ബെയ്ജിംഗ്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ ആളിപ്പടരുന്നു.ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നു. ചൈനയിൽ മാത്രം 2912 പേരാണ് മരിച്ചത്. 3,037 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.ഞായറാഴ്ച ചൈനയിൽ 42 പേരാണ് മരിച്ചത്. പുതുതായി 202 പേർക്ക് വൈറസ് ബാധ കണ്ടെത്തുകയും ചെയ്തു. ഹുബൈ പ്രവിശ്യയിലാണ് ഏറ്റവുമധികം മരണമെന്ന് ചൈനീസ് നാഷനൽ ഹെൽത്ത് കമീഷൻ അറിയിച്ചു.
വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന (2870), ദക്ഷിണ കൊറിയ(17), ഇറ്റലി (29), ഇറാൻ (43), ജപ്പാൻ(6), ഫ്രാൻസ്(2), ഹോങ്കോംഗ്(2), അമേരിക്ക(1), തായ്വാൻ(1), ആസ്ട്രേലിയ (1), ഫിലിപ്പൈൻസ് (1) എന്നീ രാജ്യങ്ങളിലാണ് കോറോണ മരണം റിപ്പോർട്ട് ചെയ്തത്. ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിൽ ആറ് പേർ കൊറോണ ബാധിച്ച് മരിച്ചു. ചൈനയിൽ മരണനിരക്ക് കുറഞ്ഞുവരികയാണെങ്കിലും ദക്ഷിണകൊറിയയിലും ഇറ്റലിയിലും ഇറാനിലും സ്ഥിതി ആശങ്കാജനകമാണ്. ഈ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്.
അമേരിക്കയിൽ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന എഴുപതുകാരനാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.കിംഗ് കൗണ്ടിയിലെ കിർക്ലാൻഡ് സിറ്റിയിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 50ലേറെ പേർക്കു രോഗബാധ സംശയിക്കുന്നുണ്ട്. ശനിയാഴ്ചയാണ് കൊറോണയെ തുടർന്ന് കിംഗ് കൗണ്ടിയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തിരുന്നത്.ശനിയാഴ്ച അർധരാത്രിയാണ് അന്പതുകാരൻ മരിച്ചത്. തുടർന്ന് സംസ്ഥാനത്ത് ഗവർണർ ജേ ഇൻസ്ലീ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കോവിഡ് ബാധ രൂക്ഷമായ ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് അമേരിക്ക കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.വൈറസ് ബാധ തടയാൻ മെക്സിക്കൻ അതിർത്തി അടയ്ക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ട്രംപ് വൈറ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇറാനാണ് പശ്ചിമേഷ്യൻ മേഖലയിലെ വൈറസിന്റെ പ്രഭവകേന്ദ്രം. ഇറാനിൽ ഇതുവരെ 978 പേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 54 പേർ മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്.ശനിയാഴ്ച മാത്രം 205 പേർക്കാണ് ഇറാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനിലെ ഷിയ വിഭാഗക്കാരുടെ പുണ്യകേന്ദ്രമായ മഷാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രാലയ വക്താവ് കിനൗഷ് ജഹാൻപുർ അറിയിച്ചു.ഇത്തരം തീർഥാടന കേന്ദ്രങ്ങൾ അടയ്ക്കണമെന്ന് ഇറാൻ ഭരണകൂടം അഭ്യർഥിച്ചെങ്കിലും സ്ഥാപന അധികാരികൾ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. മഷാദ് ഉൾപ്പെടെ ഇപ്പോഴും തുറന്നിരിക്കുകയാണ്.
അതേസമയം, ഇറാനിലെ മരണസംഖ്യ സംബന്ധിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്. ഇറാനിലെ മരണസംഖ്യ ഇപ്പോൾ വെളിപ്പെടുത്തിയതിലും അധികമാകാമെന്ന് വിദഗ്ധർ കരുതുന്നു.മിക്ക ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ തന്നെ വൈറസ് സ്ഥിരീകരിച്ചുകഴിഞ്ഞു. കുവൈറ്റിൽ 46, ബഹറിനിൽ 38, ഒമാനിൽ ആറ്, യുഎഇയിൽ 21 എന്നിങ്ങനെയാണ് ഇപ്പോൾ ലഭ്യമാകുന്ന കൊറോണ ബാധിതരുടെ കണക്കുകൾ.ഇറാനിൽനിന്ന് വൈറസ് പകരുന്നത് തടയാനുള്ള നടപടികൾ ഈ രാജ്യങ്ങൾ കൈക്കൊള്ളുന്നുണ്ട്. സൗദി അറേബ്യ മക്ക, മദീന തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്.
ഇറാനിൽ മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയരുമ്പോൾ പശ്ചിമേഷ്യയിലാകെ ഭീതി പടരുകയാണ്. ഇറാനിലെ പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയവരിൽ നിന്നാണ് മിക്ക ഗൾഫ് രാജ്യങ്ങളിലും രോഗം പടർന്നത്. ശനിയാഴ്ച ഖത്തറിലും രോഗം സ്ഥിരീകരിച്ചതോടെ ഗൾഫ് മേഖലയിലെ ഏതാണ്ടെല്ലാം രാജ്യങ്ങളിലും വൈറസ് സാന്നിദ്ധ്യമറിയിച്ചുകഴിഞ്ഞു.കൊറോണ ആഗോളതലത്തിൽ പടരുന്ന സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും വിദേശയാത്ര വിലക്കിയിരിക്കുകയാണ്. വൈറസ് ബാധിത മേഖലകളിലേക്കുള്ള യാത്ര അവനുവദിക്കില്ലെന്ന് മിക്ക രാജ്യങ്ങളും അറിയിച്ചു.