സനാതനമായ ഹൈന്ദവ പാരമ്പര്യപ്രകാരം പശു ഒരു വിശുദ്ധമൃഗമാണെന്നും അതിനെ വധിക്കുന്നതും അതിന്റെ മാംസം ഭക്ഷിക്കുന്നതും നിരോധിക്കണമെന്നും കുറെക്കാലമായി ഹൈന്ദവ വര്‍ഗീയ പ്രസ്ഥാനങ്ങളും മതഭ്രാന്തന്മാരും വാദിച്ചുവരുന്നു.
അങ്ങനെ ഗോവധനിരോധനം ‘ഹിന്ദുത്വ അജന്‍ഡ’യിലെ നിര്‍ണായക ഇനമായിരിക്കുന്നു. വൈദികകാലം മുതല്‍ ഹൈന്ദവപാരമ്പര്യത്തിന്റെ അവിഭാജ്യഘടകമാണ് ഗോമാതാപൂജയെന്നും ഗോവധവും ഗോമാംസഭക്ഷണവും എക്കാലത്തും ഹിന്ദുക്കള്‍ക്ക് നിഷിദ്ധമായിരുന്നുവെന്നുമാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ വന്ന ശേഷമാണ് ഗോവധവും ഗോമാംസഭക്ഷണവും നടപ്പായതെന്നും അവര്‍ തട്ടിമൂളിക്കുന്നു.
ഇത് അത്യദ്ഭുതകരമായ ഒരു വ്യാജപ്രസ്താവനയാണെന്ന് വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ധര്‍മശാസ്ത്രങ്ങളുമായി നേരിയ പരിചയമുള്ളവര്‍ക്കുപോലും ബോധ്യമാകേണ്ടതാണ്. അശ്വമേധം, രാജസൂയം, അതിരാത്രം, അഗ്നിഹോത്രം തുടങ്ങിയ ചിരപുരാതനമായ ഹൈന്ദവയാഗങ്ങളിലെല്ലാം മൃഗബലി അനുപേക്ഷണീയമായിരുന്നുവെന്നും ശ്രീരാമനും സീതയുമുള്‍പ്പെടെ നമ്മുടെ പുണ്യപുരാണകഥാപാത്രങ്ങളെല്ലാം മാംസഭുക്കുകളായിരുന്നുവെന്നും പ്രാചീനഭാരതത്തില്‍ ബ്രാഹ്മണര്‍, രാജാക്കന്മാര്‍, പ്രഭുക്കള്‍ മുതലായ പ്രമുഖരായ അതിഥികളെ സത്കരിക്കാന്‍ ഗോമാംസമുള്‍പ്പെടെ പല മാംസങ്ങളും ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളായിരുന്നുവെന്നും ഈ കൃതികള്‍ വായിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാക്കാന്‍ പ്രയാസമില്ല.
അതിഥി എന്ന വാക്കിന്റെ പര്യായമായിരുന്നു ‘ഗോഘ്‌നന്‍’ എന്ന പദം. അതായത് പശുവിനെ വധിച്ച് മാംസഭക്ഷണം നല്കാന്‍ അര്‍ഹതപ്പെട്ട പ്രകാരം പ്രാമാണികനായ അതിഥി. പാണിനി മഹര്‍ഷിയുടെ അഷ്ടാധ്യായി അത് വ്യക്തമാക്കുന്നു. പില്ക്കാലത്ത് ഗോമാംസം പല കാരണങ്ങളാല്‍ നിഷിദ്ധമായിപ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗോഘ്‌നന്‍ എന്ന പദത്തിന് ഗോഹത്യക്കാരന്‍ എന്ന അര്‍ഥം വന്നുചേര്‍ന്നതെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
ഇതും ഇതുപോലെ സമീപകാലത്തായി മറച്ചുവെക്കപ്പെട്ടിരുന്ന അനേകം കാര്യങ്ങള്‍ ഹൈന്ദവവും ബൗദ്ധവും ജൈനവുമായ പുരാതനപാഠങ്ങളില്‍നിന്ന് ഉദ്ധരിച്ച് വെളിച്ചത്തുകൊണ്ടുവരുന്ന അതിപ്രധാനമായ ഗ്രന്ഥമാണ് ദ്വിജേന്ദ്രനാരായണ്‍ ഝായുടെ ദി മിത്ത് ഓഫ് ദി ഹോളി കൗ – ‘വിശുദ്ധ പശു എന്ന കെട്ടുകഥ'(2001). ഈ പുണ്യപാഠങ്ങളും ഗോവധസമ്പ്രദായങ്ങളുമെല്ലാം ആറാം നൂറ്റാണ്ടില്‍ മുഹമ്മദ് നബി ജനിക്കുന്നതിനുതന്നെ പല നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും മുന്‍പുള്ളതാണ്.
ഡോ. ഡി.എന്‍. ഝാ ദില്ലി സര്‍വകലാശാലയില്‍ ചരിത്രവകുപ്പ് പ്രൊഫസറാണ്. ആര്‍.എസ്. ശര്‍മ, റോമിലാ ഥാപ്പര്‍, കെ.എന്‍. പണിക്കര്‍, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയ ആധുനിക ഭാരതീയ ചരിത്ര ശാസ്ത്രജ്ഞരുടെ ഉയര്‍ന്ന നിരയില്‍പ്പെട്ട പ്രശസ്തനായ അധ്യാപകനും ഗ്രന്ഥകര്‍ത്താവുമാണ് അദ്ദേഹം. ഇവിടെ പരിശോധിക്കുന്ന ഈ പുസ്തകം ഇംഗ്ലണ്ടിലെ വെഴ്‌സോ ആണ് പ്രസിദ്ധീകരിച്ചത്. എങ്കിലും അതിന്റെ ഒരു പതിപ്പ് നേരത്തെ ദില്ലിയില്‍ മെട്രിക്‌സ് ബുക്‌സ് 2001 ആഗസ്തില്‍ പ്രസിദ്ധീകരിച്ചതാണ്. വാസ്തവത്തില്‍ അതിനു മുന്‍പുതന്നെ മറ്റൊരു പ്രസിദ്ധീകരണശാലക്കാര്‍ പ്രസിദ്ധീകരിക്കാമെന്നേറ്റ് അച്ചടി ആരംഭിച്ചുവെങ്കിലും അച്ചടി പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ പുസ്തകത്തിന്റെ ഉള്ളടക്കം എന്തെന്ന് പ്രചരിപ്പിച്ചുകഴിഞ്ഞിരുന്നതിനാല്‍ ചില ഹിന്ദുമതഭ്രാന്തന്മാരും ജൈന മൗലികവാദികളും ഭീഷണിയുയര്‍ത്തിയതിനെത്തുടര്‍ന്ന് ആ പ്രസാധകര്‍ പിന്‍വലിഞ്ഞു. ഈ ഭീഷണിയെക്കുറിച്ച് മനസ്സിലാക്കിയതിനുശേഷമാണ് മെട്രിക്‌സ് ബുക്‌സുകാര്‍ പ്രസാധനം ഏറ്റെടുത്തത് എന്നത് അവരുടെ ധീരതയ്ക്കും ആദര്‍ശനിഷ്ഠയ്ക്കും തെളിവാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഈ പുസ്തകം മതാചാരപ്രകാരം ദഹിപ്പിച്ചുകളയണമെന്ന ആഹ്വാനവുമായി മതഭ്രാന്തന്മാര്‍ കലഹം തുടങ്ങുകയും പ്രസാധകരെയും ഗ്രന്ഥകര്‍ത്താവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴും ഫോണിലൂടെയും പേരുവെക്കാത്ത കത്തുകളിലൂടെയും ഗ്രന്ഥകര്‍ത്താവിനെതിരെ ഭീഷണി തുടരുന്നുണ്ട്. ഇതിനൊക്കെ പുറമേ മതഭ്രാന്തന്മാര്‍ കോടതിയെ സമീപിച്ച് പുസ്തകവില്പനയ്‌ക്കെതിരെ സ്റ്റേ വാങ്ങിക്കുകയും ചെയ്തു. ഇങ്ങനെ പ്രസിദ്ധീകരണപരിപാടി ആകെ അലങ്കോലമായതിനെ തുടര്‍ന്നാണ് പ്രൊഫ. ഝാ ബ്രിട്ടനിലെ വെഴ്‌സോ പ്രസാധകരെ സമീപിച്ചതും അവര്‍ പ്രസിദ്ധീകരണം ഏറ്റെടുത്തതും.
ഇന്ത്യയിലെ ഭരണപക്ഷമായ സംഘപരിവാര്‍ ഫാസിസ്റ്റ് മുറകളിലേക്ക് നീങ്ങുന്നുവെന്നും ഹിറ്റ്‌ലറുടെ ‘സ്റ്റോം ട്രൂപ്പര്‍’ കാളികൂളികളെപ്പോലെ തെരുവിലിറങ്ങി നിയമരഹിതതാണ്ഡവം തുടങ്ങിയിരിക്കുന്നുവെന്നും ഉള്ളതിന്റെ തെളിവാണ് ഈ പുസ്തകത്തിനുണ്ടായ ദുരനുഭവം. ഇത്രതന്നെ വിശദവും ഗഹനവുമല്ലെങ്കിലും ഇതുപോലെ പ്രാചീനഭാരതത്തിലെ ഗോവധത്തെയും ഗോമാംസഭക്ഷണശീലത്തെയും കുറിച്ച് പല പുസ്തകങ്ങളും മുന്‍പും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1881-ല്‍ കല്‍ക്കത്തയിലെ ഡബ്ല്യൂ ന്യൂമാന്‍ ആന്‍ഡ് കമ്പനി പ്രസിദ്ധീകരിച്ചതും മഹാപണ്ഡിതനായിരുന്ന രാജാ രാജേന്ദ്രലാല മിത്ര (1822-1891) എഴുതിയതുമായ ഇന്‍ഡോ-ആര്യന്‍സ് എന്ന ഗ്രന്ഥപരമ്പരയിലെ ഒന്നാംസഞ്ചികയിലെ നാലാമധ്യായത്തിന്റെ പേരുതന്നെ ‘ബീഫ് ഇന്‍ എന്‍ഷ്യന്റ് ഇന്‍ഡ്യ’ (മാട്ടിറച്ചി പ്രാചീനഭാരതത്തില്‍) എന്നാണ്. പ്രാചീനഭാരതത്തിലെ ബ്രാഹ്മണരും മഹര്‍ഷിമാരുമെല്ലാം മാട്ടിറച്ചി ഒരു സ്വാദിഷ്ഠഭക്ഷണമായി കരുതിപ്പോന്നുവെന്ന് മിത്ര വേദേതിഹാസങ്ങളും പുരാണങ്ങളും ധര്‍മശാസ്ത്രങ്ങളും ഉദ്ധരിച്ച് ഇതില്‍ സമര്‍ഥിക്കുന്നു. ഹിന്ദുവര്‍ഗീയവാദികള്‍ ഗോമാംസവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 1926-ല്‍ സത്യദീക്ഷയ്ക്ക് പ്രസിദ്ധനായിരുന്ന സ്വാമി ഭൂമാനന്ദമിത്രയുടെ പുസ്തകത്തിലെ നാലാം അധ്യായം ഒരു ലഘുഗ്രന്ഥമായി പ്രസിദ്ധീകരിച്ചു. 1967-ല്‍ കല്‍ക്കത്തയിലെ മനീഷ ഗ്രന്ഥാലയ പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ പുതിയൊരു പതിപ്പുകൂടി പ്രസിദ്ധീകരിച്ചു. ആര്‍ഷഭാരത പഠനങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്ന മോത്തിലാല്‍ ബനാര്‍സി ദാസ് 1979-ല്‍ ദില്ലിയില്‍ നിന്നും പ്രസിദ്ധീകരിച്ച ഡോ. ഡോറിസ് ശ്രീനിവാസന്റെ കണ്‍സെപ്ട് ഓഫ് കൗ ഇന്‍ ദി റിഗ്വേദ(ഋഗ്വേദത്തിലെ പശുവിനെക്കുറിച്ചുള്ള സങ്കല്പനം)യും ഈ ഇനത്തില്‍ പെടുന്നു. ഇതുപോലെ വേറെയും ഗ്രന്ഥങ്ങളുണ്ടാകാം.
ഈ കൃതികള്‍ പ്രസിദ്ധീകരിച്ചപ്പോഴൊന്നും അനുഭവപ്പെടാത്ത ഈ മതഭ്രാന്തന്‍ ഭീഷണി പ്രൊഫ. ഝായുടെ പുസ്തകത്തിനെതിരെ ഉണ്ടായത് അസ്വാസ്ഥ്യജനകമായ ഒരു സംഭവവികാസമാണ്. ഇന്ത്യയുടെ മതനിരപേക്ഷതയും അഭിപ്രായപ്രകടനസ്വാതന്ത്ര്യവും സംഘപരിവാര്‍ വാഴ്ചയ്ക്കുകീഴില്‍ അപകടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിന്റെ മുന്നറിയിപ്പാണിത്. സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം എഴുതിയതിന് സല്‍മാന്‍ റുഷ്ദിയെ വധശിക്ഷയ്ക്കു വിധിച്ച ഇറാനിലെ അയത്തുള്ള ഖൊമേനിയുടെ തേര്‍വാഴ്ചയെയും ലജ്ജ എന്ന പേരില്‍ മതസൗഹാര്‍ദത്തെ പ്രകീര്‍ത്തിച്ച തസ്‌ലീമാ നസ്‌റീന്‍ എഴുതിയ ആഖ്യായികയെ മുന്‍നിര്‍ത്തി ബംഗ്ലാദേശിലെ മതഭ്രാന്തന്മാര്‍ അവരെ നാടുകടത്തിയതിനെയും ഓര്‍മിപ്പിക്കുന്ന ഭീഷണരംഗങ്ങള്‍ ഇന്ത്യയിലും തലപൊക്കിത്തുടങ്ങിയിരിക്കുന്നു. ഈ പോക്ക് തടയാത്തപക്ഷം, വിലപ്പെട്ടതായി ഭാരതം കണക്കാക്കുന്ന എല്ലാ മൂല്യങ്ങളും അസ്തമിച്ചുപോകും.
കടപ്പാട് :
(പി.ജിയുടെ വായനലോകം എന്ന പുസ്തകത്തില്‍ നിന്നും)