സി.ഒ.ടി.നസീര്‍ വധശ്രമം: എ.എൻ ഷംസീർ എം.എൽ. എ ക്ക് പങ്കെന്ന് മൊഴി.

സജീവൻ വടക്കുമ്പാട്
തലശ്ശേരി: തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ സി.പി.എം നേതാവ് എ.എൻ ഷംസീർ എം.എൽ.എയാണെന്ന നിർണ്ണായക മൊഴി സി.ഒ.ടി.നസീര്‍ പോലീസിന് നല്‍കി. കേസ് അന്വേഷിക്കുന്ന സി.ഐ.വി.കെ.വിശ്വംഭരന്‍ മുമ്പാകെയാണ് നസീര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്.

ലോക്‌സഭാ വോട്ടെടുപ്പിന് ശേഷം രണ്ടുതവണ നേരിട്ട് ഷംസീർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കാല്‍ അടിച്ച് മുറിക്കുമെന്നായിരുന്നു ഒരിക്കല്‍ ഭീഷണിപ്പെടുത്തിയത്. അക്രമിക്കപ്പെടുന്നതിന് കുറച്ചുദിവസം മുമ്പ് ഒരു ഇഫ്താര്‍ വിരുന്നില്‍ വെച്ചും ഭീഷണിയുണ്ടായിരുന്നു. അക്രമിക്കപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ഷംസീറിനൊപ്പം അക്രമികളെ കണ്ടിരുന്നുവെന്നും നസീര്‍ സുപ്രധാന മൊഴി നല്‍കി. തലശ്ശേരിയിലെ ചില വികസന പദ്ധതികളുമായി ബന്ധപ്പെട്ട് നസീര്‍ നേരത്തെ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണമുന്നയിച്ചിരുന്നു. ഈ നവീകരണ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിനിടെ നസീറിന്റെ നേതൃത്വത്തിലുള്ള കിവീസ് ക്ലബ്ബ് അഴിമതി ആരോപണമടങ്ങിയ ലഘുലേഖ വിതരണം ചെയ്തിരുന്നു. ഉദ്ഘാടകന് ലഘുലേഖ നല്‍കാനുള്ള ശ്രമം അന്ന് ഷംസീർ തടയുകയും ചെയ്തിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി വലിയ മരം മുറിക്കുന്നത് തടയാന്‍ ശ്രമിച്ചത് കൂടുതല്‍ വിരോധത്തിന് ഇടയാക്കിയിട്ടുണ്ടെന്നും നസീര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നസീറിനെ അക്രമിച്ച രണ്ടുപേരും സഹായം നല്‍കിയ അഞ്ചോളം പേരും ഇനി പിടിയിലാകാനുണ്ട്. അക്രമികളെ പിടികൂടായില്‍ മാത്രമെ ഗൂഢാലോചന നടത്തിയവരെ പിടികൂടാനാകുകയുള്ളുവെന്നാണ് പോലീസ് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. പോലീസ് കേസ് വഴിതിരിച്ചുവിടാനുള്ള നീക്കം നടത്തുകയാണെന്ന ആക്ഷേപമുയര്‍ന്നു. സി.പി.എം.ഗൂഢാലോചന നടന്നുവെന്ന് നസീര്‍ മാധ്യമങ്ങളോട് പറഞ്ഞ ശേഷമാണ് സി.പി.എം.പ്രാദേശിക നേതൃത്വമാണ് അക്രമത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ശനിയാഴ്ച അക്രമികളിലൊരാളായ പൊന്ന്യം വെസ്റ്റിലെ കെ.അശ്വന്ത്,സഹായം നല്‍കിയ കൊളശ്ശേരി കളരിമുക്കിലെ വി.കെ.സോജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. നസീര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിലുള്ള വിരോധമാണെന്ന് അക്രമത്തിന് ഇടയാക്കിയതെന്നാണ് പോലീസ് കേസ്. സി.പി.എം.തലശ്ശേരി ടൗണ്‍,തലശ്ശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ചിലരാണ് പാര്‍ട്ടി പ്രവര്‍ത്തകരായ ക്വട്ടേഷന്‍ സംഘത്തെ ദൗത്യം ഏല്‍പിച്ചതെന്ന് നസീര്‍ പറഞ്ഞു. സംഭവത്തിന് കുറച്ചുദിവസം മുമ്പ് അക്രമികളെ ചില സ്ഥലങ്ങളില്‍ ഷംസീറിനൊപ്പം കണ്ടപ്പോള്‍ അപകടം മണത്തിരുന്നു. അക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമെ ഉണ്ടാകുകയുള്ളുവെന്നാണ് കരുതിയതെന്ന് നസീര്‍ തലശ്ശേരി പോലീസിന് മൊഴി നൽകി.

കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നസീര്‍ വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു നസീര്‍. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങിയിരുന്നുവെങ്കിലും സി.പി.എം.നേതൃത്വം ഇടപെട്ട് പിന്തിരിപ്പുകയായിരുന്നു. സി.പി.എം. തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവും നഗരസഭാ കൗണ്‍സിലറുമായിരുന്നു നസീര്‍. കുറച്ചുകാലമായി അംഗത്വം പുതുക്കാതെ മാറിനില്‍ക്കുകയായിരുന്നു. മെയ് 18-ന് രാത്രി 7.30-ന് കായ്യത്ത് റോഡിലെ ഗവ.ഗേള്‍സ് എച്ച്.എസ്.എസിന് സമീപത്തുവെച്ചായിരുന്നു നസീര്‍ അക്രമിക്കപ്പെട്ടത്. തലയ്ക്കും വയറിനും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ നസീര്‍ ചികിത്സയിലാണ്. വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് മേപ്പയൂരില്‍ വെച്ച് രണ്ട് തവണ നസീര്‍ അക്രമിക്കപ്പെട്ടിരുന്നു. സി.പി.എം.പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു ആരോപണം.

Top