കണ്ണൂർ :സിസ്റ്റര്‍ ലൂസിക്ക് കാരക്കാമല മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി. മഠത്തില്‍ നിന്ന് പുറത്താക്കിയ സഭാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സിസ്റ്റര്‍ ലൂസിയും മഠവും തമ്മിലുള്ള കേസില്‍ അന്തിമ വിധി വരുന്നത് വരെ മഠത്തിൽ തുടരാനാണ് കോടതി അനുമതി നൽകിയത്.
വിധിയിൽ സന്തോഷമുണ്ടെന്നും നീതിയുടെ വിജയമാണിതെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവും പുറത്ത് വന്നിരുന്നു. സിസ്റ്റര്‍ ലൂസി കളപ്പുരയെ വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും ഇറക്കിവിടാന്‍ ഉത്തരവിടാനാവില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. എന്നാൽ മഠത്തിൽ താമസിക്കുമ്പോൾ ലൂസി കളപ്പുരക്ക് സുരക്ഷയൊരുക്കാൻ നിർദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മഠത്തില്‍ താമസിക്കുന്നതിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കാരയ്ക്കാമലയിലെ മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സുരക്ഷ നല്‍കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
സിസ്റ്റര്‍ ലൂസിയെ എഫ്.സി.സി സന്യാസിനി സമുഹത്തില്‍ നിന്ന് പുറത്താക്കിയ അധികൃതരുടെ തീരുമാനം വത്തിക്കാന്‍ ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മഠത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.സി.സി നേതൃത്വം കോടതിയെ സമീപിച്ചത്. സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ ഹൈക്കോടതി ഇക്കാര്യത്തില്‍ മുന്‍സിഫ് കോടതിയുടെ തീരുമാനത്തിന് വിട്ടിരുന്നു.