പത്തനംതിട്ടയില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നു. ജില്ലയിലെ എല്‍ഡിഎഫ് പരിപാടികള്‍ സിപിഐ ബഹിഷ്‌കരിക്കും. കൊടുമണ്ണില്‍ സിപിഐ നേതാക്കളെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ഉഭയകക്ഷിചര്‍ച്ചകളിലെ വ്യവസ്ഥകള്‍ സിപിഎം പാലിക്കുന്നില്ലെന്നാണ് സിപിഐയുടെ ആരോപണം.
ഒരാഴ്ചക്കാലം കൊടുമണ്‍ അങ്ങാടിക്കലില്‍ നീണ്ടു നിന്ന സിപിഐ-സിപിഎം സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ ജില്ലാ നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. കുറ്റക്കാരായ ഡിവൈഎഫ്‌ഐ,
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ച നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതാണ് സിപിഐയെ ചൊടുപ്പിക്കുന്നത്.
ഇനിയും സിപിഎമ്മിന്റെ വാക്ക് വിശ്വസിക്കേണ്ടതില്ലെന്നാണ് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിന്റെ തീരുമാനം. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കണമെന്ന് സിപിഐ ജില്ലാ കമ്മിറ്റിയിലും ചര്‍ച്ച വന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിനോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് സിപിഐ കടുപ്പിക്കുന്നത്. സിപിഎം നേതാക്കള്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളിലും പൊതുസമ്മേളനങ്ങളിലും സിപിഐ ഇനി സഹകരിക്കില്ല.
ജില്ലാ നേതാക്കള്‍ തമ്മിലെ ഉഭയകക്ഷി ചര്‍ച്ചയിലെ ഉറപ്പ് പാലിക്കുന്നത് വരെ മുന്നണി യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കാനും സിപിഐ നേതൃ യോഗം തീരുമാനിച്ചു. എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിനേയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയേയും ജില്ലാ നേതൃത്വം നിലപാട് അറിയിക്കും.
കഴിഞ്ഞ മാസം പതിനാറിന് നടന്ന അങ്ങാടിക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ ചെന്ന് കലാശിച്ചത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നീണ്ടുപോകുന്നത് മുന്നണി ബന്ധത്തെയും വഷളാക്കിയിരുന്നു.