വിവാഹിതരാകാന്‍ ഇനിയും തടസങ്ങള്‍. നിപ്പ, പ്രളയം എന്നിവ കൊണ്ടൊന്നും അവസാനിച്ചില്ല. പ്രേമിന്റെയും സാന്ദ്രയുടെയും പ്രണയം വീണ്ടും കാത്തിരിപ്പിലേക്ക്. മൂന്നു കാരണങ്ങളാല്‍ ഇതു മൂന്നു തവണയാണ് ഇവരുടെ വിവാഹം മാറ്റിവയ്‌ക്കേണ്ടിവരുന്നത്. എരഞ്ഞിപ്പാലം അരിയില്‍ പ്രേം ചന്ദ്രന്റയും (26) എ.വി.സാന്ദ്ര സന്തോഷിന്റെയും (23) വിവാഹമാണ് മൂന്നാംതവണയും മാറ്റിവച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. അയല്‍വാസികളായ പ്രേമും സാന്ദ്രയും കുട്ടിക്കാലംതൊട്ട് പരസ്പരം അറിയുന്നവരാണ്. ഏറെക്കാലമായി പ്രണയത്തിലുമാണ്.
2018 മേയ് 20ന് വിവാഹം നടത്താനാണ് ഇരുവീട്ടുകാരും ആദ്യം തീരുമാനിച്ചത്. മേയ് 2ന് കോഴിക്കോട്ട് നിപ്പ പൊട്ടിപുറപ്പെട്ടു. മേയ് 16 എത്തിതോടെ ഭയം കാരണം ജില്ലയില്‍ ആരും പുറത്തിറങ്ങാതായി. ഇതോടെ കല്യാണം മാറ്റിവയ്‌ക്കേണ്ട അവസ്ഥയായി. തുടര്‍ന്നു പ്രേമിന്റെ ബന്ധു മരിച്ചതോടെ ഒരു വര്‍ഷം കല്യാണം നടത്താന്‍ കഴിയാത്ത സ്ഥിതിയായി.
പിന്നീട് 2019ല്‍ ഓണക്കാലത്ത് കല്യാണം നടത്താനായിരുന്നു ബന്ധുക്കള്‍ തീരുമാനിച്ചത്. പക്ഷേ ആ മുഹൂര്‍ത്തം പ്രളയം കൊണ്ടുപോയി. ഒക്ടോബര്‍ വരെ പ്രളയദുരിതം നീണ്ടു. കല്യാണം വീണ്ടും നീണ്ടു. തുടര്‍ന്നാണ് കല്യാണം നടത്താന്‍ 2020 മാര്‍ച്ച് 20, 21 തീയതികളിലായി കല്യാണ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കോവിഡ് 19 വില്ലനായെത്തി. വീണ്ടും വിവാഹത്തീയതി നീട്ടേണ്ടി വന്നു.
കുടുംബത്തിലെ ആദ്യ വിവാഹമായതിനാല്‍ ആഘോഷപൂര്‍വ്വം നടത്തണമെന്നത് മാതാപിതാക്കളുടെ വലിയ ആഗ്രഹമാണെന്നാണ് സാന്ദ്രപറയുന്നത്. ദീര്‍ഘകാലമായുള്ള തങ്ങളുടെ പ്രണയത്തിന്റെ സാക്ഷാത്കാരത്തിനായി ഇനിയും കാത്തിരിക്കാനാണ് ഇവരുടെ തീരുമാനം. ഈ വര്‍ഷം സെപ്തംബറില്‍ വിവാഹം നടത്താനാണ് ഇപ്പോഴത്തെ ആലോചന.