
സ്വന്തം ലേഖകൻ
ആലപ്പുഴ : ഹരിപ്പാടിൽ സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച നേഴ്‌സിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. കരുവാറ്റ സ്വദേശിനിയായ നഴ്‌സിനെയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇറക്കി വിട്ടത്.
ഡ്യൂട്ടിക്കിടയിലാണ് നേഴ്‌സിന് രോഗലക്ഷണങ്ങൾ ഉണ്ടായത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരെ ആശുപത്രിയിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.
ഒരു മണിക്കൂറിലധികം റോഡരികിൽ നിന്ന നഴ്‌സിനെ വീട്ടുകാരെത്തി ശേഷമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. എന്നാൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നഴ്‌സിനെ പുറത്തിറക്കി നിർത്തിയ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.