പത്തനംതിട്ട: കോവിഡ്-19 സ്ഥിരീകരിച്ച മൂന്നുപേരുമായി അടുത്തിടപഴകിയെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍. മൂന്നു പോലീസുകാരും ഇതില്‍ ഉള്‍പ്പെടുന്നു. മകന്റെ ഇറ്റലിയിലെ പെര്‍മിറ്റ് പുതുക്കുന്നതിനും മറ്റുമായി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി കുടുംബം പത്തനംതിട്ട എസ്പി ഓഫിസിലെത്തി അപേക്ഷ നല്‍കിയിരുന്നു.ഇതിന്റെ ഭാഗമായി ഇവരുടെ റാന്നിയിലെ വീട്ടിലെത്തി അന്വേഷണവും നടത്തിയിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരായ മൂന്നുപേരാണ് നിരീക്ഷണത്തിലുള്ളത്.
കേരളത്തിലും കൊറോണ ശക്തമായ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ കൈകൊണ്ടിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. എന്നാല്‍ പരിശോധനയില്‍ നിന്ന് മുങ്ങിയ ഒരു പ്രവാസി കുടുംബത്തിനെതിരെ ആരോഗ്യ മന്ത്രി കെകെ ശൈലജ പൊട്ടിത്തെറിച്ചിരിക്കുകയാണ്. ഇവര്‍ വിമാനത്താവളത്തില്‍ നിന്ന് കൊറോണ പരിശോധനയില്‍ നിന്ന് മുങ്ങിയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ കുടുംബം നിരവധി പേരുമായി ഇടപഴകിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗം എവിടെയൊക്കെ പടര്‍ന്ന് പിടിക്കുമെന്ന് കണ്ടെത്താനാവാത്ത സാഹചര്യമാണ് ഉള്ളത്. ഇവര്‍ കോട്ടയം, കൊല്ലം ജില്ലകളിലും സഞ്ചരിച്ചു എന്നാണ് കണ്ടെത്തല്‍. ഇവരില്‍ നിന്ന് തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം ഇവര്‍ മനസ്സിലാക്കിയില്ലെന്നാണ് ആരോപണം.
ഇറ്റലിയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഇവരുടെ ഭാഗത്ത് നിന്ന് അതീവ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി 28ന് വെനീസില്‍ നിന്നും ംദോഹയിലെത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. കൊറോണ ബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാന്‍ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു.
രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തില്‍ ഈ പരിശോധനയ്ക്ക് വിധേയരായിട്ടില്ല. ഇവര്‍ അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കളും എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യ കാറില്‍ ഇവര്‍ അഞ്ച് പേരും കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും, നിരവധി പേരുമായി ഇടപഴുകയും ചെയ്തിട്ടുണ്ട്.
ഇവര്‍ ഇടപഴകിയവരെ കണ്ടെത്തുക എന്നത് ആരോഗ്യവകുപ്പിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് ഇവര്‍ വന്ന വിമാനത്തില്‍ തന്നെ 350ഓളം പേരുണ്ടായിരുന്നു എന്നാണ് വിവരം. ്അതേസമയം പ്രവാസി കുടുംബം വിമാനത്താവളത്തില്‍ വച്ച് തന്നെ പരിശോധനയോട് സഹകരിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര സങ്കീര്‍ണമാകില്ലായിരുന്നുവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. തീര്‍ത്തും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് രോഗബാധിതരില്‍ നിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു.
രോഗികളായ സ്ഥിതിക്ക് അവരുടെ ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ആരോഗ്യവകുപ്പിന് ഒന്നും മറച്ചുവെക്കാനില്ല. പരിശോധനകളുമായി സഹകരിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രമേ എല്ലാവര്‍ക്കും ഉണ്ടാകൂ. രോഗവിവരം അവര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്കും സമൂഹത്തിനും അത് ഗുണം ചെയ്‌തേനെ. ഇതിപ്പോല്‍ എത്ര ആളുകളാണ് ഇനി ആശങ്കയോടെ ജീവിക്കേണ്ടത്. എത്രയോ ദിവസങ്ങളായി ഊണും ഉറക്കവുമില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണയ്‌ക്കെതിരെ പോരടിക്കുകയാണ്. അവരോട് സഹകരിക്കാതെ ഇങ്ങനെയുള്ള ഉപദ്രവം എന്തിനാണ് ഉണ്ടാക്കി വെക്കുന്നതെന്നും ശൈലജ ചോദിച്ചു.
വിദേശത്ത് നിന്നും വന്നവരുണ്ടെങ്കില്‍ അടുത്തുള്ള മെഡിക്കല്‍ ഓഫീസറെ രോഗവിവരം അറിയിക്കണം. നിങ്ങള്‍ക്ക് അതിലൂടെ എന്താണ് നഷ്ടപ്പെടാനുള്ളത്. ഞങ്ങളെ സമീപിച്ചവരെയെല്ലാം നല്ല രീതിയിലാണ് പരിചരിക്കുന്നത്. വൈറസ് ശരീരത്തില്‍ വെളിപ്പെടാന്‍ 14 ദിവസം വരെ വേണ്ടി വരും. ഈ സമയം അവരുമായി ബന്ധപ്പെട്ടവര്‍ക്ക് രോധബാധയ്ക്ക് സാധ്യതയുണ്ട്. ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ എല്ലാവരെയും രക്ഷിക്കാനാണ് കര്‍ശനമായി ഇടപെടുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം പ്രവാസി കുടുംബം കേരളത്തിലെത്തിയ ശേഷം ആശുപത്രിയില്‍ അഡ്മിറ്റാവും വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ ആരെല്ലാരമായി ബന്ധപ്പെട്ടു എന്ന വിവരങ്ങള്‍ കണ്ടെത്താന്‍ എട്ട് ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നുള്ള കുടുംബത്തിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത. രോഗബാധിതരുമായി ബന്ധപ്പെട്ട മൂവായിരം പേരെങ്കിലും പത്തനംതിട്ട ജില്ലയില്‍ ഉണ്ടാകുമെന്ന് പ്രാഥമിക വിലയിരുത്തല്‍. നാട്ടിലെത്തി ആറ് ദിവസത്തിനിടെ കൊല്ലം, പുനലൂര്‍, കോട്ടയം എന്നീ സ്ഥലങ്ങളിലെ ബന്ധുവീടുകള്‍ പത്തംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, റാന്നിയിലെ ഒരു ആശുപത്രി എന്നിവിടങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതരും ഇവരോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരും 200 വീടുകളെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.