ന്യൂഡൽഹി :ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്. നേരത്തെ ഒമ്പതാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് ഏഴിലെത്തിയത്. 24 മണിക്കൂറിനിടെ 8392 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 230 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,90535 ആയി. മരണം 5394 ഉം. രോഗവിമുക്തി നേടിയവരുടെ എണ്ണം 91,819. ഇന്ത്യയിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളത് 93,322 പേരാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്,67655. മരണം 2286. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്തിൽ 16779 കേസുകളും 1038 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളും പട്ടികയിൽ മുന്നിലാണ്.
അതേ സമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കവിഞ്ഞു. യുഎസ്, ബ്രസീൽ, റഷ്യ, സ്പെയിൻ, യു കെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലുള്ളത്.