കൈക്കൂലി സർക്കാർ ഉദ്യേഗസ്ഥനു പന്ത്രണ്ട് വർഷം തടവ്

സ്വന്തം ലേഖകൻ

കോട്ടയം: വ്യാജ രേഖചമച്ച് റോഡ് നിർമാണത്തിനുള്ള തുക തട്ടിയെടുത്ത സംഭവത്തിൽ എൽഡി ക്ലാർക്കിനു പതിമൂന്നു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. ഇതിൽ ഒരു വർഷം കഠിന തടവാണ്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ എൽഡി ക്ലാർക്ക് അഭിലാഷ് സുകുമാരനെ(43)യാണ് വിജിലൻസ് എൻക്വയറി കമ്മിഷൻ ആൻഡ് സ്പെഷ്യൽ ജഡ്ജ് വി.ഡിലീപ് ശിക്ഷിച്ചത്. നാലു വകുപ്പുകളിലായി മൂന്നു വർഷം വീതം തടവും, 25000 രൂപ പിഴയും, വ്യാജ രേഖചമച്ചതിനു ഒരു വർഷം കഠിന തടവും ആണ് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ ഒരു വർഷം തടവിൽ കഴിഞ്ഞാൽ മതിയാവും. കേസിലെ മറ്റൊരു പ്രതിയായ ബിഡിഒ സുരേഷ്‌കുമാർ മരിച്ചതിനെ തുടർന്നു ഇയാൾക്കെതിരെയുള്ള വിചരണം നടപടികൾ തുടർന്നില്ല.
2006 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. നബാർഡ് സ്‌കീമിൽപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മങ്ങാട്ട് കടവ് കാവും പുലി കോട്ടുമ്മേൽ റോഡ് നിർമാണത്തിൽ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. റോഡ് നിർമാണത്തിലായി 11.90 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ രണ്ടു ലക്ഷം രൂപ കരാറുകാരനു നൽകിയ ശേഷം ഇരുവരും ചേർന്ന് ട്രഷറിയിൽ അടയ്ക്കാനെന്ന പേരിൽ 9.90 ലക്ഷം രൂപ സിൻഡിക്കേറ്റ് ബാ്ങ്കിൽ നിന്നും പിൻവലിച്ചു. തുടർന്നു ഒരു ലക്ഷം രൂപ ട്രഷറിയിൽ അടച്ച ശേഷം വ്യാജ രേഖചമച്ച് ബാക്കി തുകതട്ടിയെടുക്കുകയായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
വകുപ്പു തല പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നു കേസ് വിജിലൻസിനു കൈമാറി. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കുറ്റക്കാരെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നു ഇരുവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു വിചാരണ പൂർത്തിയാക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ അഭിലാഷിനു ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതിനു മൂന്നു വർഷം തടവും 25,000 രൂപ പിഴയും, സാമ്പത്തിക ക്രമക്കേടു നടത്തിയതിനു മൂന്നു വർഷം തടവും 25,000 രൂപ പിഴയും, കണക്കിൽ ക്രിത്രിമം കാട്ടിയതിനു മൂന്നു വർഷം തടവും 25,000 രൂപ പിഴയും, സർക്കാർ ജീവനക്കാരന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനു മൂന്നു വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷിച്ചിരിക്കുന്നത്. വ്യാജ രേഖ ചമച്ചതിനു ഒരു വർഷം കഠിന തടവും അനുഭവിക്കണം. പ്രോസിക്യൂഷനു വേ്ണ്ടി അഡീഷണൽ ലീഗൽ അഡൈ്വസർ രാജ്മോഹൻ ആർപിള്ള കോടതിയിൽ ഹാജരായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top