ന്യൂഡൽഹി : ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 3000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ് . രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടക്കുകയും ആകെ മരണം 7000 കടക്കുകയും ചെയ്തു .
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്നു മുതൽ രാജ്യം പുതിയൊരു ഘട്ടത്തിലേക്ക്. ആരാധനാലയങ്ങൾ, മാളുകൾ, വ്യാപാരശാലകൾ എന്നിവ തുറക്കുകയും പല സംസ്ഥാനങ്ങളിലും സർക്കാർ ഓഫിസുകൾ പൂർണമായി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നതോടെ രോഗവ്യാപനം കൂടുമോ എന്നാണ് ആശങ്ക.ജനങ്ങൾ അകലം പാലിക്കുകയും വ്യാപനം ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കിൽ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ മടിക്കില്ലെന്നു സർക്കാർ മുന്നറിയിപ്പു നൽകി.വിദഗ്ധരുമായി ചർച്ച ചെയ്യാതെയാണ് ലോക്ഡൗൺ തീരുമാനങ്ങൾ കൈക്കൊണ്ടത് എന്ന ആരോപണം കേന്ദ്ര സർക്കാർ തള്ളി.
നിതി ആയോഗ് അംഗം (ആരോഗ്യം) അധ്യക്ഷയായി ദേശീയ ദൗത്യസേനയ്ക്ക് രൂപം നൽകിയിരുന്നു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെയും ആരോഗ്യ ഗവേഷണ വകുപ്പിലെയും സെക്രട്ടറിമാരാണ് ഉപാധ്യക്ഷമാർ. സർക്കാർ-സർക്കാരിതര സാങ്കേതിക വിദഗ്ധരടങ്ങുന്ന 21 അംഗ സംഘമാണ് ദൗത്യസേനയിലുള്ളത്. 4 വിദഗ്ധ സംഘങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. കോവിഡ് പരിശോധന, പ്രതിരോധം, ചികിത്സ, നിരീക്ഷണം എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങളും കൃത്യമായി നൽകി.ലോക്ഡൗൺ രാജ്യത്തെ മരണനിരക്കും രോഗബാധയും കുറയ്ക്കാൻ സഹായിച്ചു. ലക്ഷം പേരിൽ 17.23 കേസുകൾ മാത്രമാണ് ഇന്ത്യയിൽ. മരണനിരക്ക് ലക്ഷം പേരിൽ 0.49 മാത്രം– സർക്കാർ പറയുന്നു.
ലോക്ഡൗണിൽ പുതിയ ഇളവുകളുടെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ഉണ്ടെങ്കിലും കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ സർവത്ര ആശയക്കുഴപ്പം.
ഡൽഹിയിൽ ആരാധനാലയങ്ങൾ ശുചീകരണം നടത്തി സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇന്നു തുറക്കുമോയെന്നു വ്യക്തമല്ല. ഡൽഹി അതിരൂപതയ്ക്കു കീഴിലുള്ള പള്ളികൾ ഉടൻ തുറക്കില്ലെന്ന് ആർച്ച്ബിഷപ് അനിൽ കൂട്ടോ അറിയിച്ചു.മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. അകലം, സന്ദർശക നിയന്ത്രണം, സുരക്ഷ എന്നിവ സജ്ജമാക്കിയ ശേഷമേ ക്ഷേത്രം തുറക്കുന്നതു തീരുമാനിക്കൂ എന്ന് ദാദറിലെ സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
തമിഴ്‍നാടും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സർക്കാരിനു തീരുമാനിക്കാമെന്നു മത നേതാക്കൾ അറിയിച്ചിരുന്നു. പുതുച്ചേരിയിൽ ആരാധനാലയങ്ങൾ ഇന്നു മുതൽ തുറക്കും. ബെംഗളൂരുവിൽ രാജാജിനഗർ വെങ്കടേശ്വര ക്ഷേത്രം, ജയനഗർ ജൈന ക്ഷേത്രം കലാശിപാളയ ജാമിയ മസ്ജിദ് തുടങ്ങിയവ നിയന്ത്രണങ്ങളോടെ ഇന്നു തുറക്കും.