രാജസ്ഥാനിലെ ക്ഷീരകർഷകർക്ക് ഇത് നല്ല കാലമാണ്. പാലിനേക്കാൾ വിലയുണ്ട് അവിടെ ഗോമൂത്രത്തിന്. ചില മരുന്നുകളുടെ ചേരുവയായും മതപരമായ ചടങ്ങുകൾക്കുമെല്ലാം രാജസ്ഥാൻകാർ ഗോമൂത്രം ഉപയോഗിക്കാറുണ്ട്. പശുക്കളുടെ ഇനമനുസരിച്ച് ഗോമൂത്രത്തിന് വിലയും കൂടും. പശുവിന്റെ പാലിന് മാത്രമല്ല മൂത്രത്തിനും പൊന്നുംവില കൊടുക്കേണ്ട കാലമാണിപ്പോൾ. പാലിനേക്കാൾ ഡിമാന്റാണ് രാജസ്ഥാനിൽ ഗോമൂത്രത്തിന്. 15 മുതൽ 30 രൂപ വരെയാണ് ഒരു ലിറ്റർ ഗോമൂത്രത്തിന്റെ വില. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് കാത്തിരുന്നാണ് ക്ഷീരകർഷകർ വിൽപ്പനയ്ക്കുള്ള മൂത്രം ശേഖരിക്കുന്നത്.
പലചരക്ക് കടകളിൽ മറ്റ് പാനിയങ്ങൾക്കൊപ്പം കുപ്പിയിലാക്കിയ ഗോമൂത്രവും രാജസ്ഥാനിൽ ലഭ്യമാണ്. ഗിർ, തർപാർകർ തുടങ്ങി കൂടിയ ഇനത്തിൽപെട്ട പശുക്കളുടെ മൂത്രത്തിന് ഇനിയും വിലകൂടും. ഒരു ലിറ്റർ പാലിന് 22 മുതൽ 25 രൂപവരെയാണ് വില. ഗോമൂത്രം നെഗറ്റീവ് എനർജി ഇല്ലാതാക്കുമെന്നാണ് രാജസ്ഥാൻകാരുടെ വിശ്വാസം . അതുകൊണ്ട് തന്നെ മറ്റു പൂജാവസ്തുക്കൾക്കൊപ്പം ഗോമൂത്രവും നിർബന്ധമാണ്. ഗോമൂത്രത്തിന് ചില ഔഷധഗുണങ്ങളുണ്ടെന്നാണ് വിശ്വാസം. പ്രമേഹം മുതൽ കാൻസർ വരെയുള്ള രോഗത്തിനുള്ള പ്രതിവിധി ഗോമൂത്രത്തിലുണ്ടെന്നാണ് ചിലരുടെ അനുഭവം.
ഗോമൂത്രം ഉപയോഗിച്ചുള്ള ചികിത്സാരീതികൾ രാജസ്ഥാനിലുണ്ട്. കീടനാശിനിക്ക് ബദലായും ഇവിടെ ഗോമൂത്രം ഉപയോഗിച്ച് വരുന്നു. ഗോമൂത്രം വിൽപ്പന തുടങ്ങിയതോടെ വരുമാനത്തിൽ 30 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ജയ്പ്പൂരിൽ നിന്നുള്ള ക്ഷീരകർഷകനായ കൈലാഷ് പറയുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള 5,562 പശു സംരക്ഷണ കേന്ദ്രങ്ങളാണ് രാജസ്ഥാനിലുള്ളത്. 2016ൽ വിവിധ കേന്ദ്രങ്ങളിലായി നോട്ടക്കുറവുകൊണ്ട് അഞ്ഞൂറിലധികം പശുക്കളാണ് ചത്തത്. ഇതേ തുടർന്ന് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ് ശർമ പശുവിനെ ദേശീയ മൃഗമായ പ്രഖ്യാപിക്കണമെന്നവശ്യപ്പെട്ട് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
മൂപ്പത്തി മൂന്ന് കോടി ദൈവങ്ങൾ പശുവിൽ വസിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഗോമൂത്രം ശുദ്ധീകരിക്കുന്നതിനായി ജലോറിൽ ഒരു റിഫൈനറിയും രാജസ്ഥാൻ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. ഏതായാലും ഗോമാതാവിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലും ഉത്തരേന്ത്യയിൽ ഗോമൂത്രക്കച്ചവടം പൊടിപൊടിക്കുകയാണ്.