യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ.ഹെെപ്പർ ടെൻഷനുള്ളയാൾക്ക് ഡോളോ വാങ്ങിയത് എന്തിന്?​ ആംബുലൻസിൽ കയറാതെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ പോയി: റാന്നി സ്വദേശികളുടെ വാദം തള്ളി കളക്ടർ

പത്തനംതിട്ട:കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനം. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾ യാത്രാ വിവരമോ പനി ബാധിച്ച കാര്യമോ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ബന്ധുക്കൾ ചികിത്സ തേടിയപ്പോഴാണ് ആരോഗ്യ വകുപ്പ് വിവരം അറിഞ്ഞത്. വിവാദമുണ്ടാക്കേണ്ട സമയമല്ല ഇതെന്നും കളക്ടർ വ്യക്തമാക്കി. പത്ത് പേരാണ് കോന്നിയിൽ ഇപ്പോഴും ഐസൊലേഷൻ വാർഡിൽ ഉള്ളത്. ഐസൊലേഷൻ വാർഡുകളുടെ എണ്ണം കൂട്ടും. വിവാഹം രണ്ടാഴ്ച മാറ്റിവയ്‌ക്കണമെന്നും അല്ലെങ്കില്‍ മതചടങ്ങ് മാത്രം നടത്തണമെന്നും കളക്ടർ നിർദേശിച്ചു.

ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ നിർബന്ധമായും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വയം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം. റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നടപടി എടുക്കും. മനഃപൂർവ്വം പകർച്ചവ്യാധി പടർത്തുന്നതായി കണക്കാക്കി കേസെടുക്കും. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകും. കൊറോണയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ യോഗം ചേർന്ന് വിലയിരുത്തി. രോഗ ബാധിതർ ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടയിലെ കുടുംബം വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകാത്തതിനെ തുടർന്നാണ് ഇത്. ഇവർ രോഗം മറച്ചുവെച്ചത് മറ്റുള്ളവരിലേക്ക് പടരാൻ കാരണമായി എന്നാണ് സർക്കാർ വിലയിരുത്തൽ. മറച്ചുവെച്ചില്ലെന്നും നിർബന്ധിക്കാതെ തന്നെ ആശുപത്രിയിൽ പോയതെന്നുമുള്ള ഈ കുടുംബത്തിന്റെ അവകാശവാദവും പത്തനംതിട്ട കളക്ടർ തള്ളി. നാട്ടിലെത്തിയ ശേഷം ഇവർ പനിക്ക് മരുന്ന് വാങ്ങിയിരുന്നു. ബന്ധുക്കൾക്ക് രോഗലക്ഷണങ്ങൾ കണ്ട ശേഷം ആരോഗ്യ വകുപ്പ് നിർബന്ധിച്ചാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കളക്ടർ നൂഹു അറിയിച്ചു. രോഗം ബാധിച്ചവരുടെ പ്രായമായ മാതാപിതാക്കളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

പത്തനംതിട്ടയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ബസിൽ ജോലി ചെയ്യുന്ന ജീവനക്കർക്ക് മാസ്‌ക് ധരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട കോടതിയിലെ സാധാരണ നടപടികൾ അഞ്ച് ദിവസത്തേക്ക് നിറുത്തി വച്ചു. പവിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾ കഴിയുമെങ്കിൽ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ അഞ്ചും കൊച്ചിയിൽ മൂന്നു വയസുകാരനുമടക്കം നിലവിൽ സംസ്ഥാനത്ത് ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവരായിരുന്നു. ഇവരിൽ നിന്നാണ് ബന്ധുക്കളായ മറ്റു രണ്ടു പേർക്ക് പകർന്നത്. കൊച്ചിയിൽ ഇറ്റലിയിൽ നിന്ന് തന്നെ എത്തിയ കുടുംബത്തോടൊപ്പമെത്തിയ മൂന്നു വയസുകാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നിന്ന് തന്നെ ഈ കുഞ്ഞിന് രോഗലക്ഷണങ്ങൾ കണ്ടെത്താനായിരുന്നു.

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ തന്നെ ആരംഭിക്കും. കോവിഡ് രോഗബാധ പടരുന്നതിനാൽ എല്ലാ സ്‌കൂളുകൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. പത്തനംതിട്ട ജില്ലയിൽ പ്രത്യേകം ശ്രദ്ധചെലുത്തും. രോഗലക്ഷണമുള്ളവർക്ക് പ്രത്യേക സൗകര്യമൊരുക്കും. ഐസലേഷനിലുള്ളവർക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 ഭീതി വർധിച്ചു വരുന്ന സാഹചര്യത്തിൽ വിപുലമായ പ്രതിരോധനടപടികൾ സ്വീകരിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം. ജില്ലയിലെ രണ്ട് ആശുപത്രികൾ പൂർണമായും ഐസൊലേഷൻ വാർഡുകളാക്കി മാറ്റാനാണ് അധികൃതരുടെ തീരുമാനം റാന്നിയിലേയും പന്തളത്തേയും രണ്ട് സ്വകാര്യ ആശുപത്രികളാണ് പൂർണമായും ഐസൊലേഷൻ വാർഡാക്കി മാറ്റുന്നത്. നിലവിൽ അടച്ചിട്ടിരിക്കുന്ന ഈ രണ്ട് ആശുപത്രികളും താത്കാലിക ഐസൊലേഷൻ ക്യാംപാക്കി മാറ്റുന്നതിനായി മാനേജ്‌മെന്റുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു.

റാന്നിയിലെ അയ്യപ്പ മെഡിക്കൽ കോളേജ്, പന്തളത്തെ അർച്ചന ഹോസ്പിറ്റൽ എന്നീ ആശുപത്രികളാണ് താത്കാലിക ക്യാംപുകളായി മാറ്റുന്നത്. ഈ രണ്ട് ആശുപത്രികളും ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും. കോവിഡ് 19 ബാധയിൽ മൂവായിരത്തോളം പേർ ജില്ലയിൽ മാത്രം നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണ് ഇത്രയും വിപുലമായ പ്രതിരോധ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കോവിഡ് 19നെ നേരിടാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് താത്കാലിക ക്യാംപുകൾ ക്രമീകരിക്കുന്നതെന്ന് ജില്ലാ കളക്ടർ പിബി നൂഹ് വ്യക്തമാക്കി.

അതേസമയം കോവിഡ് 19 ബാധിതരായിരുന്ന ഇറ്റാലിയൻ പ്രവാസി കുടുംബം സന്ദർശിക്കുകയും അടുത്ത് ഇടപഴക്കുകയും ചെയ്ത കൂടുതൽ പേരെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. വീടുകളിൽ നിരീക്ഷണത്തിലുള്ള പത്ത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. പ്രവാസികുടുംബത്തിന്റെ കൊല്ലത്തെ എട്ടോളം ബന്ധുക്കളെ നേരത്തെ തന്നെ ഐസൊലേഷൻ ക്യംപുകളിലേക്ക് മാറ്റിയിരുന്നു. നിലവിൽ ഒൻപത് സാംപിളുകളാണ് പത്തനംതിട്ടയിൽ നിന്നും പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലെ എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും മാസ്‌കുകൾ നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ കെഎസ്ആർടിസി ജീവനക്കാരുടെ പഞ്ചിങ് നിർത്തിലാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കോടതിയിൽ റഗുലർ സിറ്റിങ് 13 വരെ നിർത്തി വച്ചു.

അതേസമയം,​ രോഗ സാദ്ധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്നാണ് റാന്നി സ്വദേശികൾ വ്യക്തമാക്കിയിരുന്നത്. 29 ന് കൊച്ചി വിമാനമിറങ്ങി അടുത്ത ആറിന് തൊട്ടടുത്ത് താമസിക്കുന്ന അടുത്ത ബന്ധുവിന് രോഗബാധ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല. അടുത്ത ബന്ധുവിന് രോഗ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അന്വേഷണങ്ങളുമായി വീട്ടിലെത്തുന്നത്.യാത്രാ വിവരം അറിഞ്ഞ് ബന്ധപ്പെട്ടപ്പോൾ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് അടക്കമുള്ള വിവരങ്ങൾ പറഞ്ഞിരുന്നു. ഹൈപ്പര്‍ ടെൻഷന് ചികിത്സ തേടി എന്ന് മാത്രമാണ് പറഞ്ഞത്. കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നത് അപ്പോഴും മറച്ച് വയ്ക്കുകയാണ് കുടുംബം ചെയ്തത്. പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പനിക്കുള്ള മരുന്ന് ഡോളോയും വാങ്ങിയെന്ന് അറിഞ്ഞതെന്നും കളക്ടര്‍ പറഞ്ഞു. ആംബുലൻസിൽ വരാൻ തയ്യാറാകാതെ ഇവരുടെ സ്വന്തം വാഹനത്തിലാണ് ആശുപത്രിയിൽ പോയതെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

Top