കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗിയായ പതിനാലുകാരന്റെ പിതാവിന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു.വ്യാപാരിയായ പിതാവിൽ നിന്നാകാം രോഗബാധയെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ പരിശോധിച്ചത്. കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ ഫലവും നെഗറ്റീവാണെന്നത് ആരോഗ്യ പ്രവർത്തകരിൽ ആശ്വാസമേകിയിട്ടുണ്ട്. അതേസമയം, കുട്ടിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ കണ്ണൂര്‍ നഗരം അടച്ചിരുന്നു.
കണ്ണൂരില്‍ ഉറവിടം കണ്ടെത്താത്ത രോഗികള്‍ കൂടുന്നത് ജില്ലാ ഭരണകൂടത്തിന് മുമ്പില്‍ ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നഗരം ഒരാഴ്ച കൂടി അടച്ചിടും. അതേസമയം, കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച് രണ്ടു ദിവസത്തിനകം മരിച്ച എക്‌സൈസ് ഡ്രൈവര്‍ക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ പരാതിയുമായി സുനിലിന്റെ കുടുംബം രംഗത്തെത്തി. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയില്‍ നിന്നും ബന്ധുക്കളോട് സുനില്‍ പറയുന്ന ഫോണ്‍ റെക്കോര്‍ഡ് ആണ് കുടുംബം പുറത്തുവിട്ടത്. എന്നാല്‍ ആരോപണം പരിയാരം മെഡിക്കല്‍ കോളേജ് നിഷേധിച്ചു. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മറ്റ് രോഗങ്ങളൊന്നും ഇല്ലാതിരുന്ന 28 കാരന്‍ മരിച്ചതില്‍ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം നടത്തുകയാണ്. അതേസമയം സുനിലിനും കണ്ണൂര്‍ ടൗണിലെ ഫ് ളാറ്റില്‍ കഴിഞ്ഞിരുന്ന 14 കാരനും രോഗബാധയുണ്ടായത് സംബന്ധിച്ച് ഒരു സൂചനയുമില്ലെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പറഞ്ഞു.
ഇതിനിടെ കൊ വിഡ് സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് വിമാന താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂർ നഗരസഭ പുർണമായി അടച്ചിട്ടു. പ്രാഥമിക സമ്പര്‍ക്കം വഴി മാലൂർ കെപിആര്‍ നഗറിലെ കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മാലൂര്‍ ഗ്രാമപഞ്ചായത്തും തൊട്ടടുത്ത മട്ടന്നൂർ നഗരസഭയും പേരാവൂരും സമൂഹ വ്യാപന ആശങ്കയിലായിട്ടുണ്ട്. കടകളില്‍ പപ്പടം വിതരണം ചെയ്തയാളില്നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. ഇതേത്തുടര്‍ന്ന് നിരവധി വ്യാപാരികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളും 12-ാം വാർഡിന്റെ പകുതിഭാഗവും 28 വരെ അടച്ചിടാന്‍ തീരുമാനിച്ചു.മട്ടന്നൂരിന് തൊട്ടടുത്ത കീഴല്ലൂർ പഞ്ചായത്തും അടച്ചിടൽ ഭീഷണിയിലാണ്. മട്ടന്നൂർ നഗരവുമായി ഏറ്റവും അധികം ബന്ധം പുലർത്തുന്ന സ്ഥലങ്ങളിലൊന്നാണ് മാലൂർ.കൊ വിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, അതിശക്തമായ പ്രതിരോധം സംഘടിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ച മാലൂര്‍ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് പി.അശോകന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.മഞ്ജുള, എസ്ഐ രജീഷ് തെരുവത്ത് പിടികയില്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.