ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിൽ രാജ്യം. ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് അതിവേഗമാണ് മൂന്നാം തരംഗം കുതിയ്ക്കുന്നത്. ഇത് കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയെങ്കിലും പലരും ഇത് പാലിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 58,000ത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് കേസുകളിൽ ഒറ്റദിവസം കൊണ്ട് 56 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം നൂറിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗ വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഡൽഹിയിൽ ശനി, ഞായർ ദിവസങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു.
ഡൽഹിയിൽ കൊവിഡിന്റെ 80 ശതമാനത്തിലധികവും ഒമിക്രോണാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് ഒരാഴ്ചയ്ക്കുള്ളിൽ കേസുകൾ വൻതോതിൽ ഉയരുമെന്നാണ് ആരോഗ്യ വൃത്തങ്ങൾ പറയുന്നത്.
മുംബയിലും സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. രോഗ വ്യാപനം കൂടുതൽ ശക്തമാകുകയാണെങ്കിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കും.പഞ്ചാബിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. തമിഴ്‌നാടും കർണാടകയും അതിർത്തികളിൽ പരിശോധന കർശനമാക്കി.