തിരുവനന്തപുരം: സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ തിരുവനന്തപുരം കാഞ്ഞിരംകുളത്തെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആയിരുന്ന ജ്യോതികുമാറിന്റെ ജീവിതകഥ . അച്ഛനെ കൊന്ന മകന്‍- എന്നായിരുന്നു ഇതുവരെ ജ്യോതികുമാറിന്റെ മേല്‍വിലാസം.
2004 ഫെബ്രുവരി 16- തിരുവനന്തപുരം കാഞ്ഞിരംകുളത്തെ പലചരക്ക് വ്യാപാരി വില്‍സണ്‍ കുത്തേറ്റ് മരിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ അയല്‍വാസി വില്‍ഫ്രഡ്, മകന്‍ റോളണ്ട് എന്നിവരായിരുന്നു പ്രതികള്‍. പിന്നീട് അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. അതോടെ കൂടുതല്‍ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി വില്‍സന്റെ മകന്‍ ജ്യോതികുമാര്‍ ഹൈക്കോടതിയെ സമീപിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നേടിയത്.
സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതോടെ കേസില്‍ പുതിയ കഥകള്‍ രചിക്കപ്പെട്ടു. കൊല്ലപ്പെട്ട വില്‍സന്റെ മകന്‍ ജ്യോതികുമാര്‍ കേസില്‍ ഒന്നാം പ്രതിയായി. അച്ഛനും മകനും തമ്മിലെ പണമിടപാട് തര്‍ക്കത്തിന് ഒടുവിലായിരുന്നു കൊലപാതകമെന്ന കണ്ടെത്തലില്‍ സി.ബി.ഐ എത്തിച്ചേര്‍ന്നു.
സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണയ്‌ക്കൊടുവില്‍ പ്രതിയായ ജ്യോതികുമാറിനെ കുറ്റക്കാരനാണെന്ന് കണ്ട് ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പിന്നീട് ജയില്‍വാസം. വൈകിയാണെങ്കിലും ജ്യോതികുമാറിനെ തേടി നീതിയെത്തി. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ദിവസം വിധി വന്നു. ഒമ്പതര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഹൈക്കോടതി ജ്യോതികുമാറിനെ കുറ്റവിമുക്തനാക്കി.