ബീഫ്‌ കത്തുന്നു;കശ്മീര്‍ എംഎല്‍എ റഷീദിനു മേല്‍ ഹിന്ദുസേനയുടെ കരിഓയില്‍ പ്രയോഗം

ന്യൂഡല്‍ഹി :പശുവിന്റെ പേരില്‍ ജമ്മു കാശ്‌മീരില്‍ യുവാവ്‌ കൊല്ലപ്പെട്ട സംഭവത്തിന്റെ ചൂടാറുംമുമ്പ്‌ ബീഫ്‌ വിഷയത്തില്‍ ജമ്മു കാശ്‌മീരില്‍നിന്നുള്ള എം.എല്‍.എയ്‌ക്ക് നേരെ ആക്രമണം. ഡല്‍ഹിയില്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സ്വതന്ത്ര എം.എല്‍.എ റാഷിദിന്റെ മുഖത്ത്‌ പ്രതിഷേധക്കാര്‍ മഷിയൊഴിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തി വിവാദത്തിലായിരുന്നു ജമ്മു കശ്മീരിലെ ഈ സ്വതന്ത്ര എംഎല്‍എ. ഹിന്ദുസേന പ്രവര്‍ത്തകരാണ് കരിമഷി ഒഴിച്ചത്. ഗോവധ നിരോധനത്തെ എതിര്‍ക്കുന്നവരെ ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു കരി ഓയില്‍ പ്രയോഗം. അക്രമം നടത്തിയവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ബീഫ് നിരോധനവുമായി ബന്ധപ്പെട്ട വികാരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതില്‍ ജമ്മു കശ്മീരികളെയും ഉള്‍പ്പെടുത്തണം. ജമ്മുവില്‍ ഭൂരിഭാഗവും മുസ്‍ലിംകളാണ്. അതിനാല്‍ തന്നെ അവരുടെ വികാരങ്ങളും കണക്കിലെടുക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പു പറയണം. പ്രധാനമന്ത്രി ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തെ എല്ലാ ജനങ്ങളുടെയും ആണെന്നും എന്‍ജിനീയര്‍ റഷീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനു ശേഷമായിരുന്നു ആക്രമണം.റഷീദിനു മേലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.  ഈ മാസം ആദ്യം ജമ്മു കാശ്‌മീര്‍ അസംബ്ലിയില്‍ ബീഫ്‌ ഫെസ്‌റ്റിവല്‍ നടത്തിയെന്ന്‌ ആരോപിച്ച്‌ റാഷിദിനെ ബി.ജെ.പി എം.എല്‍.എമാര്‍ വളഞ്ഞിട്ട്‌ ക്രൂരമായി മര്‍ദിച്ചിരുന്നു.

Top