
ന്യുഡൽഹി:രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 78,000 കടന്നു. ഇതുവരെ 78,003 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 49,219 പേർ രോഗം ബാധിച്ച് ഇപ്പോഴും ചികിത്സയിലാണ്. 26, 234 പേർ രോഗമുക്തരായി. 2549 പേരാണ് രോഗം ബാധിച്ച് മരിച്ചത്.ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്- 921 പേര്‍. ഗുജറാത്തില്‍ 537 പേരും രോഗം ബാധിച്ചു മരിച്ചു . ലോകത്ത് കൊറോണ ബാധിതര്‍ 44 ലക്ഷം കടന്നു, അമേരിക്കയില്‍ മാത്രം 14 ലക്ഷം രോഗികള്‍.സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗികൾ 1000 കടന്നു. ബുധനാഴ്‌ച 66 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികൾ 1028 ആയി. മരണം–-40. ഇതോടെ മുംബൈ നഗരത്തിൽ രോഗവ്യാപന ആശങ്ക ശക്തമായി. രാജ്യത്ത് കോവിഡ് ബാധ ഏറ്റവും രൂക്ഷമായ മുംബൈയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയണമെങ്കിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ രോഗവ്യാപനം തടയണമെന്ന് വിദഗ്‌ധർ വ്യക്തമാക്കിയിരുന്നു.
ഇതിനെ തുടർന്ന് ധാരാവിക്കായി പ്രത്യേക പദ്ധതി ബൃഹൻ മുംബൈ കോർപറേഷൻ നടപ്പാക്കി. എന്നാൽ, ഇവയെല്ലാം ഫലം കണ്ടില്ലെന്നാണ് ഉയരുന്ന രോഗികളുടെ എണ്ണം തെളിയിക്കുന്നത്.
ഏപ്രിൽ നാലിനാണ് ചേരിയിലെ മുകുന്ദ് നഗറിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്‌തത്. 20 ദിവസംകൊണ്ട് രോഗികൾ 170 ആയി. 11 മരണവും. അടുത്ത 20 ദിവസംകൊണ്ട് രോഗികൾ 1000 കടന്നു.535 ഏക്കറിൽ സ്ഥിതിചെയ്യുന്ന ചേരിയിൽ 16 ലക്ഷം പേരാണ് താമസിക്കുന്നത്. രേഖകളില്ലാതെ 2.5 ലക്ഷം അതിഥിത്തൊഴിലാളികളുമുണ്ട്. 80 ശതമാനം വീടും 100 ചതുരശ്രയടിക്ക് താഴെയാണ് വലുപ്പം. പൊതു ശൗചാലയങ്ങളാണുള്ളത്. ഒരെണ്ണം 200–-250 പേരാണ് ഉപയോഗിക്കുന്നത്. ഇതിനാൽ തന്നെ സാമൂഹ അകലമടക്കമുള്ളവ ഇവിടെ യാഥാർഥ്യമാകില്ല.
നിലവിൽ ധാരാവിയിൽ മാത്രം 190 നിയന്ത്രിതമേഖലയാണുള്ളത്. ഈ പ്രദേശം മുഴുവൻ അടച്ചിരിക്കുകയാണ്. ഇത്രയും കർശന നിയന്ത്രണം നടപ്പാക്കിയിട്ടും രോഗികൾ വർധിക്കുന്നത് അധികൃതരെ ഭയപ്പെടുത്തുന്നു.