കാസർകോട്: കൊറോണ വെെറസ് സ്ഥിരീകരിച്ച കാസർകോട് ജില്ലയിലെ സ്ഥിതി ഗുരുതരം. വിദേശത്തു നിന്നെത്തിയ രോഗി ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കാത്തതോടെ സ്ഥിതി കൂടുതൽ വഷളായി. കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളാണ് കാസര്‍കോട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതിന് ശേഷം എവിടെയൊക്കെ പോയി എന്നത് സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ വിവരം നല്‍കാന്‍ രോഗി തയ്യാറായില്ല.
ഇത് സ്ഥിതി ഗുരുതരമാക്കുന്നു. സാഹചര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി രോഗി പെരുമാറുന്നില്ല. ഇയാള്‍ പലതും മറച്ച് വെക്കുകയാണെന്നുമായിരുന്നു കളക്ടര്‍ പറഞ്ഞ്.കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇയാള്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലെത്തിയിരുന്നുവെന്ന് സംശയമുള്ളതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട് ചിലര്‍ ഇയാളെ വന്ന് കാണുകയും ചെയ്ത്. എന്നാല്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ട റൂട്ട് മാപ്പില്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കാണുന്നില്ല. പല വിവരങ്ങളും രോഗി മറച്ചു വെക്കുന്നതായുള്ള ആരോപണം ശക്തമാണ്.
ഒടുവില്‍ ഏറെ പണിപ്പെട്ട് വൈകീട്ട് 3.30 ഓടെ ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടിട്ടുണ്ട്. രോഗിയില്‍ നിന്ന് ലഭിച്ച വിവര പ്രകാരമുള്ള റൂട്ട് മാപ്പാണ് തയ്യാറാക്കിയിരിക്കുന്നത്. 30 ലേറെ സ്ഥലങ്ങളിലാണ് ഇയാള്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത്. മാര്‍ച്ച് 11 ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ ഇയാള്‍ ഒരു ദിവസം വിമാനത്താവളത്തിന് അടുത്ത് മുറിയെടുത്ത് തങ്ങിയിരുന്നു. പിറ്റേ ദിവസം രാവിലെയാണ് ഇയാള്‍ മാവേലി എക്സപ്രസില്‍ കാസര്‍കോട്ടേക്ക് പോയത്.
കോഴിക്കോട് കഴിഞ്ഞ ദിവസം താനുമായി ആരൊക്കെ ബന്ധപ്പെട്ടുവെന്ന് വ്യക്തമാക്കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല. നിലവില്‍ രോഗി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇയാളെ ചോദ്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴി നിരന്തരം യാത്ര ചെയ്യുന്ന വ്യക്തി കൂടിയാണ് രോഗി. ഇയാളുടെ പേരില്‍ സ്വര്‍ണ്ണകടത്തുമായി ഇന്ത്യയിലോ വിദേശത്തോ കേസുകള്‍ ഉണ്ടെന്ന കാരവും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.
ജില്ലയിലെ സർക്കാർ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കാവു. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം അവഗണിച്ച് തുറന്ന കടകളും ഹോട്ടലുകള്‍ രാവിലെ പോലീസ് അടപ്പിച്ചു. കളക്ടര്‍ നേരിട്ടെത്തിയാണ് കടകള്‍ അടപ്പിക്കുന്നത്. ഇന്നലെ രോഗം സ്ഥീരീകരിച്ച വ്യക്തി വിവരങ്ങള്‍ കൈമാറാത്തതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്ന് കളക്ടര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രോഗിയോട് കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ തെറ്റായ വിവരങ്ങളാണ് കൈമാറുന്നതെന്നും കളക്ടര്‍ പറഞ്ഞിരുന്നു.
അതേസമയം, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബുവിന്‍റെ ആരോപണം തള്ളി രോഗി രംഗത്ത് എത്തിയിട്ടുണ്ട്. കരിപ്പൂരില്‍ വിമാനം ഇറങ്ങിയപ്പോള്‍ രണ്ടാഴ്ച നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ താനതത്ര കാര്യമാക്കിയില്ലെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇയാള്‍ ഫോണിലൂടെ വ്യക്തമാക്കിയത്.അന്വേഷണവുമായി താന്‍ സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണ്. തന്നെ വിളിച്ച പോലീസ് അടക്കമുള്ളവരോട് എല്ലാ വിവരങ്ങളും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒന്നും മറച്ച് വെച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കാന്‍ ഇനിയും തയ്യാറാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ അവിടെ പരിശോധനക്ക് തയ്യാറായിരുന്നു. പ്രത്യേക കൗണ്ടറില്‍ പേരും നല്‍കിയിട്ടുണ്ട്. പാസ്പോര്‍ട്ട് തടഞ്ഞ് വെച്ചതിനാലാണ് ഒരു ദിവസം കരിപ്പൂരില്‍ തങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.