ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്ത്. മരണസംഖ്യ 324000 കടന്നു.അതേസമയം ഇന്ത്യയിൽ ഞെട്ടിക്കുന്ന വർദ്ധനയാണ് ഉണ്ടായിരിക്കുന്നത് . ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 5611 പുതിയ കൊവിഡ് കേസുകള്‍. രാജ്യത്ത് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസത്തില്‍ ഇത്രയേറെ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. 140 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് മരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേസുകളുടെ എണ്ണം 5000 കടക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,06,750 ആയി ഉയര്‍ന്നു. 61,149 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണസംഖ്യ 3303 ആണ്.
മഹാരാഷ്ട്രയിൽ 37,136 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ മൂന്നുസംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ഗുജറാത്തില്‍ 12,140, ഡല്‍ഹിയില്‍ 10,554, തമിഴ്‌നാട്ടില്‍ 12,484, എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
കൊവിഡ് ബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞതോടെ ഇന്ത്യ, ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള രാജ്യമായി മാറി. വെല്ലുവിളി വളരെ വലുതാണെന്നും കൊവിഡിനെ പ്രതിരോധിക്കാന്‍ ദ്വിമുഖതന്ത്രം ആവശ്യമാണെന്നും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഒഫ് ഇന്ത്യയിലെ അഡീഷണല്‍ പ്രൊഫസര്‍ രാംമോഹന്‍ പാണ്ഡ പറഞ്ഞു. മഹാമാരി കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനയുണ്ടായെന്നും ബ്ലൂംബര്‍ഗ് കോവിഡ് ഡേറ്റയില്‍ പറയുന്നു. ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു, സൗദിയിൽ 23 മുതൽ 24 മണിക്കൂർ ലോക്ക്ഡൗൺ, ഖത്തറിൽ 1600 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു