പശു ഞങ്ങളുടെ അമ്മയല്ല, ഹിന്ദുത്വം ഞങ്ങള്‍ക്ക് ഒന്നുമല്ല;ഭക്തനും അഭിമാനിയുമായ ഒരു മലയാളി ഹിന്ദുവിന്റെ പോസ്റ്റ് വൈറലാവുന്നു .മാതൃഭൂമിയുടെ അസോസിയേറ്റ് എഡിറ്ററായ രാമചന്ദ്ര അലൂരി എഴുതിയ കുറിപ്പ്. വാട്‌സാപ്പ് വഴി പ്രചരിച്ചിരുന്ന ഈ കുറിപ്പ് ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സബ്‌രംഗ് ട്രസ്റ്റിന്റെ വാര്‍ത്താ സൈറ്റായ സബ്‌രംഗ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഹി്ന്ദുത്വ വര്‍ഗീയ ശക്തികളോടുള്ള വിയാജനക്കുറിപ്പ് എന്ന നിലയില്‍ ഈ കുറിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.
അഖണ്ഡ ഭാരതത്തിന്റെ മിത്തുകള്‍ക്കും ഉത്തരേന്ത്യയുടെ വിശ്വാസങ്ങള്‍ക്കുമെതിരെയുള്ള മലയാളികളുടെ ചെറുത്തുനില്‍പിനെ എതിര്‍ക്കുന്ന, ഇന്ത്യ ഭരിക്കുന്ന വര്‍ഗീയവാദികള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഞങ്ങള്‍,കേരളത്തിലെ ഹിന്ദുക്കള്‍ പശുക്കളെ അമ്മമാരായി ആരാധിക്കുന്നില്ല. ശിവക്ഷേത്രങ്ങളില്‍ കാളകളുടെ വിഗ്രഹങ്ങള്‍ ആരാധിക്കപ്പെടുന്നുണ്ട് എന്നുകാണാം. ഹരിദ്വാറിനേക്കാളും അയോധ്യയേക്കാളും ഞങ്ങള്‍ക്ക് പ്രധാനം ശബരിമലയും ഗുരുവായൂരുമാണ്. ഓണവും വിഷുവുമാണ് ദീവാലിയോ നവരാത്രിയോ അല്ല ഞങ്ങളുടെ വലിയ ആഘോഷങ്ങള്‍. ഹോളിയോ ഭായ് ദൂജോ കര്‍വാ ചൗതോ രാഖിയോ ഞങ്ങള്‍ ആഘോഷിക്കാറില്ല. ക്രിസ്തുമസും ഈദും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്.
കേരളത്തിലെ കടുത്ത മതവിശ്വാസികള്‍ ചിലര്‍ വെജിറ്റേറിയനുകളാണ്. വിശ്വാസികളല്ലാത്ത മറ്റുചിലരും വെജിറ്റേറിയനുകളാണ്. ഞങ്ങളില്‍ പലരും ബീഫും ചിക്കനും മട്ടനും താറാവും അങ്ങനെ പല തരം മാംസങ്ങളും കഴിക്കുന്നവരാണ്. മീന്‍ പണ്ടുതൊട്ടേ ഞങ്ങളുടെ ഭക്ഷണ ശീലത്തിന്റെ തന്നെ ഭാഗമാണ്. ചില ഉത്തരേന്ത്യക്കാര്‍ ബീഫിനെ ആരാധിക്കുന്നതുകൊണ്ട് ഞങ്ങളും ബീഫ് ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കരുത്.
ഇന്ത്യയില്‍ ഒരിടത്തും പോത്തിറച്ചി നിരോധിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള പ്രതിരോധത്തെ മുറിപ്പെടുത്താന്‍ ഡല്‍ഹിയില്‍ ഗൂഢാലോചന ചെയ്യപ്പെട്ട ഒരു പദ്ധതിയാണിത്. ഞങ്ങളുടെ മാതൃഭാഷ മലയാളമാണ്. അതിനാല്‍ ഞങ്ങള്‍ മലയാളികളാണ്. ഹിന്ദിയോ ഹിന്ദുത്വമോ ഞങ്ങള്‍ക്ക് ഒന്നുമല്ല.
ഇന്ത്യയില്‍ ഇസ്‌ലാം, ക്രിസ്തുമതങ്ങള്‍ വളര്‍ന്നത് സമാധാനപരമായാണ്. ഈ മതക്കാരെല്ലാം തന്നെ നമ്മുടെ ബഹുസ്വര സംസ്‌കാരത്തിന്റെ ഭാഗമാണ്. കേരളത്തില്‍ അടുത്തടുത്തായി ഉയര്‍ന്ന് ചേര്‍ന്നുനില്‍ക്കുന്ന മോസ്‌കുകളും ചര്‍ച്ചുകളും അമ്പലങ്ങളും കാണാം. അവയില്‍ ചിലത് ആയിരം വര്‍ഷത്തോളം പഴക്കമുള്ളതുമാണ്. മുഗളുകളുടെയും മറ്റു കീഴടക്കലുകളുടെ കദനകഥകള്‍ നിങ്ങള്‍ നിങ്ങളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളി 629 എഡിയില്‍ പണികഴിപ്പിച്ച കൊടുങ്ങല്ലൂര്‍ പള്ളിയാണ്.
അറബുകളും ജൂതരും ചൈനക്കാരും പല സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജവംശങ്ങളുമായി ഏകദേശം രണ്ടായിരം വര്‍ഷങ്ങളോളം വ്യാപാര ബന്ധമുണ്ടായിട്ടുണ്ട്. കൊളച്ചല്‍ യുദ്ധത്തില്‍ ഞങ്ങള്‍ ഡച്ചുകാരെ തോല്‍പിച്ചിട്ടുണ്ട്.
തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. സ്വതന്ത്ര്യമായ നാട്ടുരാജ്യങ്ങളായിരുന്നു അവ രണ്ടും. ഇന്ത്യ സ്വാതന്ത്ര്യം നേടും മുമ്പേ തന്നെ തിരുവിതാംകൂറിന് തെരഞ്ഞെടുക്കപ്പെട്ട ജനകീയ മന്ത്രിസഭയുണ്ടായിരുന്നു.
ആര്‍എസ്എസും അതുപോലുള്ള പിന്തിരിപ്പന്‍ ശക്തികളും അറിയണം, ഞങ്ങള്‍ നിങ്ങള്‍ക്കുമുന്നില്‍ തലകുനിക്കില്ല. മതേതര ഫെഡറല്‍ റിപ്പബ്ലിക്കായ ഇന്ത്യന്‍ യൂണിയനിലാണ് ഞങ്ങള്‍ ചേര്‍ന്നത്. ഒരിക്കലും ഒരു ഹിന്ദുരാഷ്ട്രത്തിന്റെ ഭാഗമാകുകയില്ല.