ഉറുഗ്വായെ തോല്‍പിച്ച് സെമിബര്‍ത്ത് നേടിയത്. കളിയുടെ 83 ാം മിനിറ്റില്‍ മൗറീഷോ ഇസ്ലയുടെ ബൂട്ടില്‍ നിന്നാണ് ചിലിയുടെ വിജയഗോള്‍ വന്നത്. 16 വാര അകലെ തിന്നുള്ള ഇസ്ലയുടെ ഷോട്ട് വലകുലുക്കിയതോടെ ഒമ്പത് പേരായി ചുരുങ്ങിയ ഉറുഗ്വായുടെ വിധി തീരുമാനിക്കപ്പെട്ടു.
പരുക്കന്‍ കളിയാണ് ഉറുഗ്വായ് കളിയിലുടനീളം പുറത്തെടുത്തത്. സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനി 63 ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ഉറുഗ്വായ് മുന്നേറ്റത്തിന്റെ ചിറകൊടിഞ്ഞു. കളിതീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ജോര്‍ജ് ഫുസിലെയും കാര്‍ഡ് കണ്ട് പുറത്തായി. കളിയുടെ ആദ്യ പകുതിയില്‍ ചിലിയുടെ ആധിപത്യമായിരുന്നു. വിദാല്‍, അലക്‌സി സാഞ്ചസ് വാല്‍ഡിവിയ എന്നിവര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി.
ഉറുഗ്വായുടെ പരുക്കന്‍ കളിയില്‍ വിദാല്‍ പരിക്കേറ്റ് മടങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തി. 53 ാം മിനിറ്റില്‍ ഉറുഗ്വായ്ക്ക് ലഭിച്ച സുവര്‍ണാവസരം പക്ഷേ ഡീഗോ റോലാന് ഗോളാക്കാനായില്ല. റോലാന്റെ ഷോട്ട് നേരെ ഗോളിയുടെ കൈകളിലേക്ക്. ഉറുഗ്വായുടെ സ്വപ്‌നങ്ങള്‍ ക്വാര്‍ട്ടറില്‍ അവസാനിച്ചപ്പോള്‍ നാളിതുവരെ കോപ്പ അമേരിക്കയില്‍ കിരീടം നേടാനാകാത്ത ചിലി ആ സ്വപ്‌നത്തിലേക്ക് ഒന്നുകൂടി അടുത്തു.
ഈ ടൂര്‍ണമെന്റില്‍ മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ഏക ടീമായ ചിലി സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇത്തവണ കിരീടം ഉയര്‍ത്തുമെന്നാണ് ആരാധകരും കരുതുന്നത്. ബൊളീവിയ-പെറു മത്സരത്തിലെ വിജയികളെയാണ് ചിലി സെമിയില്‍ നേരിടുക.
ടൂര്‍ണമെന്റിനെത്തിയ ഉറുഗ്വായ് ക്വാര്‍ട്ടര്‍ വരെയുള്ള കളികളില്‍ നിന്നായി ഏഴ് മഞ്ഞക്കാര്‍ഡും രണ്ട് ചുവപ്പുകാര്‍ഡും നേടിയാണ് കളമൊഴിഞ്ഞത്.