സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് നൽകുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുകൾ കോവിഡ് പോർട്ടലിലൂടെ ഇനി തിരുത്താം. ഇതിനായി കോവിഡ് പോർട്ടലിൽ മൊബൈൽ നമ്പറും രഹസ്യകോഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
പേര്, ജനനതീയതി, ജെൻഡർ എന്നിവയാണ് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ഉള്ളത്. ഇവയിലുണ്ടാകുന്ന തിരുത്താൻ കോവിൻ വെബ്‌സൈറ്റിൽ തന്നെ അവസരം ഒരുക്കിയതായി സർക്കാർ തന്നെയാണ് അറിയിച്ചത്.
‘നിങ്ങളുടെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പേര്, ജനനതീയതി, ജെൻഡർ എന്നിവയിലെ തെറ്റുകൾ ഇനി തിരുത്താം’ ആരോഗ്യ സേതുവിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
വിദേശയാത്രക്കോ, മറ്റു യാത്രകൾക്കോ, മറ്റു അവശ്യ സേവനങ്ങൾക്കോ കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റുകൾ ആവശ്യമായിവരും. അതിനാൽ തന്നെ സർട്ടിഫിക്കറ്റുകളിലെ തെറ്റുകൾ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് ഒഴിവാക്കാനാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനുള്ള വെബ്‌സൈറ്റിലെ പുതിയ അപ്‌ഡേഷൻ.
അതേസമയം ഒരു തവണ മാത്രമാണ് തെറ്റുതിരുത്താൻ അവസരം ലഭിക്കുക. കോവിഡ് പോർട്ടലിൽ Raise An Issue എന്ന മെനുവിലുടെയാണ് തെറ്റുതിരുത്താൻ കഴിയുക. ഇതുവഴി പേര്, ജനനതീയതി, ജെൻഡർ എന്നിവ തിരുത്താൻ സാധിക്കും.