ആശങ്കയായി പഠനം-വായുവിലൂടെ കൊവിഡ്. ചൈനയിൽ ബസ്സിൽ യാത്ര ചെയ്ത 23 പേർക്ക് രോഗബാധ. ഇതുവരെ ഒരു കൊവിഡ് വാക്സിനും ഫലപ്രാപ്തിയില്ല, അടുത്ത വർഷം പകുതി വരെ കാക്കണമെന്ന് ലോകാരോഗ്യ സംഘടന

ലണ്ടൻ :ലോകത്തിന് ആശങ്ക വിതച്ച് കോവിഡ് വൈറസിന്റെ പുതിയ പഠനം .വായുവിലൂടെ കോവിദഃ പകരുന്നു. കൊവിഡിനെ സംബന്ധിച്ചുളള ആശങ്കകള്‍ ശക്തമാക്കിയിരിക്കുകയാണ് ജമാ നെറ്റ്വര്‍ക്ക് എന്ന ജേണല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ട്. ചൈനയില്‍ ബസ്സില്‍ യാത്ര ചെയ്ത 23 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ ഉണ്ടായത് വായുവിലൂടെയാകാമെന്നാണ് ഈ പഠന റിപ്പോര്‍ട്ട് പറയുന്നത്. ചൈനയിലെ ഷിജിംഗ് പ്രവിശ്യയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2020 ജനുവരി 19ന് 128 ആളുകള്‍ ആണ് രണ്ട് ബസ്സുകളിലായി ഒരു വര്‍ക്ക്്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനായി യാത്ര തിരിച്ചത്. ഒന്നാമത്തെ ബസ്സില്‍ 60 പേരും രണ്ടാമത്തെ ബസ്സില്‍ 68 പേരുമാണ് ഉണ്ടായിരുന്നത്. കൊവിഡ് രോഗിയായ യാത്രക്കാരന്‍ രണ്ടാമത്തെ ബസ്സിലാണ് ഉണ്ടായിരുന്നത്.

രണ്ട് ബസ്സുകളും സെന്‍ട്രലൈസ്ഡ് എസി ഉളള ബസ്സുകള്‍ ആയിരുന്നു. 128 യാത്രക്കാരില്‍ 15 പേര്‍ പുരുഷന്മാരും 113 പേര്‍ സ്ത്രീകളും ആയിരുന്നു. രണ്ടാമത്തെ ബസ്സിലെ യാത്രക്കാരായ 24 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. എന്നാല്‍ ഒന്നാമത്തെ ബസ്സിലെ ആര്‍ക്കും രോഗമില്ല. പരിപാടിയില്‍ പങ്കെടുത്ത മറ്റ് 7 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ രോഗിയുമായി അടുത്ത് ഇടപഴകിയവര്‍ ആയിരുന്നു.

കൊവിഡ് രോഗി യാത്ര ചെയ്ത ബസ്സില്‍ 15 നിരയായാണ് സീറ്റുകള്‍ ഉണ്ടായിരുന്നത്. ഒരു വശത്ത് മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളും മറുവശത്ത് രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളും. കൊവിഡ് രോഗി ഇരുന്നത് മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റിലെ മധ്യഭാഗത്തായിരുന്നു. ഇയാള്‍ക്ക് അടുത്തിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബസില്‍ ജനാലയ്ക്ക് സമീപത്തുളള സീറ്റുകളില്‍ ഇരുന്നവര്‍ക്ക് രോഗബാധ ഉണ്ടായിട്ടില്ലെന്നും ഈ പഠനത്തില്‍ പറയുന്നു. ബസ്സിലെ ആരും മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. വായുവിലൂടെ കൊവിഡ് പടരുക എന്നത് ഇവിടെ ഒരു സാധ്യത ആകാം എന്നാണ പഠനം പറയുന്നത്.

അതേസമയം കൊവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനുളള പരീക്ഷണങ്ങള്‍ ഇന്ത്യയും അമേരിക്കയും റഷ്യയും അടക്കമുളള നിരവധി രാജ്യങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെയുളള ഒരു കൊവിഡ് വാക്‌സിനും ഫലപ്രാപ്തിയുടെ സൂചനകള്‍ നല്‍കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവായ മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി. കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ വ്യാപകമായ ഉപയോഗം അടുത്ത വര്‍ഷം പകുതിക്കുളളില്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. സുരക്ഷയും ഫലപ്രാപ്തിയും പൂര്‍ണമായും ഉറപ്പ് വരുത്തുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ഫലപ്രാപ്തിയുടെ 50 ശതമാനം പോലും ഉറപ്പ് വരുത്താന്‍ ഇന്ന് പരീക്ഷണത്തിലിരിക്കുന്ന ഒരു കൊവിഡ് വാക്‌സിന് പോലും സാധിച്ചിട്ടില്ലെന്നും മാര്‍ഗരറ്റ് ഹാരിസ് അറിയിച്ചു.

ആഗസ്റ്റില്‍ റഷ്യ നിര്‍മ്മിച്ച ഒരു കൊവിഡ് വാക്‌സിന് ഉപയോഗിക്കാനുളള അനുമതി നല്‍കിയിരുന്നു. രണ്ട് മാസത്തില്‍ കുറവ് മാത്രം മനുഷ്യരില്‍ പരിശോധന നടത്തിയ വാക്‌സിനാണത്. റഷ്യയുടെ വാക്‌സിന്റെ ഫലപ്രാപ്തിയേയും സുരക്ഷയേയും കുറിച്ച് വിദഗ്ധര്‍ ആശങ്കയും സംശയങ്ങളും ഉന്നയിച്ചിരുന്നു. ഇത് കൂടാതെ അമേരിക്കയും കൊവിഡ് വാക്‌സിന്‍ ഉടനെ രംഗത്തിറക്കാനുളള നീക്കത്തിലാണ്. നവംബര്‍ ഒന്നിന് അമേരിക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങിയേക്കും എന്നാണ് സൂചനകള്‍. നവംബര്‍ ഒന്നിന് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കാന്‍ ആണ് അമേരിക്കന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം സംബന്ധിച്ച് ഇതിനകം തന്നെ സംശയങ്ങളും ആശങ്കകളും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

അമേരിക്കയില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് മുന്നില്‍ കണ്ട് കൊണ്ടുളള തിരഞ്ഞെടുപ്പ് ഗിമ്മിക്ക് ആണോ ഇതെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം സമയം കൂടുതല്‍ ആവശ്യമുളളതാണ്. കാരണം എത്രമാത്രം സുരക്ഷിതമാണ് കൊവിഡ് വാക്‌സിന്‍ എന്നത് ഉറപ്പാക്കേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷണം നടത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു. നിരവധി ആളുകളില്‍ ഇതിനകം പരീക്ഷണം നടന്നിട്ടുണ്ടോ. ഇത് ഫലപ്രദമാണോ എന്ന് അറിയില്ല. ഈ ഘട്ടത്തില്‍ സുരക്ഷയേയും ഫലപ്രാപ്തിയേയും കുറിച്ച് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

Top