അമേരിക്കയിൽ വാക്‌സിനെടുക്കുന്നവർക്ക് സമ്മാനമായി കഞ്ചാവ് ;ഒഹിയോയിൽ വാക്‌സിനെടുത്താൽ ക്യാഷ് പ്രൈസും സൗജന്യ ലോട്ടറിയും :ജനങ്ങളെ കൊണ്ട് വാക്‌സിനെടുപ്പിക്കാൻ പതിനെട്ടടവും പയറ്റി രാജ്യങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്ത് ആകമാനം കോവിഡ് തരംഗം ആഞ്ഞടിയ്ക്കുകയാണ്.കോവിഡിനെ പ്രതിരോധിക്കാൻ വാക്‌സിനെടുക്കേണ്ടതിന്റെ ആവശ്യകത ബോധവൽക്കരിക്കാൻ ഗവൺമെന്റും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എന്നിട്ടും വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവരുടെ എണ്ണം ഒട്ടും ചെറുതല്ല.

ജനങ്ങളെ കൊണ്ട് ഏതു വിധേനയും കൊവിഡ് വാക്‌സിൻ എടുപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇപ്പോൾ അധികാരികൾക്ക് ഉള്ളത്.ജനങ്ങൾ വാക്‌സിനെടുക്കാൻ എല്ലാവരെയും കടത്തിവെട്ടുന്ന വാഗ്ദാനമാണ് ഇപ്പോൾ അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലെ അധികൃതർ ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.

അമേരിക്കയിൽ ഒരു ഡോസ് കൊവിഡ് വാക്‌സിൻ എടുത്താൽ സൗജന്യമായി നൽകുന്നത് കഞ്ചാവ് ആണ്. വാഷിംഗ്ടണിൽ മുതിർന്നവരിൽ 54 ശതമാനം പേർ മാത്രമാണ് ഇതുവരെയായും വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളത്.

2012 മുതൽ വാഷിംഗ്ടണിൽ വിനോദത്തിനു വേണ്ടിയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം നിയമവിധേയമാക്കിയിരുന്നു. കഴിഞ്ഞ മാസം വാഷിംഗ്ടണിലെ ബാറുകളിൽ നിന്നും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് സൗജന്യമായി മദ്യം നൽകിയിരുന്നു.

എന്നാൽ മദ്യം വാഗ്ദാനം നൽകിയിട്ടും വാക്‌സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടാകാത്തതിനാലാണ് ഇപ്പോൾ കഞ്ചാവ് നൽകാൻ അധികൃതർ തീരുമാനമെടുത്തത്.

അതേസമയം അമേരിക്കയിലെ കാലിഫോർണിയയിലും ഒഹിയോയിലും വാക്‌സിൻ എടുക്കുന്നവർക്ക് സൗജന്യ ലോട്ടറിയും ക്യാഷ് പ്രൈസുകളും നൽകുകയാണ്.അരിസോണയിലെ ലഹരിവസ്തുക്കൾ വിൽക്കുന്ന ഒരു സ്ഥാപനം വാക്‌സിൻ സ്വീകരിക്കുന്നവർക്ക് സൗജന്യമായി തങ്ങളുടെ ഉത്പന്നങ്ങൾ നൽകും എന്ന പരസ്യം ചെയ്തിരുന്നു.

Top