ലണ്ടൻ :ബ്രിട്ടനിൽ കൊറോണ മരണ സഖ്യ കുതിച്ചുയരുകയാണ് .ഞെട്ടലോടെ ആണ് പ്രവാസികളും.കൊറോണ മരണം ഇന്നലെ ആഗോളതലത്തിലുള്ള റെക്കോര്‍ഡായ 938ല്‍ എത്തിയത് കടുത്ത ആശങ്കയുയര്‍ത്തുന്നു. ഇതിന് മുമ്പ് ഇറ്റലിയില്‍ മാര്‍ച്ച് 27ന് രേഖപ്പെടുത്തിയ പ്രതിദിന മരണസംഖ്യയായ 919നെയാണ് ഇന്നലെ ബ്രിട്ടന്‍ മറി കടന്നിരിക്കുന്നത്. ഇതിന് പുറമെ ഇന്നലെ രാജ്യത്ത് പുതുതായി 5491 കേസുകളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ബ്രിട്ടനിലെ മൊത്തം രോഗികളുടെ എണ്ണം 60,733 ആയും മൊത്തം മരണസംഖ്യ 7097 ആയുമാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ കൊറോണ ബാധിച്ചുള്ള ഹോസ്പിറ്റല്‍ അഡ്മിഷനുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുറവ് മാത്രമാണ് ഭീതിദമായ അവസ്ഥയില്‍ ഏക ആശ്വാസമായിരിക്കുന്നത്.
കൊറോണയെ പിടിച്ച്‌കെട്ടുന്നതിന് രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഫലിച്ച് തുടങ്ങിയതിനാലാണ് ഹോസ്പിറ്റല്‍ അഡ്മിഷനുകളില്‍ കുറവുണ്ടായിരിക്കുന്നതെന്നും അക്കാരണത്താല്‍ ലോക്ക്ഡൗണ്‍ അടുത്ത കാലത്തൊന്നും റദ്ദാക്കില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ബ്രിട്ടനില്‍ ചൊവ്വാഴ്ച കൊറോണ കാരണമുണ്ടായ 786 പേര്‍ എന്ന മരണസംഖ്യയാണ് ഇന്നലെ 938 എന്ന റെക്കോര്‍ഡിലേക്കുയര്‍ന്നിരിക്കുന്നത് .
അതിനാല്‍ ഈ വരുന്ന തിങ്കളാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ മൂന്നാഴ്ച പൂര്‍ത്തിയാകുകയാണെങ്കിലും അതിന് വിരാമമിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത് കാര്യങ്ങളെ കൂടുതല്‍ രൂക്ഷമാകുമെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് ആവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപടികള്‍ കര്‍ക്കശമാക്കിയതിനാലാണ് പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കൊറോണക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായിരിക്കുന്നതെന്നാണ് ഗവണ്‍മെന്റ് ഡെപ്യൂട്ടി ചീഫ് സയന്റിഫിക് അഡൈ്വസറായ പ്രഫ. ഏയ്ജെല മാക്ലീന്‍ പറയുന്നത്.
മരണം റെക്കോര്‍ഡിലെത്തിയെങ്കിലും സൂക്ഷ്മമായി അവലോകനം ചെയ്താല്‍ കൊറോണ രാജ്യത്ത് നിയന്ത്രണത്തിന് കീഴ്‌പ്പെടുന്നുവെന്ന് മനസിലാക്കാനാവുമെന്നും ഏയ്‌ജെല പറയുന്നു. രാജ്യത്ത് വരുംദിവസങ്ങളില്‍ കോവിഡ്-19 മൂര്‍ധന്യത്തിലെത്തുന്നതിന്റെ ഫലമായി ഇന്നലത്തെ റെക്കോര്‍ഡ് മരണസംഖ്യ വരും ദിവസങ്ങളില്‍ ആവര്‍ത്തിക്കാനോ അല്ലെങ്കില്‍ അതിനേക്കാള്‍ മരണം വര്‍ധിക്കാനോ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഹോസ്പിറ്റല്‍ അഡ്മിഷനുകളില്‍ താഴ്ചയുണ്ടായിരിക്കുന്നതിനാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വൈറസിനെ രാജ്യത്ത് നിന്നും കെട്ട് കെട്ടിക്കാനാവുമെന്ന് നിരവധി എക്‌സ്പര്‍ട്ടുകള്‍ വിശ്വാസം പ്രകടിപ്പിക്കുന്നു.