പണ്ടത്തെ ഒരു സിനിമയിൽ മാമുക്കോയയുടെ കീലേരി അച്ചുവിനെയാണ് ഇപ്പോൾ ഓർമ്മ വരുന്നത്.മാമുക്കോയയുടെ കഥാപാത്രമായ നാടിനെ വിറപ്പിക്കുന്ന റൗഡി-ഗുണ്ടയായ കീലേരി എന്നെ തല്ലാൻ ആരുണ്ടടാ എന്ന് കത്തിയുമെടുത്ത് അട്ടഹസിക്കുമ്പൊൾ തന്നെ ആർക്കും ചിരി പൊട്ടും.ഏതാണ്ട് അത് പോലെയാണ് സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത(ശത്രുക്കൾ പറയുന്നതാണേ)സാംസ്‌കാരിക മന്ത്രിയുടെ അവസ്ഥ.ഉമ്മൻ ചാണ്ടിക്ക് വേണ്ടി ചാവേർ കണകെ വിഷയങ്ങളിൽ ഇടപെട്ടു തുടങ്ങിയതാണ്.ആദ്യം ഒരു ജഡ്ജിക്കെതിരെ പറഞ്ഞപ്പോൾ പ്രതികരണം ഒന്നും കണ്ടില്ല.ഇത് തന്നെ താപ്പെന്ന് കരുതി ഈ പണി ഒരു സ്ഥിരം കലാപരിപാടിയാക്കി.ഉമൻചാണ്ടിയെ വിമർശിച്ച ഹൈക്കോടതി ജഡ്ജിയെ കണക്കിന് തെറി വിളിച്ചത് നവമാധ്യമമായ ഫേയ്‌സ്ബുക്കിലാണ്.ചായതൊട്ടിയിൽ വീണ് രാജാവായ കുറുക്കന്റെ ഓരിയിടൽ എന്നാണ് മന്ത്രി ഫേയ്‌സ്ബുക്കിൽ തന്റെ പോസ്റ്റിൽ കുറിച്ചത്.സ്വന്തം യജമാനനെ അപമാനിച്ചപ്പോൾ ഉണ്ടായ വൈകാരിക പ്രകടനം എന്ന കണക്കെയാണ് പലരും കെസിയെന്ന മന്ത്രിയുടെ വാക്കുകളെ ശ്രവിച്ചത്.
എന്നാൽ കാര്യമായ പ്രതികരണമൊന്നും വരാത്തതോടെ കെസി ജോസഫും അദ്ധേഹത്തോടൊപ്പമുള്ളവരുംഇതൊരു താപ്പായി എടുത്ത് പണി തുടങ്ങി.ഉമ്മൻചാണ്ടിയെ ആരെങ്കിലും വിമർശിച്ചാൽ അവരെ തെറി പറയുക എന്നത് മാത്രമായി മാറി സാംസ്‌കാരിക വകുപ്പിന്റെ പണിയെന്ന് തോന്നി പോകുന്ന തരത്തിലായിരുന്നു പിന്നീടുള്ള ഇടപെടൽ.മാധ്യമപ്രവർത്തകരും എതിർപാർട്ടിക്കാരും,എതിർഗ്രൂപ്പുകാരും ഒക്കെ കെസിയുടെ നാക്കിന്റെ പണി വാങ്ങിച്ചു.അങ്ങിനെ കെസി അച്ചു ജൈത്രയാത്ര തുടർന്നു.ഏറ്റവും ഒടുവിൽ സാറിന്റെ കോപത്തിന് പാത്രമായത് വിജിലൻസ് ജഡ്ജി വാസനായിരുന്നു.
ജഡ്ജിയുടെ മുൻകാല ചരിത്രമൊക്കെ പറഞ്ഞ് കെസി കൊന്ന് കൊലവിളിച്ച് കളഞ്ഞു.അപ്പോഴും പുറകെ വരുന്ന പണി കെസി ഓർത്തില്ല എന്നതാണ് സത്യം.ശിവൻകുട്ടിയണ്ണൻ ഹൈക്കോടതിയിൽ കൊടുത്ത പഴയ ”കുറുക്കൻ കേസിൽ”എല്ലാറ്റിനും ചേർത്ത് കോടതിയങ്ങ് കൊടുത്തു.പിന്നെ മിണ്ടാട്ടമില്ല.ആദ്യം താൻ നിർവ്യാജം മാപ്പ് പറയുകയാണെന്നറിയിച്ചു,പിന്നെ മാപ്പെഴുതി നൽകി,കോടതിയല്ലെ ഒരു ജഡ്ജിക്കല്ലെ മുൻപ് പണി കിട്ടിയത്.ഏറ്റവും ഒടുവിൽ അതും പോരത്രെ കോടതിക്ക് പരസ്യമായി ജനങ്ങൾക്ക് മുൻപിൽ മാപ്പ് പറഞ്ഞാലേ പ്രശ്‌നം അവസാനിപ്പിക്കാനാകൂ എന്നാണ് ഇപ്പോഴത്തെ കോടതിയുടെ നിലപാട്.
കോടതി ഇടപെട്ടതോടെ രണ്ട് കാര്യങ്ങൾ മനസിലായെന്നാണ് സാംസ്‌കാരമില്ലാ വകുപ്പ് മന്ത്രിയുടെ വിമർശകർ പറയുന്നത്.ഇങ്ങേര് ഇത്രേ ഉള്ളൂ,പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുക എന്നത് ഏഴയലത്ത് പോയിട്ടില്ല.
കേരളത്തിൽ ഇതിന് മുൻപും ഇത്തരം കോടതി അലക്ഷ്യ കേസുകൾ ഉണ്ടായിട്ടുണ്ട്.പല മുതിർന്ന നേതാക്കളും മാപ്പ് പറഞ്ഞിട്ടുമുണ്ട്.ഇഎംഎസ് മുതൽ ഏറ്റവും ഒടുവിൽ പാലോളി വരെ ആ പട്ടികയിൽ ഉൾപ്പെടും.ശുംഭൻ വിളി നടത്തിയ ജയരാജൻ മാത്രമാണ് ആ പട്ടികയിൽ ഒരു വ്യത്യസ്തനുള്ളൂ,
പക്ഷേ ഒരു കേസിൽ ഇത്രയധികം തവണ കോടതിയുടെ പരാമർശം ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു നേതാവും ഉണ്ടാകില്ല.കേസ് പരിഗണിച്ചപ്പോൾ ആദ്യ വെടി ജഡ്ജി പൊട്ടിച്ചു.അന്ന് കെസിക്ക് കണക്കിന് കിട്ടി,രണ്ടാം പ്രാവശ്യം മാപ്പ് പറഞ്ഞപ്പോഴും കിട്ടി,മൂന്നാമത് ഹാജരാകാൻ കഴിയില്ല എന്നറിയിച്ചപ്പോഴും മന്ത്രിക്കെതിരെ പരാമർശം വന്നു.ഏറ്റവും ഒടുവിൽ മാപ്പ് പറയാൻ നേരിൽ വന്നപ്പോഴും കോടതി വിട്ടില്ല.അപ്പോ ജങ്ങളുടെ കോറ്റതിയിൽ മാപ്പ് പറയണമത്രെ.സംഗതി ഇത്രെയുള്ളൂ മന്ത്രി ഫേയ്‌സ്ബുക്കിലൂടെ തന്നെ തനിക്ക് പറ്റിയ തെറ്റ് അങ്ങ് ഏറ്റ് പറജേക്ക്,അല്ലാതെ കുന്നംകുളം ഇല്ലാത്ത മാപ്പ് കോടതിക്ക് വേണ്ടാന്ന് സാരം.സമയമുണ്ട്.പക്ഷെ തിരഞ്ഞെടുപ്പിന് മുൻപാകുന്നതാണ് മന്ത്രിക്ക് നല്ലത്.ഇരിക്കൂറിനായി കിണഞ്ഞ് ശ്രമിക്കുകയല്ലേ..അപ്പോ ഈ കെസും പറഞ്ഞ് നടന്നാൽ കോടതി പിന്നേം വല്ലതും വിളിച്ച് പറയും.അപ്പോ ഫെയ്‌സ്ബുക്കിലൂടെ സംസ്‌കാരം നടപ്പാക്കെണ്ട മന്ത്രി തെല്ല് സംസ്‌കാരത്തോടെ മാപ്പ് പറയുന്നതും നോക്കി കാത്തിരിക്കാം അല്ലേ.ഒരപേക്ഷ കൂടിയുണ്ട്.ഇനിയെങ്കിലും അങ്ങയുടെ ഫേയ്‌സ്ബുക്ക് കൈകാര്യം ചെയ്യാൻ കുറച്ച് വിവരമുള്ള ഒരാളെ ഇരുത്തണം ഇല്ലേൽ മാപ്പ് പറയാനേ നേരം കാണൂ..