സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പര്‍ക്കത്തിലൂടെ ഇന്ന് 35 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇത് ഗൗരവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
35 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും വന്നു. സമ്പർക്കത്തിലൂടെ 35 പേർക്കാണ് രോഗം പകർന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജിൽ 62 വയസുള്ള യൂസഫ് സെയ്‌ഫൂദിനുമാണ് മരിച്ചത്. മുഹമ്മദ് സൗദിയിൽ നിന്നും വന്ന അർബുദ രോഗിയാണ്. യൂസഫും നിരവധി രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ 9927 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ 5622 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്. 183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് 384 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 204052 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്.
ഇതുവരെ സെൻ്റിനൽ സർവ്വേയുടെ ഭാഗമായി 60006 സാംപിളുകൾ ശേഖരിച്ചു അതിൽ 57804 എണ്ണം നെഗറ്റീവാണ്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചു വരിയാണ്. 275773 പേർക്കാണ് പിസിആർ അല്ലാത്ത ടെസ്റ്റുകൾ നടത്തിയത്. 187 കോവിഡ് ഹോട്ട് സ്പോട്ടുകളാണ് നിലവിലുള്ളത്. അതിർത്തി പ്രദേശത്ത് നിയന്ത്രണം ശക്തമാക്കും.
ജില്ലാ അതിർത്തി കടന്നുള്ള നിത്യേനയുള്ള പോക്കുവരവ് ഇനി സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേശ്വരത്ത് നിരവധി പേർ ദിവസവും മംഗലാപുരത്തേക്കും തിരിച്ചും പോയി വരുന്നുണ്ട്. ഇതു രോഗവ്യാപനത്തിന് ഇടയാക്കും എന്നതിനാൽ ദിവസേനയുള്ള പോക്കുവരവ് പറ്റില്ല. ജോലിയാവശ്യത്തിന് പോകുന്നുവെങ്കിൽ അവർ മാസത്തിൽ ഒരു തവണ വരുന്ന രീതിയിൽ യാത്ര ക്രമീകരിക്കണം. ഐടി മേഖലയിൽ മിനിമം പ്രവർത്തനം അനുവദിക്കാൻ സാഹചര്യമൊരുക്കും. ട്രിപ്പിൾ ലോക്ക് ഡൗൺ മൂലം ടെക്നോപാർക്കിലെ കമ്പനികൾ ബുദ്ധിമുട്ടുന്നു അവിടെ മിനിമം ജോലി സൗകര്യം അനുവദിക്കും.
മന്ത്രിമാരുടെ ഓഫീസുകളിൽ മിനിമം സ്റ്റാഫിനെ നിർത്തി വേണം പ്രവർത്തിക്കാൻ. നമ്മുടെ സംസ്ഥാനത്ത് പാരാമിലിറ്റിറി വിഭാഗത്തിൽപ്പെട്ട് 104 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. താമസത്തിനിടെ അവർക്ക് രോഗം പകരാതിരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.
മരണപ്പെട്ടവരുടെ കോവിഡ് പരിശോധന പെട്ടെന്ന് പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കാൻ നിർദേശിച്ചു. തിരുവനന്തപുരത്ത് കോവിഡ് പ്രതിരോധത്തിനായി ശക്തമായ പ്രവർത്തനമാണ് ആദ്യം മുതൽ നടത്തി വന്നത്. തലസ്ഥാന നഗരിയായതിനാൽ പല നാട്ടിൽ നിന്നുള്ളവർ തിങ്ങിപ്പാർക്കുന്ന നഗരമാണ് തിരുവനന്തപുരം. അതോടൊപ്പം തമിഴ്‌നാടുമായും തിരുവനന്തപുരം അതിർത്തി പങ്കിടുന്നു. പലതരം ആവശ്യങ്ങൾക്കായി തമിഴ്നാട്ടിൽനിന്നും നിരവധി പേർ വരുന്നു.
ആദ്യ രണ്ട് ഘട്ടത്തിൽ തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കുറവായിരുന്നു. ആദ്യം 17 പേർക്കാണ് അവിടെ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 12 പേർ പുറത്തു നിന്നും വന്നതും അഞ്ച് പേർക്ക് വ്യാപനത്തിലൂടേയും കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ മെയ് 4 മുതൽ ഇതുവരെ 274 പേർക്കാണ് തിരുവനന്തപുരത്ത് രോഗം ബാധിച്ചത്. അതിൽ 214 പേർ പുറത്തു നിന്നും വന്നതാണ് 61 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അടുത്തിടെ മണക്കാട് പൂന്തുറ ഭാഗത്ത് നിരവധി പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ജനതിരക്കേറിയ പാളയം സാഫല്യം കോപ്ലക്‌സിലടക്കം രോഗം സ്ഥിരീകരിച്ചു. 22 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതിൽ പലതിലും ഉറവിടം കണ്ടെത്താനായില്ല. നൂറുകണക്കിന് ഓഫീസുകൾ തിരുവനന്തപുരത്തുണ്ട്. ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് കാര്യങ്ങൾ കൈവിടും അതിനാലാണ് സമൂഹിക വ്യാപനമുണ്ടാകും മുൻപ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
പൂന്തുറയിലെ മത്സ്യക്കച്ചവടക്കാരനിൽ നിന്നും ഒൻപത് പേർക്ക് രോഗം ബാധിച്ചു, അവരിൽ നിന്നും വേറെ ചിലരിലേക്കും രോഗം പകർന്നു. തുടർച്ചയായി മത്സ്യം വാങ്ങിയിരുന്ന വ്യക്തി അതു വിൽക്കാൻ പലഭാഗത്തും പോയിരുന്നു. അതിനാൽ വ്യാപകമായി ആൻ്റിജൻ ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്താനാണ് ശ്രമം. ആറ്റുകാൽ, മണക്കടവ് അടക്കമുള്ള മേഖലകളിൽ ചിലർക്ക് കോവിഡ‍് ലക്ഷണം കണ്ടതിനാൽ കോവിഡ് സെൻ്ററിലേക്ക് മാറ്റി. മെഡിക്കൽ റെപ്പുമാർ, മത്സ്യത്തൊഴിലാളികൾ, ഫുഡ‍് ഡെലിവറി ബോയ്‌സ് എന്നിവരെ പ്രത്യേകമായി പരിശോധിക്കുന്നത് തുടരുകയാണ്.