വില്ലൻ വേഷത്തിൽ നിന്നും നായകനായി!.രാഷ്ട്രീയത്തിൽ അധികനാൾ വാഴില്ലെന്ന് കണക്കുകൂട്ടി.വിവാഹവും വിവാഹമോചനവും, പെൺ സൗഹൃദങ്ങളും ഒടുവിൽ ഭാര്യ സുനന്ദാ പുഷ്കറിന്റെ മരണവും മലയാളി മനസിൽ വില്ലൻ പരിവേഷം നൽകി.ഒടുവിൽ കൊറോണയിൽ ‘തരൂർ മാജിക്കൽ ടച്ച്’.അത്ഭുതപ്പെടുത്തുകയാണ് ഈ മനുഷ്യൻ.

ഹേമ ശിവപ്രസാദ് 

തിരുവനന്തപുരം :കേരള രാഷ്ട്രീയത്തിൽ നിനച്ചിരിക്കാതെ വീണ്ടുമൊരു ‘ശശി തരൂർ മാജിക്കൽ ടച്ച്‘. അത്ഭുതപ്പെടുത്തുകയാണ് ഈ മനുഷ്യൻ. ഒരു രാഷ്ട്രീയക്കാരന് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുമോ? രാഷ്ട്രീയക്കളത്തിൽ ഇറങ്ങി അധികനാൾ ആവുന്നതിന് മുൻപു തന്നെ ‘cattle class ‘ പ്രയോഗത്തിലൂടെ മലയാളി മനസിൽ വെറുപ്പിന്റെ വിത്ത് പാകിയ മനുഷ്യൻ. രാഷ്ട്രീയത്തിൽ അധികനാൾ വാഴില്ലെന്ന് എല്ലാവരും കണക്കുകൂട്ടി. വിവാഹവും വിവാഹമോചനവും, പെൺ സൗഹൃദങ്ങളും ഒടുവിൽ ഭാര്യ സുനന്ദാ പുഷ്കറിന്റെ ദുർമരണവും മലയാളി മനസിൽ അയാൾക്കൊരു വില്ലൻ പരിവേഷം നൽകി. സ്വന്തം പാർട്ടി പ്രവർത്തകർക്കിടയിൽപ്പോലും അനഭിമതനായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ അതൊന്നും അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് ഗോദയിലെ വിജയത്തിന് തടസമായില്ല. ഒന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്ന നാട്യത്തിൽ തരൂർ തന്റെ പ്രവർത്തനങ്ങൾ തുടർന്നു. ലോകം ചുറ്റിയും പുസ്തക രചന നടത്തിയും ജാതി, മത വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞും, മോദിയെ പ്രകീർത്തിച്ചും വിമർശിച്ചും രാഷ്ട്രീയത്തിൽ സാന്നിദ്ധ്യം അറിയിച്ചു. , കലിയടങ്ങാത്ത മലയാളി ഇടയ്ക്കിടെ, കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പ്രയോഗങ്ങളുടെ പേരിൽ കളിയാക്കിയും ട്രോളുകൾ ഉണ്ടാക്കിയും, ആത്മസംതൃപ്തി നേടി. എന്നിട്ടും തരൂർ ചെറുപുഞ്ചിരിയോടെ രാഷ്ട്രീയ പ്രവർത്തനം തുടർന്നു. താൻ ചെയ്യുന്നത് എന്താണെന്ന് കൃത്യമായ ധാരണയുള്ള ‘പ്രൊഫഷണൽ ‘ രാഷ്ട്രീയക്കാരനായിരുന്നു. ശശി തരൂർ.

നമ്മുടെ രാഷ്ട്രീയത്തിന് ‘Fit ‘ ആവാത്ത തരൂർ മലയാളികളുടെ മനസിൽ ചെറുചലനമുണ്ടാക്കിയത് കൊറോണക്കാലത്തിന്റെ മധ്യത്തിലാണ്. രമേശ് ചെന്നിത്തലയെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ സംസ്ഥാന സർക്കാരിന്റെ ജനസമ്മതി ഉയരുന്നത് കണ്ട് വിറളി പിടിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടി പരിഹാസ്യ കഥാപാത്രമായപ്പോൾ, ശശി തരൂർ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തന്റെ ആഗോളസൗഹൃദവും എം.പി. ഫണ്ടുമുപയോഗിച്ച് തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ വാങ്ങി സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് ശക്തിപകർന്നു. ഇതു വരെ കാണാത്തൊരു മാതൃകയായി .

പോസിറ്റീവ് രാഷ്ട്രീയ ‘ത്തിന്റെ കാലം.

കേന്ദ്രത്തിലും, സംസ്ഥാനത്തും പ്രതിപക്ഷ ഇടപെടലുകൾ മറന്ന് കോൺഗ്രസ് തകർന്നിരിക്കുമ്പോൾ, പ്രതീക്ഷയുടെ നറുവെട്ടവുമായി തരൂർ ഇപ്പോൾ ജനഹൃദയങ്ങൾ കീഴടക്കുകയാണ്. കൊറോണ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ചു കൊണ്ട് തരൂർ എഴുതിയ ലേഖനം ജനങ്ങൾ ഏറ്റെടുത്തത് പോസിറ്റീവ് രാഷ്ട്രീയ ‘ത്തിന്റെ കാലം വരാൻ പോകുന്നതിന്റെ സൂചനയാണ്. ‘നല്ലത് കാണുമ്പോൾ നല്ലതെന്ന് പറയുക. തെറ്റുകൾ ചൂണ്ടിക്കാട്ടുക.’ രാഷ്ട്രീയം അതിന് തടസമാകരുതെന്ന ഓർമ്മപ്പെടുത്തലാണ് ശശി തരൂരിന്റെ ലേഖനം.

കൊറോണാ പ്രതിരോധത്തിൽ കേരളം മുൻപന്തിയിൽ എത്തിയത് എങ്ങനെയെന്ന് വിശദീകരിക്കുന്ന ലേഖനം വന്നത് രണ്ടു ദിവസം മുൻപ് ‘ദ പ്രോജക്ട് സിൻഡിക്കേറ്റി’ലാണ് . ആരോഗ്യരംഗത്തെ അടിയന്തിര ഘട്ടങ്ങളെ നേരിടാനുള്ള ‘കേരളാ മോഡലി’നെ ലോകം പ്രകീർത്തിച്ച് തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞാണ് ലേഖനം തുടങ്ങിയിരിക്കുന്നത്. തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷമുള്ള കേരളത്തിന്റെ തിരിച്ചുവരവിനെ ‘Flattening the curve’ എന്ന മനോഹരമായ പ്രയോഗത്തിലൂടെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നു.

“ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ കൊറോണയ്ക്കെതിരെ പോരാടുമ്പോൾ അതിലൊരു സംസ്ഥാനം മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.” ഒരു competition item ഒന്നുമല്ലെങ്കിലും തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ഘട്ടത്തിൽ ഈ പോരാട്ടങ്ങൾക്ക് രാഷ്ട്രീയ മാനം ഏറെയുണ്ടെന്ന് ശശി തരൂർ എം പി യിലെ കോൺഗ്രസുകാരന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷേ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്നയാൾക്ക് ‘ദുരന്തത്തിൽ നിന്നുള്ള മുതലെടുപ്പിനെ’ക്കുറിച്ച് ബേജാറാവേണ്ട കാര്യമില്ല.

”മാർച്ച് 24ന് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലായിരുന്നു. പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാതെ പെട്ടെന്നുതന്നെ കൊറോണയെ പിടിച്ചു നിർത്താൻ കഴിഞ്ഞു. ” അടിയന്തരഘട്ടം നേരിടുമ്പോൾ ‘മനുഷ്യത്വം’ നോക്കാൻ പലപ്പോഴും കഴിയാറില്ലല്ലോ! ഈ മനുഷ്യത്വത്തെ ‘കേരളാ മോഡലി’ന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നായി തരൂർ പറയാതെ പറയുന്നത് അതുകൊണ്ടായിരിക്കണം.

എന്താണ് കേരളത്തിന്റെ വിജയരഹസ്യം?

ഒരു സംശയവും അദ്ദേഹത്തിനില്ല; സർക്കാരിന്റെ ചിട്ടയായ പ്രവർത്തനം തന്നെ. കൃത്യമായ പരിശോധന, രോഗനിർണ്ണയം, വിപുലമായ സമ്പർക്ക പട്ടിക എന്നിവയൊക്കെ ഉൾപ്പെട്ട നേരെ ചൊവ്വെയുള്ള പ്രവർത്തനങ്ങൾ. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശം പിന്തുടർന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ക്വാന്റയിൻ 14 ദിവസം ആക്കിയപ്പോൾ കേരളത്തിൽ അത് 28 ദിവസമായിരുന്നു എന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊറോണയെ പ്രതിരോധിക്കാനുള്ള നടപടികളിൽ സംസ്ഥാനം കേന്ദ്രത്തേക്കാൾ ബഹുദൂരം മുന്നിലായിരുന്നുവെന്നും തരൂർ പറയുന്നു. “പല സംസ്ഥാനങ്ങളും പൗരൻമാരെ കേവലം വസ്തുക്കളായാണ് കണക്കാക്കുന്നത്. എന്നാൽ ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങൾ.”

കേരളമെന്ന ഒറ്റ യൂണിറ്റ് ..

സംസ്ഥാന സർക്കാരിനെ പുകഴ്ത്തുന്ന ഒരു ലേഖനം മാത്രമായി ഒറ്റനോട്ടത്തിൽ തോന്നാം. കേരളത്തെ പ്രകീർത്തിച്ചുകൊണ്ട് അന്തർദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വന്ന പല ലേഖനങ്ങളും PR Workന്റെ ഭാഗമായുള്ളതാണെന്ന ആരോപണം ഓർക്കുന്നുണ്ടാവുമല്ലോ! ഇതും അത്തരത്തിലുള്ളതാണോ എന്ന ശങ്ക ചിലർക്കെങ്കിലും ഉണ്ടാകും. എന്നാൽ ഗഹനമായി ചിന്തിച്ചാൽ ശശി തരൂർ ലേഖനത്തിലൂടെ പ്രകീർത്തിക്കുന്നത് പിണറായി സർക്കാരും പ്രതിപക്ഷവും ജനങ്ങളും ഒക്കെ ഉൾപ്പെട്ട കേരളമെന്ന ഒറ്റ യൂണിറ്റിനെയാണെന്ന് കാണാം.

ശശി തരൂർ എന്ന രാഷ്ട്രീയക്കാരനിൽ നിന്ന് അക്കാദമീഷ്യനിലേക്കുള്ള പകർന്നാട്ടമാണ് തുടർന്നുള്ള വരികൾ. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തെ കൃത്യമായി വിശകലനം ചെയ്തിട്ടുണ്ട് അദ്ദേഹം. ഈ വിജയം ഒരിക്കലും കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഒറ്റയാൾ പോരാട്ടം അല്ല. വർഷങ്ങൾ കൊണ്ട് നമ്മൾ മലയാളികൾ കെട്ടിപ്പെടുത്ത മികച്ച സാമൂഹിക പശ്ചാത്തലം തന്നെയാണ് ഈ വിജയത്തിന്റെ അടിത്തറയെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

“ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് മികച്ച പൊതുജനാരോഗ്യ സംവിധാനം ഉണ്ട്. അധികാര വികേന്ദ്രീകരണവും, ഗ്രാമസഭകൾക്ക് ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യവും, പൊതുജന പങ്കാളിത്തവും നമ്മുടെ മേന്മകളാണ്.” പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള അടിയന്തരഘട്ടങ്ങളെ നേരിട്ടുള്ള പ്രവർത്തന പരിചയവും വിജയത്തിന്റെ ഘടകമായെന്ന് തരൂർ സൂചിപ്പിക്കുന്നു. ഉയർന്ന സാക്ഷരതാ നിരക്ക്, സ്ത്രീ ശാക്തീകരണം, ഉയർന്ന ആയുർദൈർഘ്യം, പിന്നോക്ക ക്ഷേമം, ആരോഗ്യമേഖലയിലെ നേട്ടങ്ങൾ തുടങ്ങിയ നാഴികക്കല്ലുകളൊക്കെ ലേഖനം വിശകലനം ചെയ്യുന്നുണ്ട്.

കേരളം നിലവിൽ വന്ന ശേഷം മാറി മാറി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് കക്ഷികൾക്ക് വിജയത്തിൽ തുല്യ പങ്കാളിത്തം നൽകിയിരിക്കുന്നു. തീർച്ചയായും പിണറായി സർക്കാരിന് കയ്യടിയുണ്ട്. നേരത്തേ പറഞ്ഞ സാമൂഹ്യ പശ്ചാത്തലമെന്ന foundation നെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയതാണ് ഈ സർക്കാരിന് മേൽക്കോയ്മ നൽകിയിരിക്കുന്നത്. എല്ലാ സർക്കാരുകൾക്കും അത് കഴിയണമെന്നില്ല.

ആരാണ് ചാമ്പ്യൻമാർ?

തരൂരിന്റെ കാഴ്ചപ്പാടിൽ തീർച്ചയായും ജനങ്ങൾ തന്നെ. “വിദ്യാസമ്പന്നരായ കേരളീയർ പ്രതിസന്ധിയിൽ ഉടനീളം സാമൂഹ്യ ഉത്തരവാദിത്വം പാലിച്ചു. സാമൂഹികാകലം പാലിച്ചുകൊണ്ട് സമൂഹ വ്യാപനത്തിനുള്ള സാധ്യത കുറച്ചു. സർക്കാരുമായുള്ള ജനങ്ങളുടെ സഹകരണമാണ് മറ്റൊരു പോയിന്റ്. സർക്കാരാകട്ടെ പൊതു ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കുകയും ചെയ്തു. ജനങ്ങളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെട്ടു, സുതാര്യത ഉറപ്പാക്കി, ഔദ്യോഗിക ചാനലുകളിൽക്കൂടി ബോധവൽക്കരണ സന്ദേശം നൽകി, വ്യാജവാർത്തകളെ അകറ്റി നിർത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നിയമം അടിച്ചേൽപ്പിച്ചില്ല. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകി. അവർക്കായി സ്വന്തം ഭാഷയിൽ ആരോഗ്യ ബോധവൽക്കരണ സന്ദേശം നൽകി.” മറ്റ് സംസ്ഥാനങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളെ എങ്ങനെയാണ് പരിഗണിച്ചതെന്നും ലേഖനം ചോദിക്കുന്നു.

“വിദേശ മാധ്യമങ്ങൾ നിരീക്ഷിച്ചതു പോലെ, ജനങ്ങൾക്ക് ഭരണഘടനയോടും, ജനപ്രതിനിധികളോടുമുള്ള വിശ്വാസത്തിന്റെ ഉന്നതമായ പ്രതിഫലനമാണ് കേരളത്തിൽ കണ്ടത്. ” ഹോം ക്വാറന്റയിനിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ എത്തിച്ച പോലീസിനെയും രണ്ട് ലക്ഷത്തോളം മാസ്കുകളും ഹാൻഡ് സാനറ്റൈസറ്റുകളും നിർമ്മിച്ച് കൂട്ടുത്തരവാദിത്വത്തിൽ പങ്കാളികളായ കുടുംബശ്രീയെയും അദ്ദേഹം മറക്കുന്നില്ല. പാവങ്ങൾക്ക് ഭക്ഷണം നൽകാനുള്ള കമ്മ്യൂണിറ്റി കിച്ചനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

പ്രതിപക്ഷം തളർന്നു പോകുമ്പോൾ പ്രതീക്ഷ:

മുഖ്യ എതിരാളികളായ കേന്ദ്ര സർക്കാരിനെതിരെ ഒളിയമ്പുകൾ എയ്യാനും മറക്കുന്നില്ല. ലോകത്തിന് തന്നെ മാതൃകയായ, മൂക്കിന് താഴെയുള്ള, കേരളത്തിന്റെ വിജയഗാഥയെ കേന്ദ്രം അവഗണിക്കുന്നു എന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.

നെറികെട്ട രാഷ്ട്രീയക്കാലത്ത് നല്ലൊരു മാതൃകയാണ് തരൂർ. ഒരു ദുരന്തം പേമാരി പോലെ പെയ്തു തോരുമ്പോൾ, ഒറ്റിക്കൊടുക്കാതെ ചേർത്തുനിർത്തുന്ന, നമുക്ക് പരിചയമില്ലാത്ത പോസിറ്റീവ് രാഷ്ട്രീയത്തിന്റെ വക്താവ്.

കേന്ദ്രത്തിലായാലും കേരളത്തിലായാലും, ഒരു സർക്കാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ശക്തരായ പ്രതിപക്ഷമുള്ളപ്പോഴാണെന്നാണ് വിശ്വസിക്കുന്നത്. സർക്കാരിന്റെ ചെയ്തികളെയെല്ലാം കണ്ണടച്ച് തള്ളിക്കളയുകയല്ല, മറിച്ച് ക്രോസ് വിസ്താരം ചെയ്ത് തെറ്റിനെയും ശരിയെയും വേർതിരിക്കുന്ന അരിപ്പയാവുകയാണ് വേണ്ടത്. ആ കർത്തവ്യത്തിൽ കോൺഗ്രസെന്ന പ്രതിപക്ഷം തളർന്നു പോകുമ്പോൾ പ്രതീക്ഷയാവുകയാണ് ഈ രാഷ്ട്രീയ കാഴ്ചപ്പാട്.

Top