കൊറോണ; 90,000 പ്രവാസികൾ സംസ്ഥാനത്തെത്തി. കേന്ദ്രസഹായം ആവശ്യപ്പെട്ട് പഞ്ചാബ്‌., പലർക്കും രോഗലക്ഷണങ്ങൾ

ന്യൂഡൽഹി:ലോകം കൊറോണ ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ഇതുവരെ പതിനായിരത്തോളം പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. മൂന്ന് ലക്ഷത്തിലധികം പേർക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതിനാൽ രോഗവ്യാപനം തടയാൻ കേന്ദ്രസഹായം ആവശ്യപ്പെട്ട് പഞ്ചാബ്‌. തൊണ്ണൂറായിരത്തോളം പ്രവാസികളാണ് ഇതിനോടകം തന്നെ നാട്ടിലെത്തിയത്. ശുചിത്വം, മെഡിക്കൽ തയ്യാറെടുപ്പുകൾ എന്നിവയ്ക്കായി കേന്ദ്രസർക്കാർ 150 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ആരോഗ്യമന്ത്രി ബാൽഭിർ സിംഗ് സിദ്ദു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധന് കത്തയച്ചു.

‘ഇന്ത്യയിൽ പ്രവാസികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഈ മാസം മാത്രം തൊണ്ണൂറായിരം പേരാണ് നാട്ടിലെത്തിയത്. പലർക്കും കൊറോണ ലക്ഷണങ്ങളുണ്ട്. അവരിൽ നിന്ന് രോഗം പടരുകയും ചെയ്യുന്നു. രോഗികളുടെ എണ്ണം ഭയാനകമായ രീതിയിൽ വർദ്ധിക്കാൻ പോകുകയാണ്’-ബാൽഭിർ സിംഗ് അയച്ച കത്തിൽ പറയുന്നു.പഞ്ചാബിൽ ഇതുവരെ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അവരിൽ ഒരാൾ മരിക്കുകയും ചെയ്തു.വൈറസ് വ്യാപനം തടയാനായി കർശന നടപടികളാണ് പഞ്ചാബ് സ്വീകരിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പ് തന്നെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിർത്തലാക്കി. കെറോണാവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കർഫ്യു ഏർപ്പെടുത്തിയ ആദ്യസംസ്ഥാനമാണ് പഞ്ചാബ്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Top