പള്ളിത്തർക്കം, മരട് ഫ്ലാറ്റ് കേസ്: സുപ്രീം കോടതിയിൽ കേരളത്തിന് ഇരട്ട തിരിച്ചടി

മലങ്കര പള്ളിത്തര്‍ക്ക കേസിലും കൊച്ചി മരട് ഫ്ലാറ്റ് പൊളിക്കുന്നത് സംബന്ധിച്ച കേസിലും കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പള്ളിത്തർക്ക കേസിൽ ഹൈക്കോടതി ജഡ്ജിക്കും കേരള ചീഫ് സെക്രട്ടറിക്കുമാണ് സുപ്രീംകോടതിയുടെ വിമര്‍ശനം ഏൽക്കേണ്ടി വന്നത്. ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണെന്നും സുപ്രീംകോടതി വിധി മറികടക്കാന്‍ അദ്ദേഹത്തിന് എന്ത് അധികാരമാണ് ഉള്ളതെന്നും സുപ്രീംകോടതി ചോദിച്ചു.

ജഡ്ജിക്കെതിരെ നടപടി വേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭക്ക് ആരാധന നടത്താനായിരുന്നു 2017-ലെ സുപ്രീംകോടതി വിധി. ഈ വിധി നിലനില്‍ക്കെ യാക്കോബായ സഭക്ക് കൂടി ആരാധനക്ക് അനുമതി നല്‍കി ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ഇടക്കാല ഉത്തരവിറക്കുകയുണ്ടായി. ഇത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഇത്തരത്തില്‍ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംകോടതി വിധി മറികടക്കരുതെന്ന് കേരള ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. ചീഫ് സെക്രട്ടറിക്കെതിരെയും കോടതി കടുത്ത വിമര്‍ശനം നടത്തി. കേരളത്തില്‍ നിരന്തരം കോടതി വിധി ലംഘിക്കപ്പെടുകയാണ്. പള്ളി തര്‍ക്ക കേസില്‍ മാത്രമല്ല മറ്റു നിരവധി കേസുകളിലും തന്റെ അനുഭവം അതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമാണ്. കോടതി വിധികള്‍ നടപ്പിലാക്കാതിരുന്നാല്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

കൊച്ചി മരടില്‍ തീരദേശനിയമം ലംഘിച്ചു നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം 20ന് മുമ്പ് പൊളിച്ചുനീക്കണമെന്ന അന്ത്യശാസനവും സുപ്രീംകോടതി നൽകി. 23 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടു.

ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും അത് പാലിക്കാത്തതില്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ നടപടി വേണ്ടിവരുമെന്നും നേരത്തെ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതു സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി വരാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അങ്ങനെയാണ് വീണ്ടും ഉത്തരവ് വന്നിരിക്കുന്നത്.

Top