ന്യൂയോര്‍ക്ക്:മഹാമാരിയായി ശക്തി കുറയാതെ കൊവിഡ് 19 പടരുകയാണ് .കൊടുങ്കാറ്റിന്റെ വേഗത്തിലാണ് ഇറ്റലി അടക്കമുളള രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. ലോകവ്യാപകമായി ഇതുവരെ നാല് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ ദിവസങ്ങളായി കൂട്ട മരണം തുടരുകയാണ്. ആ നിരയിലേക്കാണ് അമേരിക്കയും സ്‌പെയിനും കൂടി എത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ ഉണ്ടായ കൊവിഡ് മരണങ്ങളുടെ എണ്ണം 743 ആണ്. രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നതാകട്ടെ 5249 പേര്‍ക്കും.
ഇതുവരെ ഇറ്റലിയില്‍ ആറായിരത്തിന് മുകളില്‍ ആളുകള്‍ കൊവിഡ് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. ഇറ്റലിയില്‍ ഒരോ ദിവസവും നൂറ് കണക്കിനാളുകളാണ് മരിച്ച് വീഴുന്നത്. ശനിയാഴ്ച 793 പേരും ഞായറാഴ്ച 650 പേരും തിങ്കളാഴ്ച 602 പേരും ഇറ്റലിയില്‍ മരണപ്പെട്ടു. ചൈനയും ഇറ്റലിയും കഴിഞ്ഞാല്‍ കൊവിഡ് മരണങ്ങളില്‍ ഞെട്ടിക്കുന്നത് അമേരിക്കയാണ്.
രാജ്യത്ത് ഇതുവരെ 50,000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി പറഞ്ഞാല്‍ 49,768 പേര്‍ക്ക്. കൊവിഡ് ബാധിച്ച് 600 പേര്‍ ഇതിനകം മരിച്ചിട്ടുണ്ട്. സ്‌പെയിനിലും കൊവിഡ് മരണ നിരക്ക് ഉയരുകയാണ്. ഇന്നലെ സ്‌പെയിനില്‍ മരിച്ചത് 489 പേരാണ്. രാജ്യത്ത് ആകെയുളള മരണം 2600 കടന്ന് കുതിക്കുകയാണ്. ഇറാനില്‍ ഇതുവരെ 19,00 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പാകിസ്താനില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോളമാണ്. ഇവിടെ ആളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പട്ടാളത്തെ രംഗത്ത് ഇറക്കിയിരിക്കുകയാണ്. സർക്കാർ നിയന്ത്രണങ്ങൾ പാലിക്കാൻ ആളുകൾ വിസമ്മതിക്കുന്ന് സാഹചര്യത്തിലാണ് പാക് സർക്കാർ പട്ടാളത്തെ നിയോഗിച്ചിരിക്കുന്നത്. മലേഷ്യയിലും ഇന്തോനേഷ്യയിലും കൊവിഡ് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മിക്ക രാജ്യങ്ങളും പൂര്‍ണ ലോക്ക് ഡൗണിലേക്ക് മാറിക്കഴിഞ്ഞു.
ലോകമെമ്പാടുമുളള കോടിക്കണക്കിന് ആളുകള്‍ ഇന്ന് ലോക്ക് ഡൗണിലാണ്. ലോകത്തെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗവും വീടുകള്‍ക്കുളളില്‍ കഴിയുന്നു എന്നാണ് കണക്കുകള്‍. അമേരിക്കയും ഇന്ത്യയും ന്യൂസിലാന്‍ഡും അടക്കമുളള രാജ്യങ്ങള്‍ ലോക് ഡൗണിലേക്ക് മാറിക്കഴിഞ്ഞു. കൊവിഡ് ലോക്ക് ഡൗണ്‍ രാജ്യങ്ങളെ നശിപ്പിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഈസ്റ്ററോടു കൂടി രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ പൂർണ അടച്ചിടൽ 21 ദിവസത്തേക്ക് പ്രഖ്യാപിച്ച് കഴിഞ്ഞു. കൊവിഡ് ബാധിച്ച് ദിവസവും ആയിരക്കണക്കിന് മരണങ്ങൾ ലോകമെമ്പാട് നിന്നുമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലോകത്ത് കൊവിഡ് 19 ബാധിച്ചുളള മരണസംഖ്യ 18000 കടന്നിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചൈനയ്ക്ക് ശേഷം ഇറ്റലിയും അമേരിക്കയും സ്‌പെയിനും മരണങ്ങളുടെ കാര്യത്തില്‍ മത്സരത്തിലാണ്.