പശുക്കളുടെ ആക്രമണത്തില്‍ പുലി ചത്തു

മൃഗങ്ങളുടെ ആക്രമണത്തില്‍ പുലി കൊല്ലപ്പെട്ട വിചിത്രമായ സംഭവമാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ഉബ്രി ബലാപുരില്‍ അരങ്ങേറിയത്. ഇര തേടി പശു സംരക്ഷണ കേന്ദ്രത്തിലെത്തിയ രണ്ട് പുലികളിലൊന്നാണ് പശുക്കളുടെ വളഞ്ഞിട്ടുള്ള ആക്രമത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.  സൗരഭന്‍ റാവുസാഹേബ് ഉംബറാര്‍ എന്ന ഗോസംരക്ഷണ കേന്ദ്രത്തിലേക്കാണ് പുലി ഇര തേടിയെത്തിയത്. ഉംബറാര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് ഈ ഗോശാല പ്രവര്‍ത്തിക്കുന്നത്.

ശനിയാഴ്ച്ച രാത്രി എട്ടരയോടെ ഗോശാലയുടെ പിറകു വശം വഴി പുലി അകത്തേക്ക് പ്രവേശിക്കുകയായിരുന്നുവെന്നാണ് നിഗമനം. പുലിയെ കണ്ട് വിരണ്ട പശുക്കള്‍ അലറി കരഞ്ഞു കൊണ്ട് ഗോശാലയ്ക്കുള്ളിലൂടെ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. ഇതിനിടെ ഗോശാലയിലുണ്ടായിരുന്ന പശുക്കുട്ടിയുടെ മേല്‍ പുലി ചാടി വീണു. ഇതോടെ പ്രകോപിതരായ പശുക്കള്‍ പുലിയുടെ നേരെ തിരിയുകയായിരുന്നു. പശുക്കളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ ഉംബറാര്‍ കുടുംബത്തിലെ അംഗങ്ങള്‍ കണ്ടത് ഗോശാലയിലെ 35ഓളം പശുക്കള്‍ ചേര്‍ന്ന് അകത്ത് കയറിയ പുലിയെ ചവിട്ടി മെതിക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പുലിയോടൊപ്പം വന്ന മറ്റൊരു പുലി ഗോശാലയ്ക്ക് പുറത്ത് ഇതെല്ലാം കണ്ട് വിരണ്ടു നില്‍ക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് ജീവനക്കാര്‍ എത്തുന്‌പോഴേക്കും പുലിയുടെ കഥ കഴിഞ്ഞിരുന്നു. ഒന്നര വയസ്സുള്ള ആണ്‍പുലിയാണ് പശുക്കളുടെ കുത്തും ചവിട്ടും കൊണ്ട് ചത്തത്തെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗോശാലയിലെ കാഴ്ച്ച കണ്ട് വിരണ്ടോടിയ രണ്ടാമത്തെ പുലിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍. വളര്‍ത്തുമൃഗമായും ദൈവത്തെ പോലെയും കണ്ട് പരിചരിച്ചിരുന്ന പശുക്കളുടെ കരുത്ത് കണ്ട് അന്തം വിട്ടിരിക്കുകയാണ് ഉബ്രി ബലാപുര്‍ ഗ്രാമത്തിലെ ജനങ്ങള്‍.

Top